ലണ്ടൻ: തീവ്രവാദ കുറ്റം ചുമത്തി റഷ്യയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു. കോൺസ്‌റ്റാന്‍റിൻ ഗാബോവ്, സെർജി കരേലിൻ എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. അന്തരിച്ച റഷ്യൻ പ്രതിപക്ഷ രാഷ്‌ട്രീയക്കാരനായ അലക്‌സി നവാൽനി സ്ഥാപിച്ച ഗ്രൂപ്പിന് വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ചാണ് ഭരണകൂടത്തിന്‍റെ നടപടി.
റഷ്യൻ അധികാരികൾ നിയമവിരുദ്ധമാക്കിയ നവൽനിയുടെ ഫൗണ്ടേഷൻ ഫോർ ഫൈറ്റിങ് കറപ്ഷൻ നടത്തുന്ന ഒരു യൂട്യൂബ് ചാനലിനായി സാമഗ്രികൾ ഗാബോവും കരേലിനും തയ്യാറാക്കിയതായി ആരോപിക്കപ്പെടുന്നു. അറസ്‌റ്റിലായ കോൺസ്‌റ്റാന്‍റിൻ ഗാബോവ് റോയിട്ടേഴ്‌സ് ഉൾപ്പെടെ ഒന്നിലധികം ഓർഗനൈസേഷനുകളിൽ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്.
41 കാരനായ സെർജി കരേലിൻ അസോസിയേറ്റഡ് പ്രസ് ഉൾപ്പെടെ നിരവധി ഔട്ട്‌ലെറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ ഇരുവരും നിഷേധിച്ചിട്ടുണ്ട്. അതേസമയം, കേസിന്‍റെ അന്വേഷണവും വിചാരണയും കഴിയും വരെ ഇരുവരും കസ്‌റ്റഡിയിൽ തുടരാനാണ് കോടതി നല്‍കിയ നിര്‍ദേശം. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇരുവര്‍ക്കും രണ്ട് മുതല്‍ ആറ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി അറിയിച്ചു.
സൈന്യത്തെ കുറിച്ച് തെറ്റായ വിവരങ്ങളോ അല്ലെങ്കില്‍ അല്ലെങ്കിൽ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും നടത്തുന്നത് കുറ്റകരമാക്കുന്ന നിയമങ്ങൾ റഷ്യൻ ഗവൺമെന്‍റ് പാസാക്കിയിട്ടുണ്ട്. യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള ഏതെങ്കിലും വിമർശനത്തെയോ ഔദ്യോഗിക വിവരണത്തിൽ നിന്ന് വ്യതിചലിക്കുന്ന പ്രസംഗത്തെയോ പിന്തുണയ്‌ക്കുകയോ ചെയ്യുന്നത് ഇത്തരത്തിൽ നിയമവിരുദ്ധമാക്കുന്നു.
റഷ്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് ഫോർബ്‌സ് മാസികയുടെ റഷ്യൻ പതിപ്പിലെ മാധ്യമപ്രവർത്തകനായ സെർജി മിംഗാസോവിനെ മുൻപ് കസ്‌റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു.