കീവ്: യുക്രെയ്‌ൻ ദേശീയ പതാക ദിനത്തില്‍ യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് നന്ദി അറിയിച്ച് പ്രസിഡന്‍റ് വോളോഡിമര്‍ സെലൻസ്‌കി. ദേശീയ പതാക ദിനത്തില്‍ പെൻ്റഗൺ പ്രഖ്യാപിച്ച പുതിയ സൈനിക പാക്കേജിനാണ് സെലന്‍സ്‌കി നന്ദി അറിയിച്ചത്. 125 ദശലക്ഷം യുഎസ് ഡോളറിൻ്റെ സൈനിക സഹായമാണ് യുഎസ് പുതിയതായി പ്രഖ്യാപിച്ചത്.
റഷ്യയുമായുളള യുദ്ധം ആരംഭിച്ചത് മുതല്‍ ബൈഡൻ സര്‍ക്കാര്‍ യുക്രെയ്‌നിന് നല്‍കുന്ന 64ാമത്തെ സൈനിക സഹായമാണിത്. യുക്രെയ്‌നിന്‍റെ അടിയന്തര സൈനിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകമാകുന്നതാണ് പുതിയ പാക്കേജ്. കൌണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (സി-യുഎഎസ്) ഉപകരണങ്ങള്‍, യുദ്ധോപകരണങ്ങള്‍, 155 എംഎം, 105 എംഎം പീരങ്കി വെടിയുണ്ടകൾ, ഹൈ മൊബിലിറ്റി മൾട്ടി പർപ്പസ് വീൽ വെഹിക്കിൾ (എച്ച്എംഎംഡബ്ല്യൂവി) ആംബുലൻസുകൾ എന്നിവയാണ് പാക്കേജിൽ പ്രഖ്യാപിച്ച ചില പ്രധാന ഉപകരണങ്ങൾ.
I spoke with @POTUS Joe Biden and thanked him for his warm congratulations on Ukraine's National Flag Day and the upcoming Independence Day.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) August 23, 2024
The Ukrainian people are grateful to President Biden, his administration, Congress, and the entire American people for their unwavering…
യുദ്ധത്തിന് റഷ്യയെ സഹായിച്ചുവെന്ന് ആരോപിച്ച് റഷ്യയ്‌ക്ക് അകത്തും പുറത്തുമുളള 400 ഓളം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. യുദ്ധത്തിൻ്റെ ആദ്യ നാളുകൾ മുതൽ യുഎസ് നല്‍കിയ സമ്പൂർണ പിന്തുണക്ക് യുക്രെനിയൻ ജനത നന്ദിയുളളവരാണ്. ഞങ്ങളെ സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ ഇത് സഹായകമായി. യുഎസ് ഏര്‍പ്പെടുത്തിയ രണ്ടാം റൗണ്ട് ഉപരോധത്തിനും ഞങ്ങള്‍ നന്ദി അറിയിക്കുന്നു. റഷ്യയ്‌ക്ക് മുകളില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
പുതിയ സൈനിക പാക്കേജിനെ സ്വാഗതം ചെയ്‌ത സെലന്‍സ്‌കി പ്രഖ്യാപിച്ച പാക്കേജുകളിൽ നിന്ന് ആയുധങ്ങൾ അടിയന്തരമായി എത്തിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. 'റഷ്യ യുദ്ധം ആരംഭിച്ചപ്പോൾ യുക്രെയ്‌ന്‍ ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ഇന്നും യുക്രെയ്‌ന്‍ ഒരു സ്വതന്ത്ര രാജ്യമായി തന്നെ നിലനില്‍ക്കുന്നു. യുദ്ധം അവസാനിക്കുമ്പോഴും യുക്രെയ്‌ന്‍ പരമാധികാരമുളള ഒരു സ്വതന്ത്ര രാജ്യമായി തുടരും' എന്ന് ബൈഡൻ പറഞ്ഞു. യുക്രെയ്‌നിലെ ജനങ്ങൾക്ക് അമേരിക്ക നല്‍കുന്ന അചഞ്ചലമായ പിന്തുണ ഉറപ്പിക്കുന്നതിന് വേണ്ടി ഞാൻ ഇന്ന് പ്രസിഡൻ്റ് സെലൻസ്‌കിയുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.