കറാച്ചി (പാകിസ്ഥാന്‍): കറാച്ചിയില്‍ ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് നിരോധനാജ്ഞ. പൊതുസുരക്ഷ ഉറപ്പാക്കാനും ക്രമസമാധാന നില പാലിക്കാനും ലക്ഷ്യമിട്ടാണ് നടപടിയെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. സിന്ധിലെ പൊലീസ് മേധാവി ഗുലാം നബി മേമന്‍റെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
സമാധാനത്തിന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്നും ജാഥകളോ പൊതുയോഗങ്ങളോ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഈ മാസം പതിനേഴ് വരെ നിരോധനം തുടരും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രതിഷേധങ്ങളും റാലികളും മറ്റും സമാധാനജീവിതത്തിന് തടസമാകുമെന്ന് കറാച്ചി ഭരണകൂടത്തിന് നല്‍കിയ കത്തില്‍ പൊലീസ് മേധാവി ചൂണ്ടിക്കാട്ടുന്നു. ഇത്തരം കൂടിച്ചേരലുകള്‍ ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സുരക്ഷവെല്ലുവിളികളും ഉയര്‍ത്തും. പൊതുജനങ്ങളെ സംരക്ഷിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ഇതിനിടെ പഞ്ചാബ് ആഭ്യന്തര മന്ത്രാലയം അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ദേര ഘാസിഖാന്‍, ലയ്യ, മുസാഫര്‍ഗഡ്, രഞ്ജന്‍പൂര്‍, കോട്ട് അഡു തുടങ്ങിയ ജില്ലകളിലാണ് രാഷ്‌ട്രീയ കൂടിച്ചേരലുകള്‍ക്ക് നിരോധനമുള്ളത്. കുത്തിയിരിപ്പ് സമരങ്ങള്‍ക്കും ജാഥകള്‍ക്കും ഈ മാസം പതിനഞ്ച് വരെ നിരോധനമുണ്ട്.
പ്രവിശ്യ സര്‍ക്കാര്‍ സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വലിയ ജനക്കൂട്ടങ്ങള്‍ സാമൂഹ്യവിരുദ്ധരുടെ ലക്ഷ്യമായി മാറാന്‍ സാധ്യതയുണ്ട്. അസ്വസ്ഥതകള്‍ ഏറ്റവും വര്‍ധിച്ചിരിക്കുന്ന വേളയില്‍ പൊതുസുരക്ഷ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഈ മാസം പതിനഞ്ചിന് ഇസ്ലാമാബാദിലെ ഡി ചൗക്കില്‍ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പിടിഐ)പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഷങ്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ ഉച്ചകോടി നടക്കുന്ന വേളയിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രാജ്യാന്തര നേതാക്കളുടെ ഉച്ചകോടിയിലെ സാന്നിധ്യം സുരക്ഷ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഉന്നതതല യോഗത്തിനിടെ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.