ധാക്ക: ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്ന് രാജ്യത്ത് ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേന മേധാവി ജനറൽ വഖാർ-ഉസ്-സമാൻ അറിയിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി സംസാരിച്ച ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടക്കാല സർക്കാർ രൂപീകരണം സംബന്ധിച്ച് വിശദമായ ചർച്ച നടക്കും. രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തുകയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും കരസേന മേധാവി പറഞ്ഞു.
സൈന്യത്തിൽ വിശ്വാസമർപ്പിക്കാനും അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കാനും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർഥിച്ചു. "രാജ്യത്ത് ക്രമസമാധാനം നിലനിർത്തുക. നിങ്ങൾ എന്നിൽ വിശ്വസിക്കൂ..., നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. ദയവായി എന്നെ സഹായിക്കൂ. പ്രതിഷേധം കൊണ്ട് എനിക്ക് ഒന്നും ലഭിക്കില്ല. സംഘർഷം ഒഴിവാക്കി നമുക്ക് ഒരുമിച്ച് ഒരു മനോഹരമായ രാജ്യം കെട്ടിപ്പടുത്താം" വഖാർ-ഉസ്-സമാൻ പറഞ്ഞു.
അതേസമയം സര്‍ക്കാറിനെതിരായ പ്രക്ഷോഭം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിലാണ് ഹസീനയുടെ രാജി. ഇതിന് പിന്നാലെ ഇവര്‍ സഹോദരിക്കൊപ്പം ഇന്ത്യയിലേക്ക് പോയതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.