ഹൈദരാബാദ്: ഇന്ന് ലോക വൈദ്യുത വാഹന ദിനം. സുസ്ഥിര ഗതാഗതത്തിന്‍റെ പ്രാധാന്യം തിരിച്ചറിയാനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ വൈദ്യുത വാഹനങ്ങളുടെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയുമാണ് ഈ ദിനാചരണത്തിന്‍റെ ലക്ഷ്യം. സാമൂഹ്യമാധ്യമങ്ങളിലൂടെ വിവിധ പ്രചാരണ പരിപാടികളിലൂടെയും ലൈവ് യോഗങ്ങളിലൂടെയുമെല്ലാം ഈ ദിനം സമുചിതമായി ആഘോഷിക്കുന്നു.
എല്ലാ കൊല്ലവും ദിനാചരണത്തിനായി ഒരു വിഷയം മുന്നോട്ട് വയ്ക്കാറുണ്ട്. ഈ വിഷയത്തില്‍ അവബോധവും വിവരങ്ങളും നല്‍കാനും വൈദ്യുത വാഹനങ്ങളുടെ പ്രാധാന്യത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാകും അത്. 'മാറ്റത്തിനായി നമുക്കൊരുമിച്ച് വാഹനമോടിക്കാം' എന്നതാണ് ഇക്കൊല്ലത്തെ സന്ദേശം.
ലോക വൈദ്യുത വാഹന ദിനം; ചരിത്രം
2020ലാണ് ആദ്യമായി ലോക വൈദ്യുതവാഹന ദിനം ആചരിച്ചത്. പിന്നീടിങ്ങോട്ട് ഈ ദിനാചരണം കൂടുതല്‍ ജനകീയമായി. ഇക്കുറി വൈദ്യുത വാഹന ചരിത്രത്തിലെ നിര്‍ണായകമായ നിമിഷമാണ്. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന പ്രചാരണം അതിന്‍റെ അഞ്ചാം വര്‍ഷത്തേക്ക് കടക്കുകയാണ്.
വൈദ്യുത വാഹനങ്ങള്‍(ഇവി) നിര്‍വചനം
വൈദ്യുത ശക്തി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയാണ് ഇവി എന്ന് വിവക്ഷിക്കുന്നത്. വാഹനത്തിലെ ബാറ്ററിയില്‍ നിന്നുമാണ് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതോര്‍ജ്ജം ഇതിന് ലഭിക്കുന്നത്. ഈ ബാറ്ററി പുറമേ നിന്ന് വീണ്ടും ചാര്‍ജ് ചെയ്യാനും സാധിക്കുന്നു.
വൈദ്യുത വാഹനങ്ങളുടെ പരിണാമം
പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെയാണ് വൈദ്യുതവാഹനങ്ങളുടെ കടന്ന് വരവ്. കണ്ടുപിടിത്തക്കാരും എന്‍ജീനിയര്‍മാരും വാഹനങ്ങള്‍ ഓടിക്കാന്‍ വൈദ്യുതി ഉപയോഗിക്കുന്നതിന്‍റെ സാധ്യതകള്‍ ആരാഞ്ഞതോടെയാണ് ഇവയ്ക്ക് ജീവന്‍ വച്ചത്. 1899ല്‍ നിര്‍മ്മിച്ച ലാ ജമൈയ്‌സ് കൊണ്ടന്‍റെ എന്ന ഫ്രഞ്ച് വൈദ്യുത കാറാണ് ഈ രംഗത്തെ ആദ്യത്തെ ഉദാഹരണം. ആദ്യകാലത്ത് ഇത്തരം നൂതന സങ്കേതങ്ങള്‍ ആവിഷ്ക്കരിക്കപ്പട്ടെങ്കിലും ഇവയ്ക്ക് മുന്നോട്ടുള്ള ഒരു ഗതിവേഗം കിട്ടാന്‍ ഇരുപതാം നൂറ്റാണ്ട് വരെ കാത്തിരിക്കേണ്ടി വന്നു.
ഹൈബ്രിഡ് വാഹനങ്ങളുടെ കടന്ന് വരവ്
90കളുടെ അവസാനത്തോടെയും 2000ത്തിന്‍റെ തുടക്കത്തോടെയുമാണ് ഹൈബ്രിഡ് വാഹനങ്ങള്‍ നമ്മുടെ നിരത്തുകളിലേക്ക് എത്താന്‍ തുടങ്ങിയത്. പരമ്പരാഗത എഞ്ചിനൊപ്പം വൈദ്യുതി ചാര്‍ജിലും പ്രവര്‍ത്തിക്കാനാകുന്ന എഞ്ചിനും കൂടി ഉള്‍പ്പെടുത്തിയവയായിരുന്നു ഇത്. ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാനും പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനും ലക്ഷ്യമിട്ടായിരുന്നു ഇവയുടെ നിര്‍മ്മാണം.
ഇതിലുള്‍പ്പെടുത്തിയിരുന്ന വൈദ്യുത എഞ്ചിന്‍ പുനരുപയോഗിക്കാന്‍ സാധിക്കുന്നതായിരുന്നു. കുറഞ്ഞ വേഗതയില്‍ വൈദ്യുത എഞ്ചിന്‍ മാത്രം ഉപയോഗിച്ച് വാഹനങ്ങള്‍ പ്രവര്‍ത്തിച്ചു. കുറച്ച് ഭാരം മാത്രം കയറ്റുമ്പോഴും വൈദ്യുത എഞ്ചിന്‍ ഉപയോഗിക്കാനായി. ഇതെല്ലാം ഇന്ധന ക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ഹൈബ്രിഡ് വാഹനങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതില്‍ ഒരു മുന്നോട്ടുള്ള കാല്‍വയ്‌പായിരുന്നു. ഇവ അന്തരീക്ഷത്തിലേക്ക് വളരെ കുറച്ച് അപകടകരമായ മാലിന്യങ്ങള്‍ മാത്രമേ പുറന്തള്ളുന്നുള്ളൂ. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് വര്‍ദ്ധിക്കുന്ന പൊതു ആശങ്കയുടെ സാഹചര്യത്തില്‍ ഇവ ഏറെ ജനപ്രിയമായി. ഇതോടെ ഈ രംഗത്ത് കൂടുതല്‍ നിക്ഷേപവും വികസനവും കടന്ന് വന്നു.
ഇവികളും പരമ്പരാഗത എഞ്ചിന്‍ വാഹനങ്ങളും
പരമ്പരാഗത പെട്രോള്‍ ഡീസല്‍ വാഹനങ്ങളെപ്പോലെ ഇവികള്‍ അപകടകരമായ മാലിന്യങ്ങള്‍ കൊണ്ട് പരിസ്ഥിതിയെ മലിനമാക്കുന്നില്ല. എങ്കിലും ഇവികള്‍ നിലവില്‍ അല്‍പ്പം വിലകൂടിയവയാണ്. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതമായി മാത്രമേ ഇവ ലഭ്യമാകുന്നുമുള്ളൂ. ഈ പ്രശ്നങ്ങളെല്ലാം പുതു സാങ്കേതികതകള്‍ എത്തുന്നതോടെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വൈദ്യുത വാഹനങ്ങളുടെ ഗുണങ്ങള്‍
കുറഞ്ഞ പ്രവര്‍ത്തന ചെലവ്
പെട്രോള്‍-ഡീസല്‍ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹങ്ങളുടെ പ്രവര്‍ത്തന ചെലവ് വളരെ കുറവാണ്. ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിനും ഡീസലിനും പകരം ഇവയുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനായി വൈദ്യുതി ഉപയോഗിക്കാനാകും. ഇവ കൂടുതല്‍ കാര്യക്ഷമമാണ്. പെട്രോളും ഡീസലും നിറയ്ക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കുറച്ച് ചെലവ് മാത്രമേ വരുന്നുള്ളൂ.
അറ്റകുറ്റപ്പണികള്‍ക്കുള്ള കുറഞ്ഞ ചെലവ്
വൈദ്യുത വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് കുറഞ്ഞ ചെലവ് മാത്രമേ വരുന്നുള്ളൂ. ഇവയ്ക്ക് വളരെ കുറച്ച് സര്‍വീസിങ് മാത്രമേ വേണ്ടി വരുന്നുമുള്ളൂ. അത് കൊണ്ട് തന്നെ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി വരുന്ന വാര്‍ഷിക ചെലവ് തുലോം തുച്‌ഛമാണ്.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നു
വൈദ്യുത വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ ഇല്ലാതാകുന്നു. വീട്ടില്‍ നിന്നുള്ള വൈദ്യുതി കൊണ്ട് വാഹനം പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ നിങ്ങളുടെ വാഹനം വഴി ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നു.
നികുതിയും സാമ്പത്തിക നേട്ടങ്ങളും
പെട്രോള്‍ ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് രജിസ്ട്രേഷന്‍ റോഡ് നികുതികള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കുറവാണ്. പല സംസ്ഥാനങ്ങളും വൈദ്യുത വാഹന ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പെട്രോളും ഡീസലും നമ്മുടെ ഗ്രഹത്തെ നശിപ്പിക്കുന്നു.
ഇവയുടെ ലഭ്യത പരിമിതപ്പെടുത്തണം. പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളില്‍ നമ്മുടെ ആരോഗ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കുന്നു. പെട്രോള്‍ -ഡീസല്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വൈദ്യുത വാഹനങ്ങള്‍ളുടെ കാര്‍ബണ്‍ പുറന്തള്ളിലൂടെയുള്ള ആഘാതങ്ങള്‍ വളരെ കുറവാണ്.
ഉപഭോക്തൃസൗഹൃദവും ശബ്‌ദരഹിതവും
വൈദ്യുത വാഹനങ്ങള്‍ക്ക് ഗിയറില്ല. അത് കൊണ്ട് തന്നെ ഡ്രൈവ് ചെയ്യാന്‍ ഏറെ സൗകര്യപ്രദവുമാണ്. സങ്കീര്‍ണമായ നിയന്ത്രണ സംവിധാനങ്ങളുമില്ല. ആക്‌സിലറേറ്ററും ബ്രേക്കും സ്റ്റിയറിങ്ങും മാത്രം.
വാഹനങ്ങള്‍ ചാര്‍ജ് ചെയ്യേണ്ടി വരുമ്പോള്‍ വീട്ടിലോ പൊതു സ്ഥലങ്ങളിലോ ഉള്ള ചാര്‍ജറുകള്‍ ഉപയോഗിക്കാം. വൈദ്യുത വാഹനങ്ങള്‍ക്ക് ശബ്‌ദം വളരെ കുറവാണ്. അത് കൊണ്ട് തന്നെ പരമ്പരാഗത വാഹനങ്ങള്‍ സൃഷ്‌ടിക്കുന്ന ശബ്‌ദ മലിനീകരണം ഇവയ്ക്കില്ല.
വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാനാകും
തിരക്കുള്ള ഒരു പെട്രോള്‍ പമ്പില്‍ നിങ്ങള്‍ പെട്ടു പോയാല്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വൈകും. ഇത് മറികടക്കാന്‍ വൈദ്യുത വാഹനങ്ങള്‍ നിങ്ങളെ സഹായിക്കും. വീട്ടില്‍ നാലോ അഞ്ചോ മണിക്കൂര്‍ ഇത് കുത്തിയിട്ടാല്‍ നിങ്ങളുടെ യാത്ര സുഗമമാകും.
ശബ്‌ദമലിനീകരണം ഉണ്ടാക്കുന്നില്ല
വൈദ്യുത വാഹനങ്ങള്‍ക്ക് നിശബ്‌ദമായി പ്രവര്‍ത്തിക്കാനാകുന്നു. എഞ്ചിനില്ലാത്തതിനാലാണ് ഇവയ്ക്ക് ശബ്‌ദമില്ലാത്തത്. വൈദ്യുത വാഹനങ്ങള്‍ നിശബ്‌ദമാണെങ്കിലും കാല്‍നടക്കാരുടെ സുരക്ഷ കണക്കിലെടുത്ത് നിര്‍മ്മാതാക്കള്‍ ഇവയില്‍ വ്യാജ ശബ്‌ദം നല്‍കുന്നുണ്ട്.
ഇന്ത്യയിലെ വൈദ്യുത വാഹനരംഗം
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ വൈദ്യുത വാഹന വിപണിയാണ് ഇന്ത്യ. 2030ഓടെ ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയാണ് ഇരുചക്ര -മുച്ചക്ര വാഹനങ്ങള്‍ നിര്‍മാണ രംഗത്ത് ഒന്നാം സ്ഥാനത്തുള്ളത്.
ബസുകളുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് രാജ്യം. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 7.1ശതമാനവും വാഹന നിര്‍മാണ വ്യവസായത്തില്‍ നിന്നാണ്. ഇന്ത്യയുടെ ഉത്പാദന രംഗത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 49ശതമാനവും വാഹന വ്യവസായരംഗത്ത് നിന്നുമാണ്.
COP26ല്‍ ഇന്ത്യയുടെ കാര്‍ബണ്‍രഹിത പദ്ധതി 2030നെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഊര്‍ജ്ജമേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പകുതിയായി കുറയ്ക്കുക എന്നത് തന്നെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 2030ഓടെ 500 ജിഗാ വാട്ട് സുസ്ഥിര ഊര്‍ജ്ജ ഉത്പാദന ശേഷി വളര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഗ്ലോബല്‍ ഇവി30@30 ആഗോളപ്രചാരണ പരിപാടിയുടെ ഭാഗമായി 2030ഓടെ വൈദ്യുത വാഹനങ്ങളുടെ വിപണനം പുതിയ വാഹനങ്ങളുടെ വില്‍പ്പനയില്‍ മുപ്പത് ശതമാനമെങ്കിലുമാക്കാനാണ് ലക്ഷ്യം.
ഇതിനായി സുസ്ഥിര ഊര്‍ജ്ജശേഷി മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. 2022ലെ കാര്‍ വില്‍പ്പനയില്‍ രാജ്യത്ത് കേവലം 1.3 ശതമാനം മാത്രമായിരുന്നു വൈദ്യുത കാറുകളുടെ എണ്ണം. 38 ലക്ഷം യാത്ര വാഹനങ്ങള്‍ വിറ്റഴിച്ചപ്പോല്‍ കേവം 49,800 വൈദ്യുത വാഹനങ്ങള്‍ മാത്രമാണ് രാജ്യത്ത് വിറ്റ് പോയത്. വാഹന നിര്‍മ്മാതാക്കള്‍ അടുത്ത കാലത്താണ് ഇവി രംഗത്ത് താത്‌പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയത്.
പരമ്പരാഗത വാഹന നിര്‍മ്മാതാക്കള്‍ നിലവില്‍ വൈദ്യുത വാഹനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ്. 2023ല്‍ 200 കോടി അമേരിക്കന്‍ ഡോളറായിരുന്ന ഇന്ത്യന്‍ ഇവി വിപണി 2025ഓടെ 709 കോടി അമേരിക്കന്‍ ഡോളറിലെത്തിക്കാനാണ് ശ്രമം. 2030ഓടെ ആഭ്യന്തര വൈദ്യുത വിപണി പത്ത് ലക്ഷം വാര്‍ഷിക വില്‍പ്പനയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
2030ഓടെ ഇരുചക്ര വാഹനവിപണിയില്‍ 40-45 ശതമാനം ഇവി കയ്യടക്കുമെന്നാണ് ബെയ്‌ന്‍ ആന്‍ഡ് കോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇലക്‌ട്രിക് യാത്ര വാഹന വിപണി പതിനഞ്ച് മുതല്‍ 20ശതമാനം വരെയാകാം. 2030ലേക്ക് എത്തുമ്പോഴേക്കും രാജ്യത്തെ ഇവി രംഗത്ത് ബസുകള്‍ നാല്‍പ്പത് ശതമാനം, സ്വകാര്യ കാറുകള്‍ 30ശതമാനം, വാണിജ്യ വാഹനങ്ങള്‍ 70 ശതമാനം, ഇരുചക്ര വാഹനങ്ങള്‍ 80 ശതമാനം എന്നിങ്ങനെയാകാന്‍ ആണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പറയുന്നു.
Also Read: ഇലക്ട്രി ക്ക് വാഹന വിപണിയില്‍ വന്‍ കുതിച്ചുചാട്ടം; ജൂലൈയിലെ വില്‍പ്പനയില്‍ 95.94% വര്‍ധനവ്