തായ്‌പേയ് (തായ്‌വാന്‍) : തയ്‌വാന്‍ അതിര്‍ത്തിയില്‍ വീണ്ടും റോന്തുചുറ്റി ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും. 19 വിമാനങ്ങളും ആറ് സൈനിക കപ്പലുകളും തായ്‌വാന്‍ കണ്ടെത്തി. തായ്‌വാന്‍ ഇന്ത്യയില്‍ മൂന്നാമത്തെ ഓഫിസ് തുറന്നതുമായി ബന്ധപ്പെട്ട് ചൈന ഇന്ത്യയോട് പ്രതിഷേധം അറിയിക്കുകയും സംഭവത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരണം വ്യക്തമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന വീണ്ടും കടുപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചൈനയുടെ 19 സൈനിക വിമാനങ്ങളില്‍ 15 എണ്ണം തായ്‌വാന്‍ കടലിടുക്ക് താണ്ടി തങ്ങളുടെ വടക്കന്‍, മധ്യ, തെക്കുപടിഞ്ഞാറന്‍ വ്യോമാതിര്‍ത്തി കടന്നതായി ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് നടപടി നിരീക്ഷിക്കുന്നതിനായി തായ്‌വാന്‍ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും അയച്ചിട്ടുണ്ട്. പ്രതിരോധനത്തിനായി മിസൈലുകളും സജ്ജമാക്കിയിട്ടുണ്ട്.
'19 ചൈനീസ് വിമാനങ്ങളും ആറ് കപ്പലുകളും തായ്‌വാന് ചുറ്റും വിന്യസിച്ചതായി ഇന്ന് രാവിലെ ആറുമണിക്ക് കണ്ടെത്തി. 15 വിമാനങ്ങള്‍ മീഡിയന്‍ ലൈന്‍ കടന്ന് തായ്‌വാന്‍റെ വടക്കന്‍, മധ്യ, തെക്കുപടിഞ്ഞാറന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഉടന്‍ പ്രതികരിച്ചിട്ടുണ്ട്' -തായ്‌വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം എക്‌സില്‍ കുറിച്ചു.
തായ്‌വാനും ചൈനയും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന്‍റെ ഭാഗമാണ് നിലവിലെ സംഭവമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് തായ്‌വാന്‍ ഇന്ത്യയില്‍ മൂന്നാമത്തെ ഓഫിസായ തായ്‌പേയ് ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ മുംബൈയില്‍ തുറന്നത്. പിന്നാലെ ഇന്ത്യയോട് നയതന്ത്രപരമായ പ്രതിഷേധം അറിയിച്ച് ചൈന രംഗത്തുവന്നിരുന്നു.
ലോകത്ത് ചൈന ഒന്നേ ഉള്ളൂവെന്നും തായ്‌വാന്‍ ചൈനയുടെ അവിഭാജ്യ ഘടകമാണ് എന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് വ്യക്തമാക്കുകയുണ്ടായി. ചൈനയുമായി നയതന്ത്രബന്ധം പുലർത്തുന്ന രാജ്യങ്ങള്‍ തായ്‌വാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതും അവരോട് ആശയവിനമിയം നടത്തുന്നതും ചൈന ശക്തമായി എതിർക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് തായ്‌വാന്‍ അതിര്‍ത്തിയില്‍ ചൈന ഇടപെടല്‍ വീണ്ടും ശക്തമാക്കിയത്.
Also Read: 'ചൈന ഒന്നേയുള്ളൂ, തായ്‌വാൻ പ്രശ്‌നത്തില്‍ ഇടപെടരുത്'; ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞ് ചൈന