പാരിസ്: ടെലഗ്രാം സ്ഥാപകൻ പവേൽ ദുരോവ് അറസ്റ്റില്‍. ഫ്രാൻസിലെ വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. ടെലഗ്രാമുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസർബൈജാനിൽ നിന്നുള്ള വിമാനത്തിൽ ബർഗെറ്റ് എയർപോർട്ടിൽ എത്തിയ പവേലിനെ ഫ്രാൻസിലെ ആന്‍റി ഫ്രോഡ് ഓഫിസിലെ ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. 900 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള ടെലഗ്രാമിലൂടെ നടക്കുന്ന മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ദുരേവ് പരാജയപ്പെട്ടുവെന്നതാണ് അറസ്റ്റിനുള്ള കാരണം. 39കാരനായ ദുരോവിനെതിരെ ഇക്കാര്യത്തില്‍ നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതാണ്.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം ഫ്രാൻസിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ടെലഗ്രാം സ്ഥാപകൻ കൂടുതല്‍ യാത്രകളൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. റഷ്യയില്‍ ജനിച്ച പവേല്‍ ദുരോവ് നിലവില്‍ ദുബായിലാണ് താമസിക്കുന്നത്.
റഷ്യൻ സോഷ്യല്‍ മീഡിയ സര്‍വീസായ വികെയുടെ (VKontakte) സഹസ്ഥാപകൻ കൂടിയാണ് ദുരോവ്. ഉപയോക്താക്കളുടെ ഡാറ്റ റഷ്യൻ സുരക്ഷ സേവനങ്ങളുമായി പങ്കിടാൻ വിസമ്മതിച്ചതിനെ തുടർന്ന് 2014-ൽ അദ്ദേഹം റഷ്യ വിടുകയായിരുന്നു.