മാലെ : യൂണിഫൈഡ് പേമെന്‍റ് ഇന്‍റര്‍ഫേസ് രാജ്യത്ത് നടപ്പാക്കാനുള്ള തീരുമാനവുമായി മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്‍റെ ശുപാര്‍ശയുടെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
ഡിജിറ്റല്‍-സാമ്പത്തിക സേവനങ്ങള്‍ക്കായി തങ്ങളുടെ വൈദഗ്‌ധ്യം പങ്കിടാമെന്ന ഇന്ത്യയുടെ ഉറപ്പിനെ തുടര്‍ന്നാണ് മാലദ്വീപും യുപിഐയിലേക്ക് ചുവട് വയ്ക്കുന്നത്. ഇന്ത്യയില്‍ യുപിഐ, യുഡിഐ എന്നിവ കൊണ്ടുവന്നതിലൂടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ വികസനത്തെക്കുറിച്ച് ഇന്ത്യ സന്ദര്‍ശന വേളയില്‍ മുയിസു മനസിലാക്കിയിരുന്നു.
പുത്തന്‍ തീരുമാനം മാലദ്വീപിന്‍റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക ഇടപെടല്‍ വര്‍ധിപ്പിക്കാനും സാമ്പത്തിക ഇടപാടുകള്‍ കാര്യക്ഷമമാക്കാനും ഡിജിറ്റല്‍ അടിത്തറ ശക്തമാക്കാനും ഇതിലൂടെ സാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാമ്പത്തിക വികസന വാണിജ്യ മന്ത്രി നല്‍കിയ റിപ്പോര്‍ട്ടില്‍ മന്ത്രിസഭ വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് യുപിഐ നടപ്പാക്കാനായി ഒരു കണ്‍സോര്‍ഷ്യം സജ്ജമാക്കാനും പ്രസിഡന്‍റ് മുയിസു തീരുമാനിച്ചു. ബാങ്കുകള്‍, ടെലികോം കമ്പനികള്‍, സര്‍ക്കാര്‍ അധീനതയിലുള്ള കമ്പനികള്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് കമ്പനികള്‍ എന്നിവ കണ്‍സോര്‍ഷ്യത്തിന്‍റെ ഭാഗമാകും. കണ്‍സോര്‍ഷ്യത്തിന്‍റെ മുഖ്യ ഏജന്‍സിയായി രാജ്യത്തെ പ്രമുഖവിദഗ്‌ധരടങ്ങിയ ട്രേഡ് നെറ്റ് മാല്‍ഡീവ്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ നിയോഗിച്ചു.
ധനകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, സാങ്കേതിക മന്ത്രാലയം എന്നിവയെ ഉള്‍പ്പെടുത്തി. ഒരു കോര്‍ഡിനേഷന്‍ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഈ മാസം ആദ്യം മുയിസുവിന്‍റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ ഇന്ത്യയുടെ റുപെയെ കാര്‍ഡ് മാലദ്വീപില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്കും ഇന്ത്യ സന്ദര്‍ശിക്കുന്ന മാലദ്വീപുകാര്‍ക്കും ഇടപാടുകള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍- സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്.