ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചാല്‍ ഏത് രാജ്യങ്ങളായിരിക്കും നമ്മുടെ മനസില്‍ വരിക? അമേരിക്ക? ബ്രിട്ടണ്‍? അല്ലെങ്കില്‍ കാനഡ?. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളോ? ഭൂമിയിലെ ഏറ്റവും സമ്പന്നമായ പല രാജ്യങ്ങളും ഏറ്റവും ചെറിയ രാജ്യങ്ങളാണ് എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ പലര്‍ക്കും ആശ്ചര്യമുണ്ടായേക്കാം.
അതുപോലെതന്നെ നമ്മള്‍ സമ്പന്നമെന്ന് കരുതുന്ന പല രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ പിന്നിലാണ്. ഇന്ത്യയും പട്ടികയില്‍ ഏറെ പിന്നില്‍ തന്നെ. അതേസമയം ഇന്ത്യയേക്കാള്‍ ചെറിയ പല രാജ്യങ്ങളും സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലുണ്ട്.
സാൻ മറിനോ, ലക്‌സംബർഗ്, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളൊക്കെയും വളരെ ചെറുതും എന്നാല്‍ വളരെ സമ്പന്നവുമാണ് എന്നതാണ് വസ്‌തുത. വിദേശ നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്ന സാമ്പത്തിക നയങ്ങളും നികുതി വ്യവസ്ഥകളും ഈ രാജ്യങ്ങള്‍ക്കുണ്ട്. ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളാകട്ടെ ഹൈഡ്രോകാർബണുകളുടെയും മറ്റ് പ്രകൃതി വിഭവങ്ങളുടെയും വലിയ കരുതൽ ശേഖരങ്ങളാല്‍ സമ്പന്നമാണ്.
ഏഷ്യയിലെ ചൂതാട്ട കേന്ദ്രമായ മക്കാവോ, ഏതാണ്ട് മൂന്ന് വർഷം ഇടവിട്ടുള്ള ലോക്ക്ഡൗണുകളും പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങളൊക്കെ നേരിട്ടിട്ടും ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി തുടരുകയാണ്.
എന്നാൽ, ഒരു രാജ്യം 'സമ്പന്നമാണ്' എന്ന് പറയുമ്പോൾ എന്താണ് അർഥമാക്കുന്നത്? ഒരു രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) മറ്റ് രാജ്യവുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ആ രാജ്യം എത്ര സമ്പന്നമാണ് അല്ലെങ്കില്‍ ദരിദ്രമാണ് എന്ന് കണക്ക് കൂട്ടാം. മേല്‍പറഞ്ഞ രാജ്യങ്ങളുടെയെല്ലാം സമ്പദ്‌വ്യവസ്ഥ അവരുടെ ചെറിയ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വലുതാണ് എന്നതാണ് ഈ രാജ്യങ്ങള്‍ സമ്പന്നമാണ് എന്ന് പറയാന്‍ കാരണം.
എങ്കിലും പണപ്പെരുപ്പ നിരക്കും പ്രാദേശിക ചരക്കുകളുടെയും സേവനങ്ങളുടെയും വിലയും കണക്കിലെടുക്കുമ്പോൾ മാത്രമേ ഒരു രാജ്യത്തിന്‍റെ ശരാശരി ജീവിതനിലവാരം സംബന്ധിച്ച കൃത്യമായ ചിത്രം ലഭിക്കൂ. ഈ കണക്കിനെയാണ് പര്‍ച്ചേസിങ് പവര്‍ പാരിറ്റി (PPP) എന്ന് വിളിക്കുന്നത്. വിവിധ രാജ്യങ്ങളുടെ PPP കണക്കാക്കുന്നത് ഡോളറിലാണ്.
ഇന്‍റര്‍നാഷണല്‍ മൊണിറ്ററി ഫണ്ടിന്‍റെ ഡാറ്റ പ്രകാരം ലോകത്തെ ഏറ്റവും ദരിദ്രമായ 10 രാജ്യങ്ങളിൽ, ശരാശരി PPP 1,500-ഡോളറില്‍ താഴെയാണ്. അതേസമയം ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളിൽ ഇത് 110,000-ഡോളറില്‍ അധികവും.
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ ഏതൊക്കെ?
1. ലക്‌സംബര്‍ഗ്
പട്ടികയില്‍ ഒന്നാമത് വരുന്നത് ലക്‌സംബര്‍ഗ് ആണ്. യൂറോപ്പിന്‍റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലക്‌സംബര്‍ഗ് കൊട്ടാരങ്ങളാലും ഗ്രാമപ്രദേശങ്ങളാലും അതിന്‍റെ സാംസ്‌കാരിക സമ്പന്നതകളാലും മനോഹരമാണ്. ഏകദേശം 6,70,000-മാണ് ഇവിടെ ജനസംഖ്യ.
പൗരന്മാർക്കും വിനോദസഞ്ചാരികൾക്കുമായി ധാരാളം വാഗ്‌ദാനങ്ങളും ലക്‌സംബര്‍ഗ് നല്‍കുന്നുണ്ട്. യൂറോപ്യന്‍ മേഖലയിലെ ഏറ്റവും ഉയർന്ന ജീവിത നിലവാരം ആസ്വദിക്കുന്ന ജനങ്ങളാണ് ലക്‌സംബര്‍ഗിലുള്ളത്. പാർപ്പിടം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലയിലെല്ലാം ലക്‌സംബര്‍ഗ് സമ്പത്തിന്‍റെ വലിയൊരു പങ്ക് ഉപയോഗിക്കുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയും കൊവിഡ് മൂലമുണ്ടായ സാമ്പത്തിക ആഘാതവുമൊക്കെ മറികടന്നാണ് ലക്‌സംബര്‍ഗ് ഈ സ്ഥാനത്തെത്തിയിരിക്കുന്നത്.
2020-ല്‍ 0.9 ശതമാനമായിരുന്നു രാജ്യത്തിന്‍റെ സമ്പദ് വളർച്ച. 2021-ൽ ഇത് 7 ശതമാനമായി ഉയര്‍ന്നു. യൂറോപ്യന്‍ മേഖലയിലെസാമ്പത്തിക തകർച്ച മൂലം ലക്‌സംബര്‍ഗിന്‍റെ സമ്പദ്‌വ്യവസ്ഥ 2022-ൽ 1.3 ശതമാനത്തിലേക്ക് താഴ്‌ന്നു. 2023-ൽ 1 ശതമാനമായി ചുരുങ്ങി. ഈ വർഷം 1.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം വളരെ ഉയര്‍ന്നതായതിനാല്‍ ഈ ഏറ്റക്കുറച്ചിലുകള്‍ കാര്യമായി ജനങ്ങളെ ബാധിക്കുന്നില്ല എന്നതാണ് വസ്‌തുത. 2014-ൽ 10,0000 ഡോളറായിരുന്നു രാജ്യത്തിന്‍റെ പ്രതിശീർഷ ജിഡിപി. പിന്നീട് ഇങ്ങോട്ട് രാജ്യത്തിന് ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
2. മക്കാവോ
ഏഷ്യയിലെ ലാസ് വെഗാസ് എന്നറിയപ്പെടുന്ന മക്കാവോയാണ് സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ളത്. മുമ്പ് പോർച്ചുഗീസ് സാമ്രാജ്യത്തിന്‍റെ കോളനിയായിരുന്ന മക്കാവോ ഗെയിമിങ് വ്യവസായത്തിന് പേരുകേട്ട രാജ്യമാണ്. ഏകദേശം 7,00000 ജനസംഖ്യയുള്ള മക്കാവോയില്‍ 30 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 40-ല്‍ അധികം കാസിനോകളുണ്ട്. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടെ ആദ്യ പത്തില്‍ നിന്ന് പോലും പുറത്തായ മക്കാവോ അതി ഗംഭീര കുതിച്ചു ചാട്ടമാണ് നടത്തിയത്.
3. അയർലൻഡ്
ഏകദേശം 5.3 ദശലക്ഷം നിവാസികളുള്ള റിപ്പബ്ലിക് ഓഫ് അയർലൻഡ്, 2008-09 കാലഘട്ടത്തില്‍ ഏറ്റവും കൂടുതൽ സാമ്പത്തിക പ്രതിസന്ധി ബാധിച്ച രാജ്യമായിരുന്നു. പിന്നീട് വരുത്തിയ നിര്‍ണായക നയമാറ്റങ്ങളിലൂടെയാണ് രാജ്യം നഷ്‌ടമായ സാമ്പത്തിക ആരോഗ്യം വീണ്ടെടുത്ത് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് നികുതി സങ്കേതങ്ങളിലൊന്നാണ് അയർലൻഡ്. അതാതയത്, ഒരു ശരാശരി ഐറിഷ് പൗരന് പ്രയോജനപ്പെടുന്നതിനേക്കാൾ നികുതി ഇളവ് രാജ്യത്ത് ഒരു ബഹുരാഷ്‌ട്ര കമ്പനിക്ക് പ്രയോജനം ചെയ്യും. ഇക്കാരണം കൊണ്ടുതന്നെ, 2010-കളുടെ പകുതിയിൽ വലിയ യുഎസ് സ്ഥാപനങ്ങളായ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, മെറ്റാ, ഫൈസർ അടക്കമുള്ളവ നികുതി ഇളവിനായി ആസ്ഥാനം അയർലൻഡിലേക്ക് മാറ്റി.
4. സിംഗപ്പൂർ
സിംഗപ്പൂരിൽ താമസിക്കുന്ന ഏറ്റവും ധനികനായ വ്യക്തി അമേരിക്കക്കാരനാണ്. ഏകദേശം 16 ബില്യൺ ഡോളർ ആസ്‌തിയുള്ള, ഫേസ്‌ബുക്കിന്‍റെ സഹസ്ഥാപകനായ എഡ്വേർഡോ സാവെറിൻ. 2011-ൽ ആണ് സാവെറിന്‍ കമ്പനിയുടെ 53 ദശലക്ഷം ഓഹരികളുമായി യുഎസ് വിട്ട് സിംഗപ്പൂരില്‍ സ്ഥിര താമസക്കാരനായത്. നിരവധി മൂലധന നേട്ടങ്ങളും ലാഭവിഹിതങ്ങളിലെ നികുതി ഇളവുമാണ് മറ്റെല്ലാ ബിസിനസുകാരെയും പോലെ സാവെറിനെയും സിംഗപ്പൂരിലേക്ക് അടുപ്പിച്ചത്.
1965-ൽ സ്വതന്ത്രമായ സിംഗപ്പൂരില്‍ അന്ന് ജനസംഖ്യയുടെ പകുതിയും നിരക്ഷരരായിരുന്നു. സ്വന്തമായി പ്രകൃതിവിഭവങ്ങളൊന്നുമില്ലാതെ, കഠിനാധ്വാനത്തിലൂടെയും സമർഥമായ നയ രൂപീകരണത്തിലൂടെയും മാത്രമാണ് സിംഗപ്പൂര്‍ നമ്മളിന്ന് കാണുന്ന സിംഗപ്പൂരായത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് സൗഹൃദ സ്ഥലങ്ങളിൽ ഒന്നാണ് രാജ്യം. സിംഗപ്പൂരിലെ ജനസംഖ്യയുടെ 98 ശതമാനവും ഇപ്പോൾ സാക്ഷരരാണ്.
5. ഖത്തർ
വളരെ വിപുലമായ എണ്ണ, വാതക, പെട്രോകെമിക്കൽ വസ്‌തുക്കളുടെ കരുതൽ ശേഖരമാണ് ഖത്തറിന്‍റെ കരുത്ത്. ഖത്തറിന്‍റെ ജനസംഖ്യയാകട്ടെ താരതമ്യേന വളരെ കുറവും. 3 ദശലക്ഷമാണ് രാജ്യത്തിന്‍റെ ജനസംഖ്യ. അത്യാധുനിക കെട്ടിട നിര്‍മിതികള്‍ ആഡംബര ഷോപ്പിങ് മാളുകൾ, അതിഗംഭീരമായ ഭക്ഷണ ശാലകളുടെ കേന്ദ്രം എന്നിവയെല്ലാം കൊണ്ടും 20 വർഷമായി ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുകയാണ് ഖത്തര്‍.
യുഎഇ, സ്വിറ്റ്സര്‍ലന്‍ഡ്, സാന്‍ മരീനോ, യുഎസ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. ലോക ഭൂപടത്തില്‍ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ അഞ്ചാമതാണ് സാന്‍ മരീനോ. ഏകദേശം 34,000 പൗരന്‍മാര്‍ മാത്രമാണ് ഈ യൂറോപ്യന്‍ രാജ്യത്തുള്ളത്. അതിനാല്‍തന്നെ കുറഞ്ഞ നികുതി നിരക്കാണ് രാജ്യത്തുള്ളത്.
പട്ടികയില്‍ ഇന്ത്യ എവിടെ? : സമ്പന്ന രാജ്യങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന് കാണാം. 196 രാജ്യങ്ങളുടെ പട്ടികയില്‍ 129-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നമ്മള്‍ പ്രതീക്ഷിക്കാത്ത പല രാജ്യങ്ങളും ഇന്ത്യക്ക് മുകളിലുണ്ട് എന്നതാണ് രസകരമായ വസ്‌തുത.
സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ 61-ാം സ്ഥാനത്താണ് മാലദ്വീപ് ഉള്ളത്. ഇന്ത്യയേക്കാള്‍ ചെറിയ രാജ്യങ്ങളായ മലേഷ്യ, ഭൂട്ടാന്‍, പെറു, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളൊക്കെ ഇന്ത്യയുടെ റാങ്കിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. ആഫ്രിക്കന്‍ രാജ്യമായ നമീബിയ 119-ാം സ്ഥാനത്തും ഗ്വാട്ടിമാല 122-ാം സ്ഥാനത്തും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്‍മാര്‍ ധാരാളമായി ജോലി ചെയ്യുന്ന അറബ് രാജ്യങ്ങള്‍ സമ്പന്ന രാജ്യങ്ങളുടെ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. യൂറോപ്യന്‍ സാമ്പത്തിക സ്ഥിതിയേയും അതുവഴി ആഗോള സമ്പദ് സ്ഥിതിയേയും ബാധിക്കുന്ന ഒന്നാണ് റഷ്യ - യുക്രെയ്‌ന്‍ സംഘര്‍ഷം. ആഗോള സമ്പന്ന രാജ്യങ്ങളില്‍ 60-ാം സ്ഥാനത്താണ് റഷ്യ സ്ഥിതി ചെയ്യുന്നത്. യുക്രെയ്‌നാകട്ടെ 110-ാം സ്ഥാനത്തും. ഇന്ത്യക്ക് തൊട്ടുപിന്നിലായി, 130-ാം സ്ഥാനത്ത് ബംഗ്ലാദേശാണ്. പാകിസ്ഥാന്‍ 141-ാം സ്ഥാനത്തും നേപ്പാള്‍ 150-ാം സ്ഥാനത്തുമായി നിലകൊള്ളുന്നു.