തായ്‌വാൻ: തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ മരണം ഏഴായി. കാൽ നൂറ്റാണ്ടിനിടെ തായ്‌വാന്‍ കണ്ട ഏറ്റവും ശക്തമായ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. ഇന്ന് (03-04-2024) രാവിലെ 8 മണിയേടെയാണ് തലസ്ഥാനമായ തായ്‌പേയില്‍ ഭൂചലനമുണ്ടായത്. റിക്‌ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 736 പേർക്ക് പരിക്കേൽക്കുകയും 77 പേർ ഒറ്റപ്പെടുകയും ചെയ്‌തിട്ടുണ്ടെന്നാണ് സർക്കാർ അറിയിക്കുന്നത്.
ഭൂകമ്പത്തെ തുടര്‍ന്ന് 24 ഇടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. 35 റോഡുകൾക്കും പാലങ്ങൾക്കും തുരങ്കങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ടാരോക്കോ നാഷണൽ പാർക്കിൽ പാറയിടിഞ്ഞ് വീണ് മൂന്ന് കാൽനട യാത്രക്കാരും പാറക്കല്ലുകൾ വാഹനത്തിലിടിച്ച് ഒരു വാൻ ഡ്രൈവറും കൊല്ലപ്പെട്ടതായി പ്രാദേശിക ചാനലുകള്‍ റിപ്പോർട്ട് ചെയ്‌തു.
റിക്‌ടർ സ്‌കെയിലിൽ 4 തീവ്രത വരുന്ന, താരതമ്യേന നേരിയ ഭൂചലനമാണ് പ്രതീക്ഷിച്ചിരുന്നതെന്നും അതിനാൽ മുന്നറിയിപ്പുകൾ നല്‍കിയില്ലെന്നുമാണ് തായ്‌വാന്‍ അധികൃതർ അറിയിച്ചത്. 'ഭൂകമ്പങ്ങൾ സാധാരണ സംഭവമാണ്. ഞാൻ അവയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞതാണ്. എന്നാൽ ഇന്നാദ്യമായാണ് ഒരു ഭൂകമ്പം കണ്ട് ഞാൻ ഭയന്ന് കരയുന്നത്.'- തായ്‌പേയിയിലെ ഒരു ബഹുനില അപ്പാർട്ട്‌മെന്‍റിൽ താമസിക്കുന്ന സിയാൻ-ഹ്‌സ്യൂൻ കെങ് പറഞ്ഞു.
അയൽക്കാരും രക്ഷാപ്രവർത്തകരും ചേര്‍ന്ന് പിഞ്ചുകുഞ്ഞ് ഉൾപ്പെടെ, കുടുങ്ങി കിടക്കുന്നവരെ ജനലിലൂടെ പുറത്ത് എടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹുവാലിയൻ കൗണ്ടിയിലെ ഒരു അഞ്ച് നില കെട്ടിടം 45 ഡിഗ്രി ചരിഞ്ഞ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ് നിർമ്മിച്ച ദേശീയ നിയമ നിർമാണസഭ, തായ്‌പേയിയുടെ തെക്ക് ഭാഗത്തുള്ള തായുവാനിലെ വിമാനത്താവളം എന്നിവയ്ക്കും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഭൂകമ്പത്തെ തുടർന്ന് കിഴക്കൻ തീരത്ത് ഗതാഗതം പൂര്‍ണമായി സ്‌തംഭിച്ചു. തായ്‌പേയിയിലെ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവെച്ചു. ആപ്പിൾ പോലുള്ള കമ്പനികൾക്ക് സെമി കണ്ടക്‌റ്റേഴ്‌സ് വിതരണം ചെയ്യുന്ന തായ്‌വാനീസ് ചിപ്പ് മേക്കർ ടിഎസ്എംസി കെട്ടിടത്തില്‍ നിന്ന് ജോലിക്കാരെ ഒഴിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.
ഭൂകമ്പം ഉണ്ടായി 15 മിനിറ്റിന് ശേഷം യോനാഗുനി ദ്വീപിന്‍റെ തീരത്ത് 30 സെന്‍റിമീറ്റർ ഉയരത്തില്‍ തിരമാല കണ്ടെത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇഷിഗാക്കി, മിയാക്കോ ദ്വീപുകളിലും ചെറിയ തോതില്‍ തിരമാലകൾ ഉയര്‍ന്നിരുന്നു.
ഭൂകമ്പത്തില്‍ ഉണ്ടായ സാമ്പത്തിക നഷ്‌ടം ഇതുവരെ കണക്കാക്കിയിട്ടില്ല. വൈദ്യുതി വിതരണം ഭാഗികമായി അടച്ചുപൂട്ടിയത് വിതരണത്തിലെ തടസങ്ങൾക്കും സാമ്പത്തിക നഷ്‌ടത്തിനും ഇടയാക്കിയേക്കാം എന്നാണ് കണക്ക് കൂട്ടല്‍. ഭൂകമ്പങ്ങളോട് വളരെ സെൻസിറ്റീവ് ആയ ലോകത്തിലെ അത്യാധുനിക കമ്പ്യൂട്ടർ ചിപ്പുകളുടെയും മറ്റ് ഹൈ-ടെക്നോളജി സംവിധാനങ്ങളുെടയും മുൻനിര നിർമ്മാതാവാണ് തായ്‌വാൻ. ഉച്ചയോടെ തായ്‌പേയിലെ സ്ഥിതിഗതികള്‍ സാധാരണ ഗതിയിലായി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള ഷാങ്ഹായിലും നിരവധി പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ചൈനയും തായ്‌വാനും ഏകദേശം 160 കിലോമീറ്റർ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ചൈനയും പ്രദേശത്ത് യാതൊരു മുന്നറിയിപ്പും നൽകിയിരുന്നില്ല. ഇന്ന് ഉച്ചയോടെ മേഖലയിലെ എല്ലാ അലേർട്ടുകളും പിൻവലിച്ചിട്ടുണ്ട്.
തായ്‌വാനിലെ ഭൂകമ്പത്തിനായുള്ള തയ്യാറെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഒന്നാണ് എന്ന് ഭൂകമ്പ ശാസ്‌ത്രജ്ഞനും മിസോറി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറുമായ സ്റ്റീഫൻ ഗാവോ പറഞ്ഞു. കർശനമായ കെട്ടിട കോഡുകളും ലോകോത്തര നിലവാരമുള്ള ഭൂകമ്പ ശാസ്‌ത്ര പഠനവും ഭൂകമ്പ സുരക്ഷയെ കുറിച്ചുള്ള വ്യാപകമായ അവബോധ പ്രചാരണങ്ങളും ഇതില്‍ ഉൾപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2018-ലാണ് ഇതിന് മുമ്പ് തായ്‌വാനില്‍ ഭൂചലനമുണ്ടാകുന്നത്. ഹുവാലിയനിലെ ചരിത്ര പ്രസിദ്ധമായ ഒരു ഹോട്ടലും മറ്റ് കെട്ടിടങ്ങളും അന്നത്തെ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. തായ്‌വാനില്‍ ഏറ്റവും വലിയ ഭൂകമ്പം ഉണ്ടാകുന്നത് 1999 സെപ്റ്റംബർ 21-ന് ആണ്. റിക്‌ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അന്ന് 2,400 പേരുടെ ജീവനാണെടുത്തത്. ഏകദേശം ഒരു ലക്ഷം പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾ നശിക്കുകയും ചെയ്‌തു.
ലോകത്തിലെ ഭൂരിഭാഗം ഭൂകമ്പങ്ങളും സംഭവിക്കുന്ന, പസഫിക് സമുദ്രത്തെ വലയം ചെയ്യുന്ന രേഖയായ പസഫിക് 'റിംഗ് ഓഫ് ഫയറി'നോട് ചേർന്നാണ് തായ്‌വാൻ സ്ഥിതി ചെയ്യുന്നത്.
Also Read : അതിര്‍ത്തിയില്‍ ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും; നിരീക്ഷണം ശക്തമാക്കി തായ്‌വാൻ