ഹൈദരാബാദ്: അമേരിക്കയിൽ നടക്കുന്ന സ്പെല്ലിംഗ് ബീ മത്സരത്തിൽ വിജയ കിരീടമണിഞ്ഞ് തെലങ്കാന സ്വദേശി. ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ ബൃഹത് സോമ (12) വെറും 90 സെക്കൻഡിനുള്ളിൽ 29 വാക്കുകൾ ശരിയാക്കിയാണ് വിജയം കരസ്ഥമാക്കിയത്. തെലങ്കാനയിലെ നൽഗൊണ്ട ജില്ലയാണ് വിദ്യാർഥിയുടെ പിതാവ് ശ്രീനിവാസ് സോമയുടെ സ്വദേശം.
2024-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീയിലൂടെ കപ്പും $50,000 ക്യാഷ് പ്രൈസും നേടിയിരിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർഥിയായ ബൃഹത് സോമ. ഈ വർഷത്തെ സ്പെല്ലിംഗ് ബീ മത്സരത്തിൽ 245 വിദ്യാർഥികൾ പങ്കെടുത്തതിൽ 8 പേർ ഫൈനലിലെത്തി. ഫൈനലില്‍ ബൃഹത് സോമയും മറ്റൊരു മത്സരാര്‍ഥിയായ ഫൈസാൻ ജോക്കിയും തമ്മിൽ ടൈ ആയിരുന്നു.
ഇരുവർക്കും ടൈബ്രേക്കറായി സംഘാടകർ 90 സെക്കൻഡ് അനുവദിച്ചു. ഇതില്‍ ജാക്കി 20 വാക്കുകളും ബൃഹത് 29 വാക്കുകളും കൃത്യമായി പറഞ്ഞു. 2022-ലെ മത്സരത്തിൽ, ഇന്ത്യൻ വംശജയായ ഹരിണി ലോഗൻ 90 സെക്കൻഡിൽ 22 വാക്കുകൾ ഉച്ചരിച്ചു, ഇപ്പോൾ ബ്രിഹത് ആ റെക്കോർഡ് മറികടന്നു.
ഇത് മൂന്നാം തവണയാണ് ബൃഹത് സ്പെല്ലിംഗ് ബീ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 2022ൽ 163-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 74-ാം സ്ഥാനത്തായിരുന്നു. ടൈബ്രേക്കറിൽ ഒപ്പം മത്സരിച്ച ജോക്കിക്ക് സമ്മാനത്തുകയായി ലഭിച്ചത് 25,000 ഡോളറാണ്.
മത്സരത്തിൽ ശ്രേയ് പരീഖ് രണ്ടാം സ്ഥാനവും അനന്യ റാവു പ്രസന്ന മൂന്നാം സ്ഥാനവും നേടി. 1925 മുതൽ അമേരിക്കയിൽ നാഷണൽ സ്പെല്ലിംഗ് ബീ മത്സരങ്ങൾ നടക്കുന്നു. 1999 മുതല്‍, 29 ഇന്ത്യൻ-അമേരിക്കൻ വിദ്യാർഥികളാണ് ചാമ്പ്യന്മാരായത്.
ALSO READ: തിരമാലയിലെ സാഹസം, അവിശ്രമം പോരാട്ടം; മാന്യ റെഡ്ഡി ഇനി രാജ്യാന്തര മത്സരങ്ങളിലേക്ക്