വാഷിംഗ്‌ടൺ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് അമേരിക്കൻ വ്യോമസേനാംഗം ഇസ്രായേൽ എംബസിക്ക് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ചു. ടെക്‌സാസിലെ സാൻ അന്‍റോണിയോയിൽ നിന്നുള്ള 25 കാരനായ എയർമാൻ ആരോൺ ബുഷ്‌നെൽ ആണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ(25-02-2024)ഉച്ചയ്ക്ക് 1 മണിയോടെ എംബസിയിലെത്തിയ ബുഷ്‌നെൽ, വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ തത്സമയ ദൃശ്യം പകര്‍ത്തിക്കൊണ്ടാണ് ആത്മഹത്യ ചെയ്‌തത്.
'ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്‌സിലെ ഡ്യൂട്ടി അംഗമാണ്. ഞാൻ ഇനി ഈ വംശഹത്യയിൽ പങ്കാളിയാകില്ല.ഞാന്‍ ഏറ്റവും കടുത്ത ഒരു പ്രതിഷേധത്തിൽ ഏർപ്പെടാൻ പോവുകയാണ്. എന്നാൽ പലസ്‌തീനിലെ ജനങ്ങള്‍ അനുഭവിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ എന്‍റെ പ്രവൃത്തി ഒട്ടും കടന്നതല്ല.' ആരോൺ ബുഷ്‌നെൽ വീഡിയോയിൽ പറയുന്നു.
തുടർന്ന് ഫോൺ താഴെ വെച്ച് എംബസി ഗേറ്റിന് സമീപം ചെന്ന് സ്വയം തീകൊളുത്തി.തീ പടരുമ്പോഴും 'പലസ്‌തീനെ സ്വതന്ത്രമാക്കൂ' എന്ന് ആവർത്തിച്ച് ആരോൺ വിളിച്ചു പറയുന്നത് വിഡിയോയില്‍ കേൾക്കാം. സമീപമുണ്ടായിരുന്ന സുരക്ഷാ ഗാർഡുമാരിൽ ഒരാൾ ആരോണിന്‍റെ നേരെ ഒരു തോക്ക് ചൂണ്ടി നിലത്തു കിടക്കാന്‍ പറയുന്നതും വീഡിയോയിലുണ്ട്. ഉടൻ തന്നെ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും തീകെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദേഹത്ത് സ്വയം തീകൊളുത്തി പ്രതിഷേധിച്ച ആരോണ്‍ മരണത്തിന് കീഴടങ്ങി എന്ന് വ്യോമസേന ഇന്ന് (26-02-2024) പ്രസ്‌താവനയിൽ അറിയിച്ചു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 30,000 ത്തോളം പേര്‍ കൊല്ലപ്പെട്ട ഗാസയിലെ ഇസ്രയേൽ നരഹത്യക്കെതിരെ ആരോൺ നടത്തിയ തീവ്ര പ്രതിഷേധം വ്യാപകമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുകയാണ്. ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണം വംശഹത്യയാണെന്ന വിമർശനം വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാല്‍ ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നത് എന്നാണ് ഇസ്രയേലിന്‍റെ വാദം. ഡിസംബറിൽ അറ്റ്ലാന്‍റയിലെ ഇസ്രായേൽ കോൺസുലേറ്റിന് പുറത്തും ഒരാൾ സ്വയം തീകൊളുത്തിയതായി അറ്റ്ലാന്‍റയിലെ അഗ്നിശമന സേനാ അധികൃതർ പറഞ്ഞു. സംഭവ സ്ഥലത്ത് ഒരു പലസ്‌തീൻ പതാകയും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.