വിയന്‍റയ്ന്‍: യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ചയുടെയും നയതന്ത്രത്തിന്‍റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസില്‍ പത്തൊന്‍പതാമത് കിഴക്കനേഷ്യന്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ ആയിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശങ്ങള്‍. ഇത് യുദ്ധത്തിന്‍റെ കാലഘട്ടമല്ലെന്നാണ് തന്‍റെ വിശ്വാസമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം യുദ്ധഭൂമിയില്‍ നിന്നുണ്ടാകില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീകരത ഉയര്‍ത്തുന്ന ഭീഷണിയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. ഈ വെല്ലുവിളികള്‍ നേരിടാന്‍ മാനവികതയില്‍ വിശ്വസിക്കുന്ന സൈന്യത്തിന്‍റെ സഹകരണവും മോദി ആഹ്വാനം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരമാധികാരവും, അഖണ്ഡതയും രാജ്യാന്തര നിയമസങ്ങളും ബഹുമാനിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ആഗോള ദക്ഷിണമേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ഇത്തരം രാജ്യങ്ങളുടെ വികസനത്തെയും സുസ്ഥിരതയെയുമാണ് ഇവ ബാധിക്കുന്നത്.
ദക്ഷിണ ചൈനാക്കടലില്‍ സുരക്ഷ ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്ത് കാട്ടി. മേഖലയുടെ സ്ഥിരത ഇന്തോ-പസഫികിന് ആകെ നിര്‍ണായകമാണ്. സമുദ്ര ഇടപെടലുകള്‍ ഐക്യരാഷ്‌ട്രസഭയുടെ സമുദ്ര ചട്ടങ്ങള്‍ അനുസരിച്ചാകണം. കടല്‍ഗതാഗതത്തിന്‍റെയും വ്യോമപാതകളുടെയും സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും മോദി നിര്‍ദേശിച്ചു.
യാഗി കൊടുങ്കാറ്റിനിരയായവര്‍ക്ക് അദ്ദേഹം ആദരമര്‍പ്പിച്ചു. ദുരിതബാധിതര്‍ക്ക് ഓപ്പറേഷന്‍ സദ്ഭാവിലൂടെ ഇന്ത്യ മാനുഷിക സഹായം എത്തിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആസിയാന്‍ ഐക്യത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള അഞ്ചിന ധാരണകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് നയത്തിന്‍റെ സുപ്രധാന സ്‌തംഭമായാണ് കിഴക്കനേഷ്യന്‍ ഉച്ചകോടി വിലയിരുത്തുന്നത്. ഇന്ന് വരെ നടന്ന 19 ഉച്ചകോടികളില്‍ ഒന്‍പതിലും പങ്കെടുക്കുന്ന ഏക ലോകനേതാവാണ് മോദിയെന്ന പ്രത്യേകതയുമുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ ഉച്ചകോടിയിലെ അടുത്ത ആതിഥേയര്‍ ഇന്ത്യയാണ്. സംഘടനയുടെ അധ്യക്ഷ സ്ഥാനവും ഇന്ത്യയ്ക്കാണ്. ആദ്യമായാണ് ഉച്ചകോടിയിലേക്ക് ഭാവിയിലെ ആതിഥേയരാജ്യത്തെ ഒരു നേതാവ് ക്ഷണിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.