ബെയ്‌റൂട്ട് : വാക്കിടോക്കിയും അതിനോടനുബന്ധിച്ചുള്ള സൗരോര്‍ജ ഉപകരണവും പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. ബെയ്‌റൂട്ടിലും ലെബനനിലെ മറ്റിടങ്ങളിലുമാണ് പൊട്ടിത്തെറിയുണ്ടായത്. 450 പേര്‍ക്ക് പരിക്കുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പേജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളടക്കം 12 പേര്‍ മരിച്ചതിന് പിന്നാലെയാണിത്. പേജര്‍ പൊട്ടിത്തെറിയില്‍ 28000 പേര്‍ക്ക് പരിക്കുണ്ട്.
ഇസ്രയേല്‍ ഹിസ്‌ബുള്ളയെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ധാരാളം നാട്ടുകാരുടെയും ജീവന്‍ ഈ ആക്രമണങ്ങളില്‍ പൊലിയുന്നുണ്ട്. ഏതായാലും ഈ ആക്രമണങ്ങളെല്ലാം ഒരു യുദ്ധത്തിലേക്ക് വഴി തുറക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അതിനിടെ പേജര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയും സ്ഫോടനങ്ങളുണ്ടായി. വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. തിരിച്ചടിക്കുമെന്ന് ഹിസ്‌ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ ഇസ്രയേല്‍ നിഷേധിച്ചിട്ടുമില്ല.
തങ്ങള്‍ യുദ്ധത്തിന്‍റെ പുതിയൊരു ഘട്ടത്തിന്‍റെ തുടക്കത്തിലാണെന്ന് കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധമന്ത്രി യൗവ് ഗല്ലന്ത് സൈന്യത്തെ അഭിസംബോധന ചെയ്യവേ വ്യക്തമാക്കിയിരുന്നു. ഇതിന് ധൈര്യവും സ്ഥൈര്യവും വേണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അതേസമയം സ്ഫോടനങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചതേയില്ല. എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന്‍റെയും സുരക്ഷ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലെബനനിലെ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഈ ആഴ്‌ച യോഗം ചേരാനാണ് തീരുമാനം. ലബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചർച്ച ചെയ്യാൻ ആണ് യോഗം ചേരുന്നതെന്ന് യുഎൻ വ്യക്തമാക്കിയിട്ടുണ്ട്. സാധാരണക്കാർ ഉപയോഗിക്കുന്ന വസ്‌തുക്കൾ യുദ്ധോപകരണം ആക്കരുതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ് പ്രതികരിച്ചു.
വീടുകളിലും കാറുകളിലും കടകളിലും ഹോട്ടലുകളിലും മറ്റും വച്ച് പൊട്ടിത്തെറിക്കുന്ന ഉപകരണങ്ങളില്‍ സമീപത്തുള്ളവര്‍ക്കും ജീവഹാനിയും പരിക്കും ഉണ്ടാകുന്നുണ്ട്. ഹിസ്‌ബുള്ളയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഉപയോഗിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുന്നുണ്ട്.