വാഷിങ്‌ടണ്‍ ഡിസി: സിറിയയിലെ വിവിധ സ്ഥലങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ സൈനിക വിഭാഗം. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ISIS) ക്യാമ്പുകള്‍ ലക്ഷ്യം വച്ചാണ് സിറിയിയിലെ വിവിധയിടങ്ങളില്‍ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രല്‍ കമാൻഡ് ഫോഴ്‌സ് അറിയിച്ചു.
'സിറിയയിലെ നിരവധി ഐഎസ്‌ഐഎസ് ക്യാമ്പുകൾക്കെതിരെ യുഎസ് സെൻട്രൽ കമാൻഡ് ഫോഴ്‌സ് നിരവധി വ്യോമാക്രമണങ്ങൾ നടത്തി'- യുഎസ് സെൻട്രൽ കമാൻഡ് (സെന്‍റ്‌കോം) പങ്കുവച്ച എക്‌സ് പോസ്‌റ്റില്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യസുരക്ഷയുടെ ഭാഗമായാണ് സിറിയയിലേക്ക് ആക്രമണം നടത്തിയതെന്നും അമേരിക്കൻ സൈനിക വിഭാഗം വ്യക്തമാക്കി.
U.S. Central Command conducts airstrikes against multiple ISIS camps in Syria. pic.twitter.com/i8Nqn1K97p
— U.S. Central Command (@CENTCOM) October 12, 2024
അമേരിക്കയ്‌ക്കെതിരെയുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ വേണ്ടി നിര്‍മിച്ച ഐഎസ്‌ഐഎസ് ക്യാമ്പുകള്‍ക്കെതിരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും അമേരിക്കയ്‌ക്കെതിരെയോ അതിന്‍റെ സഖ്യകക്ഷികള്‍ക്കെതിരെയോ ഉള്ള ഭീകരാക്രമണം തടയുന്നതിന്‍റെ ഭാഗമായാണിതെന്നും അമേരിക്കൻ സൈനിക വിഭാഗം അവകാശപ്പെട്ടു.
'യുണൈറ്റഡ് സ്‌റ്റേറ്റ്‌സിനും അതിന്‍റെ സഖ്യകക്ഷികൾക്കും സാധാരണക്കാര്‍ക്കും എതിരായി ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കുവാനും ഉപയോഗിക്കുന്ന ഐഎസ്‌ഐഎസിന്‍റെ കാമ്പ്യുകള്‍ ലക്ഷ്യം വച്ച് ഞങ്ങള്‍ വ്യോമാക്രമണ പരമ്പര നടത്തി.' അമേരിക്കൻ സൈനിക വിഭാഗം പങ്കുവച്ച പോസ്‌റ്റില്‍ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
37 ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെ കൊലപ്പെടുത്തിയെന്ന് അമേരിക്ക:
സിറിയയിലെ സാധാരണക്കാരെ തങ്ങള്‍ ലക്ഷ്യം വയ്‌ക്കില്ലെന്നും തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം, സെപ്‌റ്റംബർ 29 ന് യുഎസ് സിറിയയിൽ നടത്തിയ വ്യോമാക്രമണത്തില്‍ ഐസ്‌ഐസിന്‍റെ ഉന്നത നേതാക്കൾ ഉൾപ്പെടെ 37 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഐസ്‌ഐസിലെയും അൽ ഖ്വയ്‌ദ ബന്ധമുള്ള ഹുറാസ് അൽ-ദിനിന്‍റെയും തീവ്രവാദ സംഘടനകളിലെ ഉന്നത നേതാക്കളായ തീവ്രവാദികളെയാണ് കൊലപ്പെടുത്തിയതെന്ന് അമേരിക്കൻ സൈനിക വിഭാഗം അറിയിച്ചു.