ചില കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാനോ ടെെപ്പ് ചെയ്‌ത് അയക്കാനോ അല്‍പം മടി കാണിക്കുന്നവരാണ് നമ്മളെല്ലാവരും. മനോവികാരങ്ങള്‍ എന്തുമാകട്ടെ, അതൊരു ക്ലിക്കില്‍ മറുതലയ്‌ക്കല്‍ ഉള്ളവരിലേക്ക് എത്തിക്കുന്നതിന് സോഷ്യല്‍ മീഡിയ ആശയവിനിമയത്തില്‍ ഇമോജികളുടെ പങ്ക് വളരെ വലുതാണ്. ഇന്ന് ജൂലെെ 17 ലോക ഇമോജി ദിനം.
ഇമോജിപീഡിയ സ്ഥാപകന്‍ ജെറോമി ബര്‍ജാണ് ഈ ദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചത്. 1990 കളിലാണ് ഇമോജികള്‍ വികസിപ്പിച്ചെടുത്തെങ്കിലും സോഷ്യല്‍ മീഡിയ സജീവമായതോടെ 2010ലാണ് ഇമോജികള്‍ ജനപ്രിയമായത്. വാക്കുകള്‍ സാധ്യമാകാത്തിടത്ത് ഒരു പിണക്കം മാറാനോ പ്രണയം ആരംഭിക്കാനോ ഇമോജികള്‍ തന്നെയാണ് എളുപ്പം.
അകലെയുള്ള പ്രിയപ്പെട്ടവരെ ഒന്ന് കെട്ടിപ്പിടിക്കാനും അവരുടെ സന്തോഷ, സങ്കടങ്ങളില്‍ ഭാഗമാകാനും ഇമോജികളുടെ ഒരൊറ്റ ക്ലിക്ക് മതി. സ്നേഹം, ദേഷ്യം, സന്തോഷം, ചിരി, ഞെട്ടൽ, വെറുപ്പ്, പരിഹാസം തുടങ്ങി സർവ വികാരങ്ങളെയും മനോഹരമായി അവതരിപ്പിക്കാന്‍ ഈ കുഞ്ഞന്‍ ഇമോജികള്‍ക്ക് കഴിയും. ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം, ടെലഗ്രാം, മെസഞ്ചര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ വഴി ആശയവിനിമയം എളുപ്പമാക്കുന്നത് ഇന്ന് ഇമോജികളാണ്.
യൂണികോഡ് കൺസോർഷ്യം എല്ലാ വർഷവും ഇമോജികളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഇമോജികൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, ആൻഡ്രോയിഡ്, ഐഒഎസ് പോലുള്ള മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ അതാത് പ്ലാറ്റ്‌ഫോമുകളിൽ അവതരിപ്പിക്കും. 1995 മുതൽ ആദ്യത്തെ 76 ചിത്രങ്ങൾ രൂപപ്പെടുത്തിയത് മുതലാണ് യൂണികോഡ് കൺസോർഷ്യം ഏകോപിപ്പിച്ചത്.
എന്നാല്‍ പലപ്പോഴും ഇമോജികള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ പലരും ആശയക്കുഴപ്പത്തില്‍ ആകാറുണ്ട്. 😭, 😘, 🍑 എന്നിവയാണ് ഏറ്റവും ആശയക്കുഴപ്പമുണ്ടാക്കുന്ന ആദ്യത്തെ ഇമോജികള്‍. 36 ശതമാനം ഇന്ത്യക്കാരെയും ഇത് ആശയക്കുഴപ്പത്തിലാക്കുന്നു. സന്തോഷം, ചിരി, ദുഃഖം, എന്നിവയെ പ്രതിനിധീകരിക്കുന്ന ഇമോജികളാണ് മിക്ക ആളുകളിലും പ്രിയം.
ഒരു ജാപ്പനീസ് ഫോൺ ഓപ്പറേറ്റർക്കായി ഇന്‍റർഫേസ് ഡിസൈനർ ഷിഗെറ്റക കുരിറ്റ 1999ൽ കണ്ടുപിടിച്ച 176 ലളിതമായ ചിത്രങ്ങളിലൂടെ ഇദ്ദേഹത്തെ ആധുനിക ഇമോജികളുടെ പിതാവായി കണക്കാക്കുന്നു. സംഭാഷണങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ അയയ്ക്കാന്‍ വേണ്ടിയാണ് ഷിഗെറ്റക കുരിറ്റ ഈ രീതി കണ്ടുപിടിച്ചത്. ഇന്നത്തെപ്പോലെ സൗന്ദര്യമുള്ള ഇമോജികളല്ല ആദ്യം ഉണ്ടായിരുന്നത്.
പിന്നീട് ഈ ആശയം ജപ്പാനിൽ ജനപ്രീതി നേടി. 2010 ഓടെ വളർന്നുവരുന്ന പ്രവണതയ്‌ക്കൊപ്പം യൂണികോഡ് 1000 ലധികം ഇമോജികളുടെ ഒരു വമ്പൻ റിലീസ് പുറത്തിറക്കി. ബാക്കിയുള്ളത് ചരിത്രമാണ്.
Also Read: ഇമോജി ഉപയോഗിക്കുന്നത് വികാരങ്ങള്‍ പ്രകടമാക്കാനല്ല, മറച്ചുപിടിക്കാനാണ്; പഠനം പറയുന്നത്