ലണ്ടൻ (യുകെ) : തനിക്ക് കാൻസർ ആണെന്നും കീമോതെറാപ്പിയ്‌ക്ക് വിധേയയാകുകയാണ് എന്നും വെളിപ്പെടുത്തി വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടൺ. വെള്ളിയാഴ്‌ച തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലാണ് കേറ്റ് മിഡിൽടൺ ഇക്കാര്യം അറിയിച്ചത്. മിഡിൽടണിൻ്റെ ആരോഗ്യനില സംബന്ധിച്ച് ആഴ്‌ചകൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഔദ്യോഗിക വിവരം പുറത്തുവന്നിരിക്കുന്നത്.
ക്രിസ്‌മസിന് ശേഷം ഇവരെ പൊതുവേദികളിൽ കണ്ടിരുന്നില്ല. ഇതോടെയാണ് മിഡിൽടണിൻ്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ ഉയർന്നത്. അതേസമയം ജനുവരിയിൽ വയറുവേദനയെ തുടർന്ന് താൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായെന്നും ഓപ്പറേഷനുശേഷം നടത്തിയ പരിശോധനയിലാണ് കാൻസറിൻ്റെ സാന്നിധ്യം കണ്ടെത്തിയതെന്നും വെയിൽസ് രാജകുമാരി വീഡിയോയിൽ പറഞ്ഞു.
കാൻസർ ബാധ മുഴുവൻ കുടുംബത്തെയും ഞെട്ടിച്ചെന്നും തൻ്റെ ഭർത്താവ് വില്യംസ് രാജകുമാരൻ്റെയും മറ്റെല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദി പറയുന്നതായും കേറ്റ് പറഞ്ഞു. "ശസ്‌ത്രക്രിയയിൽ നിന്ന് ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്, ഈ ഘട്ടത്തിൽ എല്ലാ പിന്തുണയ്‌ക്കും കരുതലിനും വ്യക്തിപരമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," വീഡിയോ സന്ദേശത്തിൽ അവർ പറഞ്ഞു. 'അവിശ്വസനീയമാംവിധം കഠിനമായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങൾ' എന്നും കേറ്റ് മിഡിൽടൺ വ്യക്തമാക്കി.
"ജനുവരിയിൽ, ഞാൻ ലണ്ടനിൽ വയറുവേദനയെ തുടർന്ന ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി. ആ സമയത്ത്, അർബുദമല്ലെന്നാണ് കരുതിയത്. ശസ്‌ത്രക്രിയ വിജയകരവും ആയിരുന്നു. പിന്നീട് ഓപ്പറേഷന് ശേഷം നടത്തിയ പരിശോധനയിൽ കാൻസർ ഉണ്ടെന്ന് കണ്ടെത്തി. പ്രിവൻ്റീവ് കീമോതെറാപ്പിയുടെ ഒരു കോഴ്‌സിന് വിധേയയാകും, ഞാൻ ഇപ്പോൾ ആ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണ്," അവർ കൂട്ടിച്ചേർത്തു.
അതേസമയം ഈ ഘട്ടത്തിൽ തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും കേറ്റ് മിഡിൽടൺ അഭ്യർഥിച്ചു. 'ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾക്ക് ഇപ്പോൾ സമയവും സ്വകാര്യതയും ആവശ്യമാണെന്ന് നിങ്ങൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൻ്റെ ജോലി എല്ലായ്‌പ്പോഴും എനിക്ക് ആഴത്തിലുള്ള സന്തോഷം നൽകുന്നതാണ്. എനിക്ക് കഴിയുമ്പോൾ മടങ്ങിവരും, പക്ഷേ ഇപ്പോൾ പൂർണമായി സുഖം പ്രാപിക്കുന്നതിൽ എനിക്ക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്'- വെയിൽസ് രാജകുമാരി വ്യക്തമാക്കി.
കാൻസർ ബാധിച്ച എല്ലാവരുടെയും ജീവിതത്തെ കുറിച്ച് ഈ സമയം താൻ ചിന്തിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. ഈ രോഗം നേരിടുന്ന എല്ലാവരും ഏത് രൂപത്തിലും, വിശ്വാസമോ പ്രതീക്ഷയോ നഷ്‌ടപ്പെടുത്തരുതെന്നും നിങ്ങൾ ഒറ്റയ്‌ക്കല്ലെന്നും അവർ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും കേറ്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തി. കേറ്റ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാജ്യത്തിൻ്റെ മുഴുവൻ ചിന്തകളും അവർക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാൾസ് മൂന്നാമന് കാൻസർ സ്ഥിരീകരിച്ചതിന് ശേഷമാണ് ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് സമാനമായ മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. പ്രോസ്‌റ്റേറ്റിനുള്ള ശസ്‌ത്രക്രിയയ്‌ക്കിടെയാണ് അദ്ദേഹത്തിന് അവ്യക്തമായ തരത്തിലുള്ള കാൻസർ പിടികൂടിയതെന്നാണ് പറയപ്പെടുന്നത്. കാൻസർ ചികിത്സയിലിരിക്കെയാണ് ചാൾസ് പൊതുപ്രവർത്തനങ്ങളിൽ നിന്ന് പിന്മാറിയത്.