മോസ്‌കോ (റഷ്യ) : കസാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന റഷ്യന്‍ മേഖലയില്‍ തുടരുന്ന വെള്ളപ്പൊക്കത്തില്‍ 12000 വീടുകള്‍ വെള്ളത്തിനടിയിലായി. യുറാല്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് മേഖലയില്‍ വെള്ളപ്പൊക്ക സാഹചര്യം ഉണ്ടായത്.
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് 1200 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒറെന്‍ബര്‍ഗ് പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. യുറാല്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം നദിയിലെ അണക്കെട്ട് തകര്‍ന്നിരുന്നു. ദുരന്ത സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഒറെന്‍ബര്‍ഗില്‍ 11,972 വീടുകളും 16 ആരോഗ്യ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ ജലനിരപ്പ് ഉയരുന്നത് തുടരുന്ന സാഹചര്യത്തില്‍ ഏകദേശം 20,000 ആളുകള്‍ താമസിക്കുന്ന 3,600 വീടുകള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി ഒറെന്‍ബര്‍ഗ് ഗവര്‍ണര്‍ ഡെനിസ് പാസ്‌ലര്‍ നടത്തിയ യോഗത്തിലാണ് വിവരങ്ങള്‍ പങ്കിട്ടത്. പ്രദേശിക ഭരണ തലസ്ഥാനമായ ഒറെന്‍ബര്‍ഗ് നഗരത്തിലാണ് സ്ഥിതി ഏറ്റവവും മോശമെന്ന് പാസ്‌ലര്‍ അറിയിച്ചു.
യുറാല്‍ നദിയിലെ ജലനിരപ്പ് 10.87 മീറ്റര്‍ (ഏകദേശം 36 അടി) എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 7800 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം 40 ബില്യണ്‍ റൂബിള്‍ (428 ദശലക്ഷം യുഎസ് ഡോളര്‍) ന്‍റെ നാശനഷ്‌ടമാണ് വിലയിരുത്തുന്നത്. 80 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിത്.
കസാകിസ്ഥാനിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. 10 പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യുറാല്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിന തുടര്‍ന്ന് പ്രാദേശിക നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ഉണ്ടായ വെള്ളപ്പൊക്ക ഭീഷണിയില്‍ 98000ല്‍ അധികം പേരെയാണ് ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചത്. യുറാല്‍ പര്‍വതങ്ങളിലെ മഞ്ഞ് ഉരുകിയതാണ് നദിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്.