കീവ്: ചരിത്ര സന്ദര്‍ശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌നില്‍. മോദിയുടെ സന്ദര്‍ശനത്തിലൂടെ റഷ്യ- യുക്രെയ്ന്‍ യുദ്ധം പരിഹരിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായക പങ്ക് വഹിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസഡിന്‍റ് വ്ളോഡിമിര്‍ സെലൻസ്‌കിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ യുക്രെയ്‌ൻ സന്ദര്‍ശനം.
പോളണ്ടില്‍ നിന്നും റെയില്‍ ഫോഴ്‌സ് വണ്‍ ട്രെയിനിലാണ് മോദി യുക്രെയ്‌നിലേക്ക് ഇന്ന് രാവിലെയോടെ എത്തിയത്. കീവ് നഗരത്തില്‍ ഏഴ് മണിക്കൂറോളം നേരം മോദി ചെലവഴിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന്, ട്രെയിൻ മാര്‍ഗം തന്നെ അദ്ദേഹം പോളണ്ടിലേക്ക് തിരിക്കും.
കഴിഞ്ഞ മാസം റഷ്യയിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു. മോദിയുടെ റഷ്യൻ സന്ദര്‍ശനത്തില്‍ ചില വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ യുക്രെയ്‌ൻ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
1991ല്‍ യുക്രെയ്‌ൻ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്ത് സന്ദര്‍ശനം നടത്തുന്നത്. യുദ്ധം തകര്‍ത്ത മേഖലയില്‍ 'സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ സഹകരണങ്ങള്‍ നല്‍കാൻ തയ്യാറാണെന്ന് മോദി നേരത്തെ പറഞ്ഞിരുന്നു.
Also Read : 'ഇന്ത്യയും യുഎസും കരുത്തരായ പങ്കാളികള്‍, ഒന്നിച്ചാല്‍ മാത്രമെ ലോകത്ത് സമാധാനമുണ്ടാകൂ': രാജ്‌നാഥ് സിങ്