കീവ്: യുക്രേനിയന്‍ തലസ്ഥാനത്ത് റഷ്യൻ വ്യോമാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് മുൻകരുതൽ എന്ന നിലയിൽ ബുധനാഴ്‌ച അടച്ചിടുമെന്ന് കീവിലെ യുഎസ് എംബസി അറിയിച്ചു. സുരക്ഷിതമായ സ്ഥലത്ത് അഭയം പ്രാപിക്കണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ യുഎസ് എംബസി വ്യക്തമാക്കി. കൂടാതെ എയര്‍ അലേര്‍ട്ട് ഉണ്ടായാല്‍ യുഎസ് പൗരന്മാര്‍ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും എംബസി നിര്‍ദേശമുണ്ട്.
റഷ്യൻ വ്യോമാക്രമണങ്ങൾ യുക്രെയ്‌നില്‍ ഒരു സാധാരണ സംഭവമാണെന്നിരിക്കെ യുഎസ് എംബസിയുടെ ഈ മുന്നറിയിപ്പ് അസാധാരണമാണെന്നാണ് വിലയിരുത്തല്‍. എന്നാൽ ബ്രയാൻസ്‌ക് മേഖലയിലെ ആയുധ സംഭരണശാലയിൽ യുക്രെയ്‌ന്‍ നടത്തിയ ആക്രമണത്തിൽ യുഎസ് നിർമ്മിത ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി മോസ്കോ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റഷ്യയ്‌ക്ക് എതിരെ തങ്ങളുടെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാന്‍ നേരത്തെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ യുക്രെയ്‌ന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് നിര്‍മ്മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്‌ന്‍ റഷ്യയ്‌ക്ക് എതിരെ തൊടുത്തത്.
അതേസമയം തങ്ങളുടെ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്ളിലേക്ക് ആക്രമിക്കുന്നതിനായി യുക്രെയ്‌നെ പാശ്ചാത്യ രാജ്യങ്ങള്‍ അനുവദിച്ചാല്‍ അവര്‍ തങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുന്നതായി കണക്കാക്കുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞിരുന്നു.
ALSO READ: ട്രംപിന്‍റെ രണ്ടാം വരവ്; താക്കോല്‍ സ്ഥാനങ്ങളില്‍ കളങ്കിതര്‍
"പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ ആയുധം ഉപയോഗിച്ച്, യുക്രെയ്നെ റഷ്യയുടെ ഉള്ളിൽ ആക്രമിക്കാൻ അനുവദിക്കുകയാണെങ്കിൽ നാറ്റോ രാജ്യങ്ങളും യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യയുമായി യുദ്ധത്തിലാണെന്ന് അർത്ഥമാക്കും. അങ്ങനെയെങ്കില്‍, സംഘട്ടനത്തിൻ്റെ സത്തയിലെ മാറ്റം മനസിൽ വച്ചുകൊണ്ട്, ഞങ്ങൾക്ക് നേരെ ഉയരുന്ന ഭീഷണികളെ അടിസ്ഥാനമാക്കി ഉചിതമായ തീരുമാനങ്ങൾ എടുക്കും"- എന്നായിരുന്നു കഴിഞ്ഞ സെപ്‌റ്റംബറില്‍ പുടിൻ പ്രതികരിച്ചത്.
അതേസമയം യുക്രെയ്‌ന് നേരെയുള്ള വ്യോമാക്രമണം റഷ്യ അടുത്തിടെ വർധിപ്പിച്ചിട്ടുണ്ട്. താപനില കുറയുന്ന സാഹചര്യത്തില്‍ യുക്രെയ്‌ന്‍റെ അടിസ്ഥാന ഊര്‍ജ ശ്രോതസുകളെ ലക്ഷ്യം വച്ച് കൂടുതല്‍ ഡ്രോൺ, മിസൈൽ ആക്രമണങ്ങള്‍ റഷ്യ നടത്തിയിരുന്നു.