വാഷിങ്ടണ്‍: താന്‍ അധികാരത്തിലെത്തിയാല്‍ നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകുമെന്ന പ്രഖ്യാപനവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വിദേശവസ്‌തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്ന കുറ്റപ്പെടുത്തലും ട്രംപിന്‍റെ ഭാഗത്ത് നിന്നുണ്ടായി.
അമേരിക്കയെ അസാധാരണമാം വിധം സമ്പന്നമാക്കും വിധമുള്ള നികുതി പരിഷ്‌കാരമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. പൊതുവെ നമ്മള്‍ അങ്ങനെ നികുതി ഈടാക്കാറില്ല. താനാണ് ആ പരിപാടി തുടങ്ങിയത്. അത് മികച്ച ഒരു നയമായിരുന്നു. ശരിക്കും ആരില്‍ നിന്നും നികുതി ഈടാക്കാന്‍ അമേരിക്കയ്ക്ക് താത്പര്യമില്ല. ചൈന അമേരിക്കയ്ക്ക് മേല്‍ 200ശതമാനം നികുതി ചുമത്തുന്നു. ബ്രസീലും വലിയ നികുതിക്കാരാണ്.
എങ്കിലും ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നും ട്രംപ് ഡെട്രോയ്‌റ്റില്‍ നടന്ന ഒരു വന്‍ സാമ്പത്തിക നയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നമുക്ക് ഇന്ത്യയുമായി വലിയ ബന്ധമുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി. അതുപയോഗിക്കും. മോദി വലിയ നേതാവാണ്. മഹാനായ മനുഷ്യനാണ്. അദ്ദേഹം ചെയ്യുന്നത് വളരെ നല്ല പ്രവര്‍ത്തനങ്ങളാണ്. പക്ഷേ നമുക്ക് വലിയ നികുതി ഏര്‍പ്പെടുത്തുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പലതരത്തിലും അവര്‍ ചൈനയെക്കാള്‍ കൂടിയ നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ അവരിത് ഒരു പുഞ്ചിരയോടെ നടപ്പാക്കുന്നു. അതേസമയം ഇന്ത്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് നന്ദി പറയുന്നു.
ഹാര്‍ലി ഡേവിസണ്‍ കൂടിക്കാഴ്‌ച ഓര്‍ത്തെടുത്ത് ട്രംപ്
ഹാര്‍ലി ഡേവിസണ്‍ വൈറ്റ് ഹൗസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നിരുന്നു. താന്‍ അധികാരത്തിലേറി രണ്ടാമത്തെയോ മൂന്നാമത്തെയോ വര്‍ഷം.
താന്‍ അവരുമായി കൂടിക്കാഴ്‌ച നടത്തി. അവര്‍ വിസ്‌കോസിനിലാണ് പ്രവര്‍ത്തിച്ചിരുന്നത്. വ്യവസായമൊക്കെ എങ്ങനെ പോകുന്നുവെന്ന് താന്‍ ആരാഞ്ഞു. നല്ല നിലയിലെന്നായിരുന്നു മറുപടി. ഏതൊക്കെ രാജ്യങ്ങളാണ് മോശമെന്ന് താന്‍ ചോദിച്ചു. ഇന്ത്യയാണെന്നായിരുന്നു അവരുടെ മറുപടി. മറ്റ് ചില രാജ്യങ്ങളുടെ പേരും പറഞ്ഞു.
എന്ത് കൊണ്ടാണ് അങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ചൂണ്ടിക്കാട്ടിയ കാര്യം നികുതിയായിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. 150 ശതമാനം നികുതി അവര്‍ ഏര്‍പ്പെടുത്തുന്നുവെന്നും ഹാര്‍ലി ഡേവിസണ്‍ ചൂണ്ടിക്കാട്ടിയെന്ന് ട്രംപ് ഡെട്രോയ്‌റ്റിലെ ഇക്കണോമിക് ക്ലബ് അംഗങ്ങളോട് പറഞ്ഞു.
നിങ്ങള്‍ ധാരാളം മോട്ടോര്‍ സൈക്കിളുകള്‍ വിറ്റഴിക്കുന്നു. ജനങ്ങള്‍ക്ക് ഹാര്‍ലി വേണമെന്നാണ് നിങ്ങള്‍ കരുതുന്നതെന്നും അവരോട് താന്‍ പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇന്ത്യയില്‍ കുറച്ച് മാത്രമേ ഹാര്‍ലിയുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നുള്ളൂവെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ സാന്നിധ്യം അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
നിങ്ങള്‍ അവിടെ പോയി ഒരു പ്ലാന്‍റ് തുടങ്ങിയാല്‍ അവര്‍ നമുക്ക് മേല്‍ യാതൊരു നികുതിയും ഏര്‍പ്പെടുത്തില്ല. അങ്ങനെയാകുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കും. അങ്ങനെ അവര്‍ ഇന്ത്യയില്‍ പ്ലാന്‍റ് തുടങ്ങി. അവരുടെ വ്യവസായം ഇന്ത്യയില്‍ നന്നായി പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റ് രാജ്യങ്ങളിലും ഇവര്‍ ഇതേ നടപടി കൈക്കൊള്ളാന്‍ തുടങ്ങി. വിവിധരാജ്യങ്ങളില്‍ അവര്‍ വലിയ പ്ലാന്‍റുകള്‍ തുടങ്ങി. ഇവര്‍ ഉടന്‍ തന്നെ മില്‍വൗക്കിയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ഇല്ലാതാകും.
മോദി പിതാവിനെ പോലെ
നേരത്തെ പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയ്ക്ക് മേല്‍ നികുതിയുടെ കാര്യം പറഞ്ഞ് നിശിത വിമര്‍ശനം ട്രംപ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മോദി നല്ല ഒരു മനുഷ്യനാണെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യന്‍ നേതാവ് തന്‍റെ സുഹൃത്താണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
മോദിക്ക് മുമ്പ് ഓരോ വര്‍ഷവും അവിടെ പുതിയ പുതിയ നേതാക്കള്‍ വരുമായിരുന്നു. അവിടുത്തെ ഭരണം തികച്ചും അസ്ഥിരമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ വരവോടെ ഇതെല്ലാം ഇല്ലാതായി. അദ്ദേഹം തന്‍റെ സുഹൃത്താണ്. എന്നാല്‍ പിതൃതുല്യനായാണ് താന്‍ കരുതുന്നത്.
2019ലെ മോദിയുടെ ഹൂസ്റ്റണ്‍ സന്ദര്‍ശനവും ട്രംപ് ഓര്‍ത്തെടുത്തു. ഹൗഡി മോദി പരിപാടിയില്‍ പങ്കെടുത്ത കാര്യവും ട്രംപ് പറഞ്ഞു. അത് വളരെ മനോഹരമായിരുന്നു. 80,000 പേര്‍ അവിടെ തടിച്ച് കൂടി. ഞങ്ങള്‍ അവിടെയെല്ലാം ചുറ്റി നടന്നു. മോദിയുമായുള്ള നല്ല ബന്ധത്തിന്‍റെ ഓര്‍മ്മകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി അയവിറക്കി.
രണ്ട് അവസരങ്ങളില്‍ ഇന്ത്യയ്ക്ക് ഭീഷണിയുണ്ടായി. താന്‍ സഹായവാഗ്ദാനവുമായി ചെന്നു. എന്നാല്‍ താന്‍ നോക്കിക്കോളാമെന്നായിരുന്നു മോദിയുടെ മറുപടി. നൂറ് കണക്കിന് വര്‍ഷങ്ങളായി അവരെ തങ്ങള്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.
Also Read: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: അഭിപ്രായ സര്‍വേകളില്‍ കമല മുന്നില്‍; ട്രംപ് വിയർക്കുന്നു