ഏതൊരാളെയും ആകർഷിക്കുന്ന പ്രകൃതിരമണീയത. തലയെടുപ്പോടെ പരന്നുകിടക്കുന്ന മലനിരകൾ. തുള്ളിച്ചാടി ഒഴുകുന്ന അരുവികൾ, അതിമനോഹരമായ തടാകങ്ങൾ. പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ കശ്‍മീരിനെ ഭൂമിലെ സ്വർഗമെന്ന് നിസംശയം വിളിക്കാം. ശൈത്യകാലമായാൽ കണ്ണെത്താ ദൂരത്തോളം മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന മലനിരകളുടെ വിസ്‌മയ കാഴച കാണാൻ സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്തും. ട്രെക്കിങ്ങും സാഹസികതയും ഇഷ്‌ടപ്പെടുന്നവർക്കും അനുയോജ്യമായ ഒരിടം കൂടിയാണ് കശ്‍മീർ. സഞ്ചാരികളുടെ മനം കവരുന്ന കശ്‍മീരിലെ അതിമനോഹരമായ ചില ടെസ്റ്റിനേഷനുകൾ പരിചയപ്പെടാം.
യൂസ്‌മാർഗ്
ശൈത്യകാലത്ത് മഞ്ഞ് മൂടിയിരിക്കുന്ന ഈ താഴ്‌വര കശ്‌മീരിൻ്റെ സ്വിറ്റ്‌സർലൻഡ് എന്നാണ് അറിയപ്പെടുന്നത്. മനോഹരമായ ആൽപൈൻ പുൽമേടുകളുടെ കേന്ദമാണ് ഇവിടം. തണുത്തുറഞ്ഞ നദികൾ, ശാന്തമായ അന്തരീക്ഷം എന്നിവ ശീതകാലത്ത് യൂസർമാർഗിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു.
ഗുരെസ് താഴ്വര
കശ്‍മീരിന്‍റെ ഹൃദയഭാഗത്താണ് ഗുരെസ് താഴ്വര സ്ഥിതി ചെയ്യുന്നത്. സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട ഗുരെസ് താഴ്വര ഭൂമിയിലെ പറുദീസാ എന്നാണ് അറിയപ്പെടുന്നത്. മഞ്ഞുമൂടിയ കൊടുമുടികളും പച്ചപ്പ് നിറഞ്ഞ പുൽമേടുകളും തെളിഞ്ഞ നദികളാലും ചുറ്റപ്പെട്ടു കിടക്കുന്ന താഴ്വര വിസ്‌മയിപ്പിക്കുന്ന കാഴ്‌ചകൾ സമ്മാനിക്കുന്നു. ഇവിടുത്തെ തടി വീടുകളും ആകർഷകമാണ്. പിരമിഡിന്‍റെ ആകൃതിയിലുള്ള ഹബ്ബാ ഖാത്തൂൺ പർവതനിരയുടെ കാഴ്‌ചകളും ഇവിടെ നിന്ന് ആസ്വദിക്കാം.
ലോലാബ് വാലി
മഞ്ഞുമൂടിയ മലനിരകൾ, വളഞ്ഞുപുളഞ്ഞ ഒഴുകുന്ന നദികൾ, മനോഹരമായ പുൽമേടുകൾ എന്നിവ ലോലാബ് വാലിയെ സുന്ദരമാക്കുന്നു. നിബിഡ വനങ്ങളാലും നദികളാലും തടാകങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ലോലാബ് വാലി 1600 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീക്ഷം തേടുന്ന സഞ്ചാരികൾക്ക് അനുയോജ്യമായ ഒരിടമാണ് ഇവിടം.
അഹർബൽ വെള്ളച്ചാട്ടം
കശ്‍മീരിലെ പ്രകൃതിരമണീയമായ മറ്റൊരു ഇടമാണ് അഹർബൽ വെള്ളച്ചാട്ടം. പരുക്കൻ പാറക്കെട്ടിലൂടെ താഴേക്ക് പതിയ്ക്കുന്ന വെള്ളച്ചാട്ടം അതിശയിപ്പിക്കുന്ന കാഴ്‌ച സമ്മാനിക്കുന്നു. പച്ചപ്പ് നിറഞ്ഞ താഴവരകൾ, തടാകങ്ങൾ എന്നിവയും ആസ്വദിക്കാനാകും. കശ്‌മീരിലെ 'നയാഗ്ര' എന്നറിയപ്പെടുന്ന അഹർബൽ വെള്ളച്ചാട്ടം മഞ്ഞുകാലത്ത് തണുത്തുറഞ്ഞ നിലയിലായിരിക്കും. തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് അഹർബൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
ദൂധപത്രി
കശ്‍മീർ താഴവരയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ദൂധപത്രി. ഒരു വശത്ത് വർണശബളമായ പുഷ്‌പങ്ങളും പുൽമേടുകളും മറുവശത്ത് മഞ്ഞുമൂടിയ മലനിരകളും മനോഹരമായ കാഴ്‌ച അനുഭവം സമ്മാനിക്കും. തിരക്കുകളിൽ നിന്നും മാറി ശാന്തമായ ഒരു അവധികാലം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഇടമാണ് ദൂധപത്രി.
Also Read : കാണാതെ പോകരുത് തമിഴ്‌നാട്ടിലെ ഈ ലോകപ്രശസ്‌ത വിനോദസഞ്ചാര കേന്ദ്രങ്ങൾ