കൊളംബോ: മൂന്ന് മന്ത്രിമാര്‍ മാത്രം പങ്കെടുത്ത ആദ്യ മന്ത്രിസഭ യോഗം കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ നടന്നു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ മന്ത്രിസഭ യോഗം നടക്കുന്നത്. പുതുതായി ചുമതലയേറ്റ പ്രസിഡന്‍റ് അനുരകുമാര ദിസനായകെ, പ്രധാനമന്ത്രി ഹരിണി അമര സൂര്യ, വിവിധ വകുപ്പുകളുടെ കൂടി ചുമതലയുള്ള മന്ത്രിസഭ വക്താവ് വിജിത ഹെരാത് എന്നിവര്‍ മാത്രമാണ് മന്ത്രിസഭ യോഗത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞാഴ്‌ചയാണ് താനടക്കം നാല് പേരടങ്ങിയ മന്ത്രിസഭയ്ക്ക് ദിസനായകെ രൂപം നല്‍കിയത്. 2020 ഓഗസ്‌റ്റിലാണ് പാര്‍ലമെന്‍റ് സമ്മേളനം നടന്നത്. മന്ത്രിമാരുടെ എണ്ണം 25ല്‍ കൂടരുതെന്ന് ഭരണഘടന അനുശാസിക്കുന്നു. അടുത്ത തവണയും തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിമാരുടെ എണ്ണം നാലില്‍ കൂടില്ലെന്ന് ഹെരാത് പറഞ്ഞു. സഹമന്ത്രിമാരും ഉണ്ടാകില്ല.
225 അംഗ പാര്‍ലമെന്‍റ് സെപ്റ്റംബര്‍ 21ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പോടെയാണ് നിലവില്‍ വന്നത്. 2022ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുന്നതിന്‍റെ സൂചനകള്‍ ഉണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് 1100 കോടി ശ്രീലങ്കന്‍ രൂപ ചെലവായെന്നും ഹെരാത് വ്യക്തമാക്കി. ഇതില്‍ 500 കോടി പ്രസിഡന്‍റിന് അനുവദിക്കാം. 2025 ബജറ്റില്‍ ബാക്കിയുള്ള 600 കോടി രൂപയും എടുക്കാനാകുമെന്ന് ഹെരാത് പറഞ്ഞു.
സാമ്പത്തിക കാര്യങ്ങള്‍ക്കായി രണ്ട് ഉപദേശകര്‍ക്ക് പുറമെ രാഷ്‌ട്രീയക്കാരുടെ അവകാശങ്ങള്‍ പുനപ്പരിശോധിക്കാനായി മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും ഹെരാത് പറഞ്ഞു. നിലവിലുള്ള നിയമങ്ങളെക്കുറിച്ച് സമിതി പഠിക്കുകയും ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്യും. മുന്‍ പ്രസിഡന്‍റുമാര്‍ക്കും അവരുടെ വിധവകള്‍ക്കുമുള്ള വിശേഷാധികാരങ്ങളും പാര്‍ലമെന്‍റംഗങ്ങളുടെ പെന്‍ഷന്‍ അവകാശങ്ങളും ഇല്ലാതാക്കുമെന്ന് എന്‍പിപി തെരഞ്ഞെടുപ്പ് വാഗ്‌ദാനമായി മുന്നോട്ട് വച്ചിരുന്നു.