സോള്‍: പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും. പാശ്ചാത്യരാജ്യങ്ങളുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആക്രമിക്കപ്പെട്ടാൽ പരസ്‌പര സഹായം വാഗ്‌ദാനം ചെയ്യുന്ന പുതിയ കരാറാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. ഇന്നലെ നടന്ന കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
നീണ്ട 24 വർഷങ്ങൾക്ക് ശേഷമാണ് പുടിൻ ഇന്നലെ ഉത്തരകൊറിയ സന്ദർശിക്കാനെത്തിയത്. കരാർ വഴി ഇരു രാജ്യങ്ങളും തമ്മിൽ വാഗ്‌ദാനം ചെയ്യുന്നത് ഏത് തരത്തിലുള്ള സഹായമാണെന്നത് വ്യക്തമല്ല. യുക്രെയിനുമായുള്ള യുദ്ധം നിലനിർത്താൻ റഷ്യക്ക് ആവശ്യമായ സഹായങ്ങൾ ഉത്തര കൊറിയ നൽകിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുടിന്‍റെ ഉത്തര കൊറിയ സന്ദർശനവും പുതിയ കരാറിൽ ഒപ്പുവയ്‌ക്കലും.
ഉത്തര കൊറിയയുമായി സൈനിക-സാങ്കേതിക സഹകരണം വികസിപ്പിക്കുന്നത് റഷ്യ തള്ളിക്കളയില്ലെന്ന് പുടിൻ പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഉടമ്പടി സമാധാനപരവും പ്രതിരോധപരവുമാണെന്ന് കിം പറഞ്ഞതായി റഷ്യൻ ആഭ്യന്തര വാർത്ത ഏജൻസിയായ റിയ നൊവോസ്റ്റി റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു. അതേസമയം ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി ക്രെംലിൻ വെബ്സൈറ്റും റിപ്പോർട്ട് ചെയ്‌തു.