വാഷിങ്‌ടൺ: റഷ്യ-യുക്രെയ്‌ൻ യുദ്ധ വിഷയത്തിൽ ഇന്ത്യയുടെ പങ്കാളിത്തത്തിനും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കും യുഎസ് പിന്തുണ. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഓഫിസർ വേദാന്ത് പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നിലേക്ക് നടത്താനിരിക്കുന്ന യാത്രയെ അഭിസംബോധന ചെയ്യവെയാണ് പട്ടേൽ ഇക്കാര്യം പറഞ്ഞത്.
'നിരവധി ആഗോള വിഷയങ്ങളിൽ യുഎസ് ഇന്ത്യൻ പങ്കാളികളുമായി ബന്ധപ്പെടാറുണ്ട്. തീർച്ചയായും, റഷ്യയും യുക്രെയ്‌നും തമ്മിലുള്ള വിഷയത്തിൽ ഇന്ത്യയുടെ ഇടപെടലിനെ യുഎസ് സ്വാഗതം ചെയ്യും. കാരണം ഇത് ഇരുരാജ്യങ്ങളുടെയും സമഗ്രതയും പരമാധികാരവും സംരക്ഷിച്ചുകൊണ്ട് സമാധാനം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു' പട്ടേൽ പറഞ്ഞു.
ജൂലൈ 8 മുതൽ 9 വരെ റഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയ മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. റഷ്യൻ പ്രസിഡൻ്റുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ യുദ്ധത്തിനിടെ നിരപരാധികളായ കുട്ടികൾ മരിക്കുന്നത് ഹൃദയം ഭേദകമെന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനത്തിൽ യുക്രേനിയൻ പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്‌കി നിരാശ പ്രകടിപ്പിച്ചിരുന്നു.
നരേന്ദ്ര മോദി ഓഗസ്റ്റ് 21 മുതൽ 23 വരെ പോളണ്ടും യുക്രെയ്‌നും സന്ദർശിക്കുമെന്നാണ് വിവരം. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.