ന്യൂയോര്‍ക്ക് : അധികാരത്തിലെത്തിയാല്‍ തന്‍റെ 'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ തീവ്രത വര്‍ധിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. പ്രതിരോധ മേഖലയില്‍ കൈ അയഞ്ഞുള്ള സഹായം അമേരിക്ക മതിയാക്കുമെന്നും ട്രംപ് വ്യക്തമാക്കി. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളുടെ നിര്‍മാണാവകാശം മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്‌തത് യുഎസ് പ്രതിരോധത്തിന് അപകടമാണെന്ന് ട്രംപ് പറഞ്ഞു.
'ഞങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾ 100 ശതമാനവും പരിപാലിക്കാൻ കഴിയുന്ന ഒരു വ്യാവസായിക അടിത്തറയാണ് ഞങ്ങൾക്ക് വേണ്ടത്. നിങ്ങൾക്ക് ഇതിനെ എന്ത് വേണമെങ്കിലും വിളിക്കാം. ചിലർ ഇത് സാമ്പത്തിക ദേശീയതയാണെന്ന് പറഞ്ഞേക്കാം. ഞാൻ അതിനെ സാമാന്യബുദ്ധി എന്നാണ് വിളിക്കുക. ഞാൻ അതിനെ 'അമേരിക്ക ഫസ്‌റ്റ് എന്നും വിളിക്കുന്നു'.- ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബിൽ ബിസിനസ് നേതാക്കളുടെ സദസില്‍ ട്രംപ് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ടാല്‍ വീണ്ടും ഉയർന്ന താരിഫ് നയം നടപ്പാക്കാനും പ്രതിരോധ ഉത്പാദനം തിരികെ കൊണ്ടുവരാനുമാണ് ട്രംപിന്‍റെ ശ്രമം. ഇത് ഇന്ത്യയ്ക്ക് തിരിച്ചടി ആയേക്കാവുന്ന ഒന്നാണ്. വിശേഷിച്ചും, ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന സഹകരണ പ്രതിരോധ ഉത്പാദനത്തെ ഇത് ബാധിക്കും.
യുഎസിൽ 100 ശതമാനം പ്രതിരോധ നിർമ്മാണ നയം അവതരിപ്പിച്ചാല്‍, 80 ശതമാനം വരെ സാങ്കേതിക കൈമാറ്റം വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ എഫ്-414 ജെറ്റ് എഞ്ചിനുകളുടെ സഹ-നിർമ്മാണ പദ്ധതിയെ ബാധിച്ചേക്കാം. മറ്റ് സംയുക്ത നിർമ്മാണ പദ്ധതികള്‍ക്കും ഇത് തടസമാകും. അതേസമയം, നയം നടപ്പിലാക്കുന്നതിന് നിരവധി തടസങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍.
താരിഫുകള്‍ ഉയര്‍ത്തിയാല്‍, ഇന്ത്യയിൽ തുടക്കമിട്ടുവരുന്ന ആപ്പിൾ ഫോണുകളുടെ നിർമ്മാണം പോലെയുള്ള സാങ്കേതിക സഹകരണത്തെയും ബാധിക്കും. അതേസമയം ഇന്ത്യയെക്കുറിച്ചോ സോഫ്റ്റ്‌വെയർ, ബാക്ക് ഓഫിസ് ജോലികളെക്കുറിച്ചോ ട്രംപ് പേരെടുത്ത് പരാമർശിച്ചില്ല.
വൈറ്റ് ഹൗസില്‍ തിരിച്ചെത്തുകയാണെങ്കില്‍ താന്‍ നടപ്പിലാക്കാന്‍ പോകുന്ന സാമ്പത്തിക നയങ്ങളെക്കുറിച്ച് ട്രംപ് വിശദീകരിച്ചു. മുഴുവൻ ഫെഡറൽ ഗവൺമെന്‍റിയും ഫിനാൻഷ്യൽ പെർഫോമൻസ് ഓഡിറ്റ് നടത്തുന്നതിന് ഇലോൺ മസ്‌കിന്‍റെ നേതൃത്വത്തില്‍ കമ്മിഷനെ കൊണ്ടുവരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതുവഴി ട്രില്യൺ കണക്കിന് സമ്പത്ത് ലാഭിക്കുന്നതിന് കടുത്ത പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുമെന്നും ട്രംപ് പറഞ്ഞു. യുഎസിനെ നിർമ്മാണ സൂപ്പർ പവർ ആക്കുമെന്നും ക്രിപ്‌റ്റോയുടെയും ബിറ്റ്‌കോയിന്‍റെയും ലോക തലസ്ഥാനമാക്കി മാറ്റുമെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു.