സിഡ്‌നി: പള്ളിയില്‍ കുര്‍ബാനയ്‌ക്കിടെ കത്തിയാക്രമണം. പുരോഹിതൻ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് പരിക്ക്. ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയുടെ പ്രാന്തപ്രദേശമായ വാക്‌ലിയില്‍ നടന്ന സംഭവത്തില്‍ പ്രതിയായ 15കാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തിങ്കളാഴ്‌ച (ഏപ്രിൽ 15) രാത്രിയിലാണ് പ്രാര്‍ഥനയ്‌ക്കിടെ പള്ളിയില്‍ കൗമാരക്കാരന്‍റെ ആക്രമണമുണ്ടായത്. അൾത്താരയിൽ നിൽക്കുന്ന ബിഷപ്പ് മാർ മാരി ഇമ്മാനുവലിനെ കറുത്ത ജമ്പർ ധരിച്ച ഒരാൾ വന്ന് നെഞ്ചിൽ കുത്തുന്ന വീഡിയോ പള്ളിയുടെ സോഷ്യൽ മീഡിയ പേജിലെ ലൈവ് സ്ട്രീമിൽ നിന്നും പുറത്തുവന്നിരുന്നു. പുരോഹിതന്‍റെ തലയിലും നെഞ്ചിലും പലതവണ കുത്തുമ്പോൾ പരിഭ്രാന്തരായ സഭാംഗങ്ങൾ നിലവിളിക്കുന്നതായി വീഡിയോയിൽ കാണിക്കുന്നുണ്ട്.
അക്രമിയുടെ കുത്തേറ്റ് ബിഷപ്പ് നിലത്ത് വീണുവെന്നും തുടര്‍ന്ന് പള്ളിയില്‍ ഉണ്ടായിരുന്നവരെത്തിയാണ് അക്രമിയെ പിടിച്ചുമാറ്റിയതെന്നുമാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അൾത്താരയിലെ ആരാധനയുടെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതിനിടെയാണ് അക്രമം നടന്നത്.
അസീറിയൻ ഓർത്തഡോക്‌സ് വിശ്വാസത്തിന്‍റെ തീവ്ര യാഥാസ്ഥിതിക വിഭാഗത്തിലെ നേതൃത്വത്തിനും ക്രിസ്‌ത്യൻ ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിലെ പങ്കാളിത്തത്തിനും പേരുകേട്ട വ്യക്തിയാണ് ആക്രണത്തിന് ഇരയായ മാർ മാരി ഇമ്മാനുവൽ. അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളും എൽജിബിടിക്യു വിരുദ്ധ നിലപാടുകളും രാജ്യത്ത് ഏറെ ജനശ്രദ്ധ നേടിയവയാണ്.
അതേസമയം, സംഭവത്തില്‍ പിടിയിലായ 15കാരൻ അന്വേഷണങ്ങളുമായി സഹകരിക്കുന്നുണ്ടെന്നാണ് ഓസ്‌ട്രേലിയൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ബോണ്ടി ജങ്ഷൻ വെസ്‌റ്റ്ഫീൽഡിലെ സിഡ്‌നി ഷോപ്പിങ് മാളിൽ ശനിയാഴ്‌ച (ഏപ്രിൽ 13) ഉച്ചയ്ക്ക് നടന്ന ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പള്ളിയില്‍ ആക്രമണം നടന്നത്.