സെനഗല്‍ : ഞായറാഴ്‌ച സെനഗലിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സെനഗലിൻ്റെ ഏക വനിത പ്രസിഡൻ്റ് സ്ഥാനാർഥിയായ ആൻ്റ ബാബകർ എൻഗോം ഒരു പ്രതീക്ഷയാണ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എന്‍ഗോമിന് വിജയസാധ്യത കുറവാണ്. എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് ലിംഗസമത്വം കൈവരിക്കുന്നതിനുള്ള പതിറ്റാണ്ടുകൾ നീണ്ട പ്രചാരണം മുന്നോട്ട് കൊണ്ടുപോകാൻ അവരുടെ സ്ഥാനാർഥിത്വം മാത്രം സഹായിക്കും എന്നാണ് പ്രവർത്തകരുടെ അഭിപ്രായം.
രാജ്യത്തെ സാമ്പത്തിക പ്രശ്‌നങ്ങൾ, വ്യാപകമായ തൊഴിലില്ലായ്‌മ, വിലക്കയറ്റം എന്നിവയാൽ വലയുന്ന സ്ത്രീകൾക്കും യുവജനങ്ങൾക്കും വേണ്ടിയുള്ള ശബ്‌ദമാണ് 40 കാരിയായ ആൻ്റ ബാബകർ എൻഗോമിന്‍റേത്. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളും സ്ത്രീകൾക്ക് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ബാങ്കും സൃഷ്‌ടിക്കുമെന്ന് അവർ വാഗ്‌ദാനം ചെയ്‌തിട്ടുള്ളതാണ് (The first woman to run for president in years inspires hope in Senegal).
'നമ്മുടെ രാജ്യത്തിന് വലിയ സാധ്യതകളുണ്ട്. ഒട്ടനവധി പ്രകൃതി വിഭവങ്ങൾ ഇവിടെയുണ്ട്. അവ വികസിപ്പിക്കാൻ കഴിയും.' അടുത്തിടെ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആൻ്റ ബാബകർ എൻഗോം പറഞ്ഞു. 'ഞാൻ കണ്ടുമുട്ടുന്ന പെൺകുട്ടികൾ എൻ്റെ പിന്തുണ ആവശ്യപ്പെടുന്നു. ഒരു സ്ത്രീ അധികാരത്തിൽ വന്നാൽ അവരുടെ കഷ്‌ടപ്പാടുകൾക്ക് അറുതി വരുത്തുമെന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. ഞാൻ അവരെ മറക്കാൻ പോകുന്നില്ല' -എൻഗോം പറയുന്നു.
പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മുൻനിര സ്ഥാനാർഥികളിൽ എൻഗോം ഉയർന്നു വരുമെന്ന് ചുരുക്കം ചിലർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷം ആദ്യമായി ഒരു സ്ത്രീ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ എത്തിയിരിക്കുന്നു എന്നത് സമത്വത്തിനായുള്ള പോരാട്ടത്തിൽ സ്ത്രീകൾ എങ്ങനെ മുന്നേറുന്നുവെന്ന് പ്രതിഫലിപ്പിക്കുന്നുവെന്നാണ് പ്രവർത്തകർ വിലയിരുത്തുന്നത് (female presidential candidate in Senegal).
'ഞങ്ങൾക്ക് അവസരം ലഭിച്ചില്ലെങ്കിലും ഞങ്ങൾ അവിടെ ഉണ്ടായിരിക്കണം' ആക്‌ടിവിസ്റ്റും സോഷ്യോളജിസ്റ്റുമായ സെല്ലി ബാ പറഞ്ഞു. സെല്ലി ബായുടെ വാക്കുകളിലേക്ക്. 'ഈ തെരഞ്ഞെടുപ്പുകളിൽ ഞങ്ങൾക്ക് അവസരമില്ല. എന്നാൽ ഞങ്ങൾക്ക് വനിത സ്ഥാനാർഥികളും, മുന്നോട്ട് ധൈര്യത്തോടെ വരുന്ന സ്ത്രീകളും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഒരു ദശാബ്‌ദത്തിനിടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വനിത സ്ഥാനാർഥിയാണ് എൻഗോം. സ്ത്രീകളെ കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങളെല്ലാം മാറിയിരിക്കുന്നു'.
പരമ്പരാഗത മൂല്യങ്ങളും മാനദണ്ഡങ്ങളും വികസിക്കുന്നതിനെക്കുറിച്ചുള്ള വിഭജിത വീക്ഷണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവരുന്നു. വിവാഹത്തിന് മുമ്പുള്ള ലൈംഗികത, ബഹുഭാര്യത്വം ന്യായമാണോ തുടങ്ങിയ നിഷിദ്ധ വിഷയങ്ങളടക്കം ഇന്ന് എല്ലാവരും സ്വതന്ത്ര്യത്തോടെ ചർച്ച ചെയ്യുന്നു.
എൻഗോ കീറ്റ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ടിക്‌ടോക്ക് ഉപയോക്താവ്, സെനഗലിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷയായ വോലോഫിൽ സംസാരിക്കുന്ന ഒരു വേഷം ചെയ്‌ത് റീലുകൾ പോസ്റ്റുചെയ്യുന്നുണ്ട്. 2 ദശലക്ഷത്തിലധികം കാഴ്‌ചകളുള്ള റീലുകള്‍ ബഹുഭാര്യത്വ വിവാഹത്തിൽ ഒരു സ്ത്രീയും അവളുടെ ഭർത്താവും തമ്മിലുള്ള കടുത്ത വൈരാഗ്യത്തെ വിവരിക്കുന്നതാണ്. ഇതിന് അഭിപ്രായം പറയാന്‍ ടിക്‌ടോക്ക് താരം അനുയായികളെ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ എപിയിൽ നിന്നുള്ള രേഖാമൂലമുള്ള അഭിപ്രായത്തോട് എൻഗോ കീറ്റ പ്രതികരിച്ചിരുന്നില്ല.
സെനഗലിലെ ചില യുവതികൾ വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പത്തിലേക്ക് മടങ്ങുകയാണെന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സെനഗലിൽ ഒരു രാഷ്ട്രീയ പാർട്ടിയെ നയിച്ച ആദ്യ വനിത മാരിം വോൺ ലി പറഞ്ഞു (female presidential candidate in Senegal).
"നാം വളരെ ശ്രദ്ധാലുക്കളായിരിക്കണം. സമത്വത്തിലേക്കുള്ള, പുരോഗതിയുടെ പാതയിലേക്കുള്ള യാത്രക്കെതിരെ ഇസ്‌ലാമിൻ്റെ തെറ്റായ വ്യാഖ്യാനങ്ങൾ കാണാന്‍ സാധിക്കും. ഇത് ഒരു പ്രത്യേക പിന്നോക്കാവസ്ഥയാണ്. സമത്വമുണ്ടായിട്ടും ഞങ്ങൾ അൽപ്പം പിന്നോട്ട് പോയി (Anta Babacar Ngom).
1990-കളിൽ സെനഗലീലെ സ്ത്രീകൾ അടിസ്ഥാന സംഘടനകളിലൂടെ അണിനിരന്നു. 2001-ൽ രാജ്യം ആദ്യത്തെ വനിത പ്രധാനമന്ത്രിയെ നിയമിച്ചു. 2010-ൽ എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പട്ടികയിൽ ലിംഗസമത്വം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന നിയമവും വന്നു. ഇത് രാഷ്ട്രീയത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചു".
കഴിഞ്ഞ 10 വർഷമായി സ്ത്രീകളുടെ അവകാശങ്ങൾ രാഷ്ട്രീയ തലത്തിൽ വികസിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ലിംഗസമത്വ നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം. എന്നാല്‍ സെനഗലിലെ സ്ത്രീകൾ ഇതുവരെ വ്യവസ്ഥാപിതമായി ഈ നിയമം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് മുൻ പാർലമെൻ്റേറിയൻ ബൗസോ സാംബെ പറഞ്ഞു.
2012ൽ രണ്ട് സ്ത്രീകൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചു. അവർ ഓരോരുത്തരും ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വോട്ട് നേടിയത്. പക്ഷേ അവരുടെ പങ്കാളിത്തമാണ് പ്രധാനമെന്ന് വിശകലന വിദഗ്‌ധർ പറയുന്നു.
"സെനഗലിലെ സ്ത്രീകൾ ഇപ്പോൾ പാർലമെൻ്റിൽ 40 ശതമാനത്തിലധികം വരും. ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന പ്രാതിനിധ്യം. ആധുനിക പരിണാമവും നമ്മുടെ ആചാരങ്ങളോടുള്ള ആദരവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുന്നത് നിർണായകമാണ്. നമ്മുടെ സാംസ്‌കാരിക സ്വത്വം കാത്തുസൂക്ഷിക്കുകയും നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തിയ പരമ്പരാഗത മൂല്യങ്ങളെ വിലമതിക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകൾക്ക് തടസങ്ങളില്ലാതെ സ്വയം കഴിവുകള്‍ പ്രകടിപ്പിക്കാൻ കഴിയണം". എൻഗോം പറഞ്ഞു (Anta Babacar Ngom).
തന്‍റെ കുടുംബത്തിന്‍റെ ഭക്ഷണ കമ്പനി നടത്തുന്നത് എൻഗോം തന്നെയാണ്. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ അവര്‍ തന്‍റെ പ്രചാരണത്തിൻ്റെ പ്രധാന ആയുധമാക്കി മാറ്റി. ഇത് ജനങ്ങളുടെ പ്രധാന ആശങ്കയാണെന്ന് മിക്ക വിശകലന വിദഗ്‌ധരും സമ്മതിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരക്കണക്കിന് സെനഗലുകാരെ പാശ്ചാത്യ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം തേടി അപകടകരമായ യാത്രകൾ നടത്താൻ പ്രേരിപ്പിച്ചിട്ടുണ്ട്.
"തൊഴിലില്ലായ്‌മയും. തൊഴിൽ അരക്ഷിതാവസ്ഥയും കാരണം ഞങ്ങളുടെ കുട്ടികൾ മരിക്കുകയാണ്. തൊഴിലില്ലായ്‌മ പ്രാദേശികമായ വിഷയമാണ്, ഇവിടുത്തെ സ്ത്രീകൾ ക്ഷീണിതരാണ്", എൻഗോമിനെ പിന്തുണച്ച് അടുത്തിടെ നടന്ന ഒരു റാലിയിൽ ആക്‌ടിവിസ്റ്റ് ഐച ബ പറഞ്ഞു.
ഒരു വനിത സ്ഥാനാർഥിയെ പിന്തുണയ്ക്കുന്നതിൽ അഭിമാനമുണ്ടെന്നും അടുത്ത ഗവൺമെൻ്റിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും എൻഗോമിൻ്റെ അനുയായികൾ പറയുന്നു (Anta Babacar Ngom).