ഇസ്ലാമാബാദ് : മതത്തിൻ്റെ പേരിൽ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ദേശീയ അസംബ്ലിയിലാണ് ന്യൂനപക്ഷങ്ങളുടെ ദൈനംദിന കൊലപാതകങ്ങളിൽ പ്രതിരോധ മന്ത്രി ഉത്കണ്‌ഠ പ്രകടിപ്പിച്ചത്. എല്ല ദിവസവും ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുകയാണെന്നും ഇസ്ലാമിന് കീഴില്‍ അവര്‍ സുരക്ഷിതരല്ലെന്നും ഖവാജ ആസിഫ് അഭിപ്രായപ്പെട്ടു.
'എല്ലാ ദിവസവും ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുന്നു. ഇസ്ലാമിന് കീഴില്‍ അവർ സുരക്ഷിതരല്ല. ന്യൂനപക്ഷ സുരക്ഷ എന്ന പ്രശ്‌നം ഞാൻ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുകയാണ്. എന്നാൽ പ്രതിപക്ഷം എൻ്റെ ശ്രമങ്ങളെ തടയുന്നു. ആഗോളമായി പാകിസ്ഥാന്‍ അപമാനം നേരിടുകായണ്.'- ഖവാജ ആസിഫ് അസംബ്ലിയില്‍ പറഞ്ഞു.
ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെങ്കിലും ഇസ്ലാമിലെ ചെറു വിഭാഗങ്ങൾ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ പാകിസ്ഥാനിൽ സുരക്ഷിതരല്ലെന്ന് ആസിഫ് വ്യക്തമാക്കി. ദൈവനിന്ദ ആരോപണങ്ങള്‍ക്ക് പിന്നാലെയുണ്ടായ കൊലപാതകങ്ങളില്‍ പലതും വ്യക്തിപരമായ പകപോക്കലുകൾ മാത്രമായിരുന്നു എന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള പ്രമേയത്തിന് ആസിഫ് ആഹ്വാനം ചെയ്‌തു.
'പാകിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും മറ്റ് ന്യൂനപക്ഷങ്ങളും നിർബന്ധിത മതപരിവർത്തനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകങ്ങൾ, ആക്രമണങ്ങൾ തുടങ്ങിയവയ്ക്ക് ഇരയാകുന്നു എന്ന് എച്ച്ആര്‍സിപി, ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടുകള്‍ പറയുന്നു. കൂടാതെ അഹമ്മദിയ സമൂഹം മതപരമായ ആചാരങ്ങളില്‍ നിന്ന് വിലക്കപ്പെട്ട് വിദ്വേഷ പ്രസംഗങ്ങൾ, ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കടുത്ത പീഡനങ്ങൾക്ക് വിധേയരാകുന്നതായി രാജ്യ വ്യാപകമായി റിപ്പോർട്ടുണ്ട്. ക്രിസ്ത്യാനികൾ മതനിന്ദ ആരോപണങ്ങള്‍ കൊണ്ട് തൊഴിൽ, വിദ്യാഭ്യാസ മേഖലകളില്‍ വിവേചനം നേരിടുന്നു.'- ആസിഫ് കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാൻ മതനിന്ദ നിയമങ്ങൾ പോലുള്ള നിയമങ്ങൾ പതിവായി ദുരുപയോഗം ചെയ്യപ്പെടുന്നതായും പാക് പ്രതിരോധ മന്ത്രി സഭയില്‍ പറഞ്ഞു.