ന്യൂയോർക്ക് : മാധ്യമ വ്യവസായി റൂപർട്ട് മർഡോക് (93) അഞ്ചാമതും വിവാഹിതനായതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിന്‍റെ കോർപ്പറേഷൻ ന്യൂസ് കോർപാണ് ഞായറാഴ്‌ച (ജൂൺ 2) വാര്‍ത്ത സ്ഥിരീകരിച്ചത്. മർഡോക്കും റഷ്യയിൽ ജനിച്ച റിട്ടയേർഡ് മോളിക്യുലാർ ബയോളജിസ്‌റ്റായ എലീന സുക്കോവയും (67) ശനിയാഴ്‌ച (ജൂൺ 1) കാലിഫോർണിയയിലെ ബെൽ എയറിലെ അദ്ദേഹത്തിന്‍റെ വൈൻയാർഡ് എസ്‌റ്റേറ്റിൽ നടന്ന ചടങ്ങിൽ വച്ചാണ് വിവാഹിതരായത്.
നവദമ്പതികളുടെ ചിത്രങ്ങൾ ന്യൂസ് കോർപ്പറേഷൻ പുറത്തുവിട്ടു. മാർച്ചിൽ ഇരുവരും വിവാഹനിശ്ചയം നടന്നിരുന്നു. മോഡലും നടിയുമായ ജെറി ഹാളിനെ റൂപർട്ട് മർഡോക് അടുത്തിടെ വിവാഹം കഴിച്ചിരുന്നു. 2016 ൽ വിവാഹിതരായ ഇവർ 2022 ൽ വിവാഹമോചനം നേടി.
ശതകോടീശ്വരനും ഊർജ നിക്ഷേപകനും റഷ്യൻ രാഷ്‌ട്രീയക്കാരനുമായ അലക്‌സാണ്ടർ സുക്കോവിന്‍റെ മുൻ ഭാര്യയാണ് എലീന സുക്കോവ. സംരംഭകയും സാമൂഹ്യപ്രവര്‍ത്തകയുമായ ദാഷ സുക്കോവ് ഇവരുടെ മകളാണ്.
2023 ലാണ് റൂപർട്ട് മർഡോക് ഫോക്‌സ് ന്യൂസിന്‍റെ മാതൃ കമ്പനിയുടെയും ന്യൂസ് കോർപ്പറേഷൻ മീഡിയ ഹോൾഡിങ്ങുകളുടെയും നേതൃസ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ശേഷം അദ്ദേഹം തന്‍റെ ബിസിനസ് മകൻ ലാച്ച്‌ലാന് കൈമാറുകയും ചെയ്‌തു. 1950 കളിൽ ഓസ്‌ട്രേലിയയിൽ ആണ് ഒരു മാധ്യമ വ്യവസായിയിലേക്ക് മര്‍ഡോക്കിന്‍റെ യാത്രകള്‍ ആരംഭിക്കുന്നത്.
പിതാവ് നടത്തിയിരുന്ന പത്രം 1952ല്‍ മര്‍ഡോക്കിന് ലഭിച്ചു. 1969 ൽ യുകെ പത്രങ്ങളായ ന്യൂസ് ഓഫ് ദി വേൾഡ്, ദി സൺ എന്നിവ അദ്ദേഹം ഏറ്റെടുത്തു. പിന്നീട് ന്യൂയോർക്ക് പോസ്‌റ്റ്, യുഎസിലെ വാൾ സ്ട്രീറ്റ് ജേണൽ തുടങ്ങിയ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ മാധ്യമ വ്യവസായി എന്ന നിലയില്‍ മര്‍ഡോക്കിന്‍റെ സാമ്രാജ്യം വളര്‍ന്ന് പന്തലിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി, ടൈംസ് ഓഫ് ലണ്ടൻ, ദി വാൾ സ്ട്രീറ്റ് ജേണൽ തുടങ്ങി ശ്രദ്ധേയമായ പത്രങ്ങളുടെ ഉടമസ്ഥാവകാശം ഉൾപ്പെടെ യുണൈറ്റഡ് സ്‌റ്റേറ്റ്സിലും ബ്രിട്ടനിലും പ്രമുഖമായ ഒരു വാർത്ത-വിനോദ സംരംഭവും അദ്ദേഹം സ്ഥാപിച്ചു. 1996 ൽ സ്ഥാപിതമായ 24 മണിക്കൂർ നെറ്റ്‌വർക്കായ ഫോക്‌സ് ന്യൂസ് ചാനൽ ടെലിവിഷനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത് യാഥാസ്ഥിതികരായ യുഎസ് പ്രേക്ഷകർക്കും രാഷ്ട്രീയക്കാർക്കും ഇടയിൽ ഒരു ജനപ്രിയ വാർത്ത ഉറവിടമായി മാറി. മാത്രമല്ല ഇപ്പോൾ യുഎസിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ടിവി വാർത്ത ചാനലാണ് ഫോക്‌സ് ന്യൂസ്.
ALSO READ : വ്യത്യസ്‌തമായൊരു കല്യാണക്കഥ: പരമ്പരാഗത ചടങ്ങുകളോടെ വിവാഹിതരായത് അരയാലും പേരാലും