രാമേശ്വരം (തമിഴ്‌നാട്) : രാമേശ്വരത്ത് നിന്നുള്ള 21 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. അവരുടെ രണ്ട് ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്‌തതായി രാമേശ്വരം മത്സ്യത്തൊഴിലാളി അസോസിയേഷൻ പ്രസിഡന്‍റ് എൻ ദേവദാസ് പറഞ്ഞു. ഇന്നലെ 480ലധികം ബോട്ടുകൾ രാമേശ്വരത്തുനിന്നും കടലിൽ മീൻ പിടിക്കാൻ പോയിരുന്നു (Sri Lankan Navy apprehends 21 fishermen, two boats seized ) .
രാത്രി, അപ്പ തീവിനും നെടുത്തീവിനും ഇടയിലുള്ള പാൽക്‌ബേ കടൽത്തീരത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോളാണ് ശ്രീലങ്കൻ നാവികസേന എത്തി 21 മത്സ്യത്തൊഴിലാളികളെയും പിടികൂടി ബോട്ടുകൾ പിടിച്ചെടുത്തതെന്ന് ദേവദാസ് പറഞ്ഞു. ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ അന്വേഷണത്തിനായി കാംഗസന്തുറൈ നാവിക താവളത്തിലേക്ക് കൊണ്ടുപോയി. ഇത് രാമേശ്വരത്തെ മറ്റുള്ള മത്സ്യത്തൊഴിലാളികളിൽ വലിയ ഭയം പടർത്തിയിട്ടുണ്ടെന്നും എൻ ദേവദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ വർഷം കുവൈത്തിൽ തടവിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അറസ്റ്റിലായ നാല് മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ വെള്ളിയാഴ്‌ച രാമനാഥപുരത്ത് പ്രതിഷേധ പ്രകടനം നടത്തി. 2023 ഡിസംബറിൽ രജിസ്‌റ്റർ ചെയ്‌ത മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ തങ്ങളുടെ ബന്ധുക്കളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. നാല് മത്സ്യത്തൊഴിലാളികളാണ് കുവൈത്തിൽ അറസ്റ്റിലായത്.
രാമനാഥപുരം ജില്ലയിലെ തിരുപ്പലൈക്കുടിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളായ സെസു, കാർത്തിക്, മോർപ്പണ്ണൈ സ്വദേശി സന്തുരു, പാശിപട്ടണം സ്വദേശി വിനോദ് കുമാർ എന്നിവരെയാണ് 2023 ഡിസംബർ അഞ്ചിന് അറസ്‌റ്റ് ചെയ്‌തത്.
ഇവരിപ്പോൾ വിചാരണ തടവുകാരായി കുവൈറ്റ് ജയിലിൽ കഴിയുകയാണ്. ഇവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാമനാഥപുരം ജില്ലാ മാരിടൈം വർക്കേഴ്‌സ് യൂണിയൻ ജില്ലാ കളക്‌ടറുടെ ഓഫീസിന് മുന്നിൽ ബന്ധുക്കൾ പ്രകടനം നടത്തിയത്. ഇവർക്കൊപ്പം 500-ലധികം ആളുകൾ കുടുംബസമേതം ഒത്തുചേർന്ന് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മുദ്രാവാക്യം വിളിച്ചു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയാണ് അനധികൃതമായി മയക്കുമരുന്ന് കടത്തി എന്ന ആരോപണത്തിന് വിധേയരാക്കി കേസിൽ ഉൾപ്പെടുത്തിയതെന്ന് യൂണിയൻ അംഗങ്ങൾ പറഞ്ഞു.
ഈ മാസം അതിര്‍ത്തി ലംഘിച്ച് മീന്‍പിടിച്ചു എന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുള്ള 22 മീന്‍പിടുത്തക്കാരെ ശ്രീലങ്കൻ നേവി പിടികൂടിയിരുന്നു. നെടുത്തീവിന് സമീപത്ത് നിന്ന് മീന്‍പിടിച്ച മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ സേന പിടികൂടിയത്. 22 മീന്‍പിടുത്തക്കാരോടൊപ്പം അവരുടെ മൂന്ന് യന്ത്രവത്കൃത വള്ളങ്ങളും പിടിച്ചെടുത്തിരുന്നു.