ന്യൂഡല്‍ഹി : ഐക്യരാഷ്‌ട്ര രക്ഷാസമിതി പരിഷ്‌കരണങ്ങള്‍ക്കുള്ള ഇന്ത്യന്‍ ശ്രമങ്ങളെ അഭിനന്ദിച്ച് ഐക്യരാഷ്‌ട്ര സഭ പ്രസിഡന്‍റ് ഡെന്നിസ് ഫ്രാന്‍സിസ് രംഗത്ത്. അതേസമയം ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു(UN General Assembly President).
ജി4 രാഷ്‌ട്രങ്ങള്‍ക്കൊപ്പം ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം രണ്ട് വര്‍ഷത്തിനകം സാക്ഷാത്കരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ പൊതുസഭയുടെ 78ാമത് സമ്മേളനത്തിന്‍റെ അധ്യക്ഷനായ ഡെന്നിസ് ഫ്രാന്‍സിസ് വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ എക്‌സ്‌ക്ലുസീവ് അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത് (UN security council reforms).
ഫ്രാന്‍സിസ് നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിട്ടുണ്ട്. 22ന് എത്തിയ അദ്ദേഹം 26ന് മടങ്ങും. ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ത്യയുമായി നടത്തുമെന്നും ഫ്രാന്‍സിസ് അറിയിച്ചു. രാഷ്‌ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍, സാധാരണക്കാര്‍, തുടങ്ങിയവരുമായി അദ്ദേഹം സംവദിക്കും. സുസ്ഥിരത, ബഹുരാഷ്‌ട്രബന്ധങ്ങള്‍, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരിപാടികളിലും സംബന്ധിക്കും(Dennis Francis).
രക്ഷാസമിതിയുടെ പരിഷ്‌കാരങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ പലരും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പരിഷ്‌കരണത്തിനായി രാഷ്‌ട്രീയ ഇച്ഛാശക്തി അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര സഹകരണത്തിനുള്ള വിശ്വാസം പുനഃസൃഷ്ടിക്കുകയാണ് ആദ്യമുണ്ടാകേണ്ടത്. ഐക്യരാഷ്ട്രസഭയെ ആധുനീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കഴിഞ്ഞ പൊതുചര്‍ച്ചയില്‍ മിക്ക അംഗരാജ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ സ്ഥിരാംഗത്വം അര്‍ഹിക്കുന്നുണ്ട്. സുസ്ഥിരവും സുരക്ഷിതവും സമത്വമുള്ളതുമായ ഒരു പുതിയ ലോകത്തെ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പോലൊരു രാജ്യത്തിന് നിര്‍ണായക പങ്കുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ ഇന്ത്യ നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
രാജ്യാന്തര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യസംഘത്തില്‍ ഇന്ത്യയില്‍ നിന്ന് രണ്ടരലക്ഷം പേരാണ് ഉള്ളത്. ദൗത്യത്തിലേക്ക് ഏറ്റവും കൂടുതല്‍ സേനയെ സംഭാവന ചെയ്യുന്ന രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
54 രാജ്യങ്ങളിലായി ഐക്യരാഷ്ട്രസഭ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ 76 എണ്ണത്തില്‍ ഇന്ത്യയുടെ പങ്കാളിത്തമുണ്ട്. ഇത് ചെറിയ കാര്യമല്ല. രാജ്യത്തിന്‍റെ ലിംഗസമത്വ നിലപാടിന്‍റെ ഭാഗമായി ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സേനയും വനിത പൊലീസ് സേനയെ ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘത്തില്‍ ഉള്‍പ്പെടുത്തുന്ന ആദ്യരാജ്യവുമായി ഇന്ത്യ മാറി. സഭയുടെ ലൈബീരിയയിലെ ദൗത്യത്തിലേക്കാണ് ഇന്ത്യ വനിതാ പൊലീസ് സംഘത്തെ അയച്ചിട്ടുള്ളത്. ഇന്ത്യന്‍ സേന ലോകത്തെല്ലായിടവും ഉന്നത നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.