മാഡ്രിഡ് (സ്പെയിൻ) : സ്‌പാനിഷ് ദ്വീപായ മയോർക്കയിലെ ബീച്ച് ഫ്രണ്ട് റസ്റ്റോറന്‍റ് തകർന്ന് വീണ് അപകടം. സംഭവത്തില്‍ നാല് പേർ മരിക്കുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കൂടുതല്‍ രക്ഷാപ്രവർത്തനം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
മെയ് 23 ന് രാത്രി 8 മണിയോടെയാണ് സംഭവം. ടെറസുകളുടെ ഒരു ഭാഗം താഴത്തെ നിലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുടുതല്‍ ആളുകള്‍ അപകടത്തില്‍ അകപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. നാല് പേർ മരിച്ചതായും 21 പേർക്ക് പരിക്കേറ്റതായും മയോർക്കയുടെ എമർജൻസി സർവീസ് എക്‌സിലൂടെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, പരിക്കേറ്റവരുടെ എണ്ണം 27 ആയി വർധിച്ചതായാണ് സ്‌പാനിഷ് വാർത്ത ഏജൻസികളുടെ റിപ്പോർട്ട്.
മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യത്ത് നിന്ന് എത്തിയവരാണ് എന്നകാര്യങ്ങള്‍ ഉള്‍പ്പെടെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ദേശീയ ഗവൺമെന്‍റ് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട മെഡൂസ ബീച്ച് ക്ലബ് റെസ്റ്റോറന്‍റിന് തൂണിനാല്‍ താങ്ങി നിര്‍ത്തപ്പെട്ട മൂന്ന് നിലകളാണുള്ളത്. മെഡിറ്ററേനിയൻ കടലില്‍ സ്പെയിനിലെ ബലേറിക് ദ്വീപുകളിൽ ഏറ്റവും വലുതാണ് മയോർക്ക. വടക്കൻ യൂറോപ്പിൽ നിന്നുള്ള വിനോദസഞ്ചാരികൾ വർഷത്തിൽ നിരവധി തവണ എത്തുന്ന പ്രശസ്‌തമായ റിസോർട്ട് കേന്ദ്രമാണിത്.
Also Read: ഹൈദരാബാദില്‍ കനത്ത മഴയില്‍ ഭിത്തി തകര്‍ന്നു ; നാല് വയസുള്ള കുഞ്ഞടക്കം ഏഴ് മരണം