ബെംഗളുരു: ദക്ഷിണ പസഫിക് രാജ്യമായ ഫിജി തങ്ങളുടെ പരമോന്നത പുരസ്‌കാരമായ 'ഹോണററി ഓഫീസര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഫിജി' ആഗോള ആത്മീയ ഗുരുവും മാനുഷിക നേതാവുമായ ശ്രീശ്രീ രവിശങ്കറിന് സമ്മാനിച്ചു. ഫിജിയുടെ പ്രസിഡന്‍റായ ഹെരാതു വില്യം എം കറ്റോണിവര്‍ ആണ് പുരസ്‌കാരം നല്‍കിയത്. മനുഷ്യാത്മാവിനെ ഉത്തേജിപ്പിക്കുന്നതിനും വിവിധ സമൂഹങ്ങളെ ഒന്നിച്ച് കൂട്ടിയിണക്കി സമാധാനത്തിലേക്കും സഹവര്‍ത്തിത്വത്തിലേക്കും നയിക്കുന്നതിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രവിശങ്കറിനെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഫിജി. ജീവനകലയിലൂടെ ലോകമെമ്പാടും മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആത്മീയാചര്യനാണ് ശ്രീ ശ്രീ രവിശങ്കര്‍. സന്തോഷവും സാഹോദര്യവുമാണ് തന്‍റെ ജീവനകലയിലൂടെ കഴിഞ്ഞ 43 വര്‍ഷമായി അദ്ദേഹം പ്രചരിപ്പിക്കുന്നത്. മാനസികാരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സ്‌ത്രീ-യുവജനശാക്തീകരണം, സമ്മര്‍ദ്ദമകറ്റല്‍, ധ്യാനം തുടങ്ങി വിവിധ മേഖലകളില്‍ അദ്ദേഹം തന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു.
ഫിജി ഉപപ്രധാനമന്ത്രി വില്യം ഗവോക്ക, ഫിജിയിലെ ഐക്യരാഷ്‌ട്രസഭ റസിഡന്‍റ് കോര്‍ഡിനേറ്റര്‍ ദിര്‍ക് വാഗ്‌നര്‍ തുടങ്ങിയവരുമായി രവിശങ്കര്‍ കൂടിക്കാഴ്‌ച നടത്തി. ജീവനകലയിലൂടെ ഈ ദ്വീപ് രാഷ്‌ട്രത്തിന്‍റെ മൊത്തം യുവാക്കളെ ശാക്തീകരിക്കാനും പ്രാദേശിക ജനസമൂഹത്തിന്‍റെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിച്ചതിനെക്കുറിച്ച് ഇവര്‍ ചര്‍ച്ച നടത്തി. ഇതിന് പുറമെ ആയൂര്‍വേദത്തിന്‍റെ കാലാതിവര്‍ത്തിയായ അറിവുകള്‍ രാജ്യത്തിന് പരിചയപ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.