'മോഡല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഗോസ് ടു... അലക്‌സ് കോണ്‍സാനി' കഴിഞ്ഞ ദിവസം നടന്ന ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സില്‍ അവാര്‍ഡിന്‍റെ അവസാനം വേദിയില്‍ നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു. ചരിത്രമായിരുന്നു അത്. കാരണം ഈയൊരു പുരസ്‌കാരത്തിന് അര്‍ഹയാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയാണ് അലക്‌സ് കോണ്‍സാനി.
അലക്‌സിന്‍റെ നേട്ടത്തിനൊപ്പം നിന്ന് കയ്യടിച്ചവരും അവളെ പ്രശംസിച്ചവരും ഏറെ. പ്രതിസന്ധികള്‍ തരണം ചെയ്‌ത് ലോകത്തെ തന്നെ മികച്ച മോഡലുകളില്‍ ഒരാളായ അലക്‌സിനെ വാനോളം പുകഴ്‌ത്തിയവരും നിരവധി. പക്ഷേ ചിലരുടെയെല്ലാം കണ്ണ് മറ്റൊരെയോ അന്വേഷിക്കുകയായിരുന്നു. അവസാന നിമിഷം വരെ വിജയിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ച മറ്റൊരു മോഡലിനെ, അലക്‌സിനെക്കാള്‍ മുന്‍പ് ചരിത്രമായവള്‍, അനോക് യായ്‌യെ.
പ്രസ്‌തുത അവാര്‍ഡിനായി പരിഗണിക്കുന്നവരുടെ പട്ടിക പുറത്തിറങ്ങിയതു മുതല്‍ ഫാഷന്‍ പ്രേമികളും വ്യവാസ പ്രമുഖരും വലിയ വ്യാകുലതയിലായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം അന്നേ അവര്‍ ഉറപ്പിച്ചിരുന്നു എന്നുവേണം കരുതാന്‍. പട്ടികയിലെ ഈ രണ്ടു പേരുകള്‍ തന്നെ ഇതിന് കാരണം. അലക്‌സോ, അനോകോ? എന്ന് ഫാഷന്‍ ലോകം നേരത്തെ തന്നെ ചര്‍ച്ച ചെയ്‌തിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മോഡല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചില്ലെങ്കിലും അനോകിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലടക്കം തെരഞ്ഞത് നിരവധി പേരാണ്. 'അനോക് മയ'ത്തില്‍ അലക്‌സിന്‍റെ വിജയത്തിന്‍റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല താനും. അവാര്‍ഡ് നഷ്‌ടമാതോടെ ഫാഷന്‍ പ്രേമികള്‍ വേദനിച്ച അനോക് യായ് ആരെന്ന് അറിയേണ്ടേ?
അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് റാംപിലേക്ക്...
ദക്ഷിണ സുഡാനിലെ രണ്ടാമത്തെ ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയം. പലായനം ചെയ്‌ത് അനോകിന്‍റെ കുടുംബം ഈജിപ്‌തിലെത്തുന്നു. അങ്ങനെ കെയ്‌റോയിലെ അഭയാര്‍ഥി ക്യാമ്പില്‍ 1997 ഡിസംബര്‍ 20ന് അനോക് യായ് ജനിക്കുകയാണ്.
ബാല്യത്തില്‍ തന്നെ അതിജീവനത്തിന്‍റെ പാഠങ്ങള്‍ അവള്‍ പഠിച്ചുകഴിഞ്ഞിരുന്നു. ഫാഷന്‍ ലോകത്തിന്‍റെ മാസ്‌മരികതയില്‍ മുഴുകുമ്പോഴും അനോക് അഭയാര്‍ഥികളെ ചേര്‍ത്തുപിടിക്കാന്‍ മറന്നില്ല. കുടിയേറ്റക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവസരം കിട്ടുമ്പോഴൊക്കെ അവള്‍ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു.
അനോകിന് നാലുവയസുള്ളപ്പോഴാണ് കുടുംബം അമേരിക്കയിലേക്ക് ചേക്കേറുന്നത്. ആദ്യം ന്യൂയോര്‍ക്ക് സിറ്റിയിലും പിന്നീട് ന്യൂ ഹാംഷെയറിലും താമസമാക്കി. തങ്ങള്‍ ഹാംഷെയറിലേക്ക് താമസം മാറിയതിന്‍റെ കാരണം അനോക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 'ഹാംഷെയറില്‍ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ വീടുനല്‍കി. സഹായം നല്‍കി. ഇതൊന്നും ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എവിടെ എത്തുമായിരുന്നെന്ന് എനിക്കറിയില്ല' -പലപ്പോഴും വികാരധീതമായ വാക്കുകളായിരുന്നു അനോകില്‍ നിന്നും ലോകം കേട്ടത്.
തലവര മാറ്റിയ ആ ഫോട്ടോ...
2017ല്‍ കോളജ് വിദ്യാര്‍ഥി ആയിരിക്കെയാണ് അനോകിന്‍റെ ജീവിതം മാറിമറിയുന്നത്. ഒരു ഫോട്ടോഗ്രാഫര്‍, താനെടുത്ത അനോകിന്‍റെ ചിത്രം അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്‌ക്കുന്നു. ആ രാത്രി ഇരുട്ടി വെളുത്തതോടെ അടുപ്പക്കാര്‍ക്ക് മാത്രം അറിയാവുന്ന അനോക് ചര്‍ച്ചയായി.
അവള്‍ക്കും അവളെ അടുത്തറിയുന്നവര്‍ക്കും നിരവധി സന്ദേശങ്ങളെത്തി. അവയെല്ലാം മുന്‍നിര മോഡലിങ് ഏജന്‍സികളില്‍ നിന്നുമുള്ള സന്ദേശങ്ങളായിരുന്നു. അനോകിന്‍റെ സൗന്ദര്യം മോഡലിങ് ലോകത്തിന്‍റെ കണ്ണിലുടക്കി, അവിടുന്നിങ്ങോട്ട് പഴയതുപോലെ ആയിരുന്നില്ല അവളുടെ ജീവിതം.
അനോകിന്‍റെ അതിമനോഹരമായ എണ്ണക്കറുപ്പായിരുന്നു ഫാഷന്‍ പ്രേമികളുടെ മനംകവര്‍ന്ന പ്രധാന ഘടകം. നവോമി കാംപെല്ലിന് ശേഷം ഫാഷന്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ ബ്ലാക്ക് മോഡലാണ് അനോക്. അമേരിക്കന്‍ വോഗിന്‍റെ കവര്‍ ചിത്രമായി ഒന്നോ രണ്ടോ അല്ല, മൂന്ന് വട്ടമാണ് അനോക് പ്രത്യക്ഷപ്പെട്ടത്. ഈ തലമുറയിലെ മികച്ച മോഡല്‍ എന്ന് Models.com അവളെ കുറിച്ച് പറഞ്ഞു. ഏഴുവര്‍ഷങ്ങള്‍ക്കിപ്പുറവും അനോകിന്‍റെ എണ്ണക്കറുപ്പിന് ഫാന്‍സ് ഏറെയാണ്.
മോഡല്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അലക്‌സ് കോണ്‍സാനി അര്‍ഹയായെന്ന പ്രഖ്യാപനം വന്നതോടെ അനോക് ആരാധകര്‍ കടുത്ത നിരാശയിലായി. വിമര്‍ശനങ്ങളും ചര്‍ച്ചകളും കൊഴുത്തു. സോഷ്യല്‍ മീഡിയയില്‍ അടക്കം സംസാരം നിറഞ്ഞപ്പോള്‍ അനോക് തന്നെ രംഗത്തെത്തി.
'അലക്‌സ്, ഞാന്‍ നിങ്ങളെ ഏറെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷ് ഫാഷന്‍ കൗണ്‍സിലിന് നന്ദി, പക്ഷേ എനിക്ക് ഇനിയത് വേണ്ട.' -അനോക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
'അലക്‌സിന്‍റെ കഠിന പ്രയത്‌നം നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍, ഞാന്‍ അവരെ എത്രമാത്രം ബഹുമാനിക്കുന്നു എന്ന് നിങ്ങള്‍ക്ക് മനസിലാകും. ഒരേ സമയം, അലക്‌സിന് അഭിമാനിക്കാനും എനിക്ക് തളര്‍ന്നുപോകാനും കഴിയുമായിരിക്കും. പക്ഷേ ഇതൊന്നും ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തെ ഇല്ലാതാക്കില്ല' -അനോക് വിവരിച്ചു.
അനോകിന്‍റെ പ്രതികരണം തെറ്റിദ്ധരിച്ചവരും ഉണ്ട്. തന്‍റെ പരാജയം അനോക് കൈകാര്യം ചെയ്യേണ്ടിയിരുന്നത് ഇങ്ങനെ ആയിരുന്നില്ല എന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. അനോകിന്‍റെ പ്രതികരണം അലക്‌സിന്‍റെ വിജയത്തിന്‍റെ മാറ്റ് കുറയ്‌ക്കുമെന്ന് ചിലര്‍. എന്നാല്‍, അനോകിനെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ 'കറുപ്പി'നോടുള്ള വിദ്വേഷ പ്രകടനമാണെന്നാണ് ആരാധകരുടെ വാദം. പ്രത്യേകിച്ച് ഫാഷന്‍ മേഖലയില്‍ ഫെയര്‍ അല്ലാത്തവര്‍ തിളങ്ങുമ്പോഴുള്ള അസഹിഷ്‌ണുതയായും ഇത്തരം പരാമര്‍ശങ്ങളെ കാണാമെന്നും അവര്‍ പറയുന്നു.
അനോകിന് ചിലപ്പോള്‍ നിരാശ തോന്നിയേക്കാം. കഴിഞ്ഞ വര്‍ഷവും അവള്‍ക്ക് അവസാന നിമിഷം കിരീടം നഷ്‌ടമായതാണ്. പക്ഷേ തന്‍റെ 27 വയസിനുള്ളില്‍ ലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയ അവള്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. മണിക്കൂറില്‍ 10 ലക്ഷം പ്രതിഫലം വാങ്ങുന്ന തിരക്കുള്ള മോഡല്‍, ഫാഷന്‍ വ്യവസായത്തില്‍ അനോക് ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. അനോക് യായ് എന്നാല്‍ ഇന്നും ഹൈ-ഫാഷന്‍ മോഡല്‍ എന്നതിന് പര്യായം തന്നെയാണ്. ഫാഷന്‍ ലോകത്തെ ശരീര സൗന്ദര്യ ചിന്തകളെ പാടെ മാറ്റിയെഴുതിയ അവള്‍ക്കും അവളുടെ എണ്ണക്കറുപ്പിനും ഏഴഴകാണ്.
Also Read: പ്രായം 30 കഴിഞ്ഞോ ? എങ്കിൽ സ്‌ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 9 ഭക്ഷണങ്ങൾ ഇതാ