കീവ് : റഷ്യന്‍ അതിർത്തിയായ റോസ്‌തോവ് മേഖലയിലേക്ക് യുക്രൈന്‍ 50-ല്‍ അധികം ഡ്രോണാക്രമണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്‌ക്ക് എതിരെ യുക്രൈന്‍ നടത്തുന്ന ഏറ്റവും കനത്ത വ്യോമാക്രമണങ്ങളിലൊന്നാണ് ഇതെന്ന് മോസ്കോ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റഷ്യന്‍ മണ്ണിൽ കീവ് സൈന്യം ആക്രമണം ശക്തമാക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മൊറോസോവ്‌സ്‌കി ജില്ലയിൽ വെച്ച് നാല്‍പത്തി നാലോളം ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഡ്രോണാക്രമണത്തില്‍ ഒരു പവർ സബ് സ്‌റ്റേഷന് കേടുപാടുകൾ സംഭവിച്ചതായി റോസ്‌റ്റോവ് ഗവർണർ വാസിലി ഗോലുബേവ് വ്യക്തമാക്കി. മൊറോസോവ്സ്‌ക് പട്ടണത്തിന് സമീപം റഷ്യന്‍ സൈനിക എയർഫീൽഡ് ഉണ്ടായിരുന്നുവെന്നും എന്നാൽ ആക്രമണ ലക്ഷ്യം ഇതായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
റഷ്യയുടെ അതിർത്തി പ്രദേശങ്ങളായ കുർസ്‌ക്, ബെൽഗൊറോഡ്, ക്രാസ്നോദർ, അടുത്തുള്ള സരടോവ് മേഖല എന്നിവിടങ്ങളില്‍ വെച്ച് ഒമ്പത് ഡ്രോണുകൾ കൂടി തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിയൻ ഉദ്യോഗസ്ഥർ ഇത്തരം ആക്രമണങ്ങളെ കുറിച്ച് അപൂർവമായി മാത്രമേ പ്രതികരിക്കാറുള്ളൂ എന്നത് കൊണ്ട് സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, റഷ്യ യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഇരു വിഭാഗങ്ങളും ഡ്രോൺ ആക്രമണങ്ങള്‍ പലപ്പോഴായി നടത്തിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇരു പക്ഷവും ചെലവ് കുറഞ്ഞ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. യുക്രൈനിലെ നഗര പ്രദേശങ്ങളിൽ ബോംബാക്രമണം നടത്താൻ ഇറാന്‍ രൂപകല്‌പന ചെയ്‌ത ഷഹീദ് ഡ്രോണുകൾ ക്രെംലിൻ സൈന്യം ധാരാളമായി ഉപയോഗിച്ചിരുന്നു.
റഷ്യയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ പവർ പ്ലാന്‍റുകൾ, ഓയിൽ റിഫൈനറികൾ എന്നിവയ്ക്ക് നേരെയും യുക്രൈന്‍ പതിവായി ഡ്രോൺ ആക്രമണം നടത്തുന്നതായി റഷ്യൻ അധികൃതർ മുമ്പേ തന്നെ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ മാസം യുക്രൈന്‍ 35 ഡ്രോണാക്രമണം നടത്തിയതായി റഷ്യ പറഞ്ഞു. റഷ്യന്‍ പ്രദേശത്ത് വളരെ ആഴത്തിൽ തന്നെ യുക്രൈന്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും റഷ്യ പറയുന്നു.
കഴിഞ്ഞ ആഴ്‌ച, യുക്രൈനിന്‍റെ ഊർജ കേന്ദ്രങ്ങള്‍ക്കെതിരെ മോസ്‌കോ കനത്ത ആക്രമണം നടത്തിയിരുന്നു. 99 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമിച്ചത്. മിസൈലുകള്‍ യുക്രൈനിലുടനീളം പതിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്.