ദുബായ്: ഒമാൻ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള രക്ഷാദൗത്യം ഊര്‍ജ്ജിതം. ഇന്ത്യക്കാരടക്കം ഒന്‍പത് ജീവനക്കാരെ രക്ഷപ്പെടുത്തി. മറ്റൊരാളുടെ മൃതദേഹം കണ്ടെടുത്തു.
ഒമാനിലെ റാസ് മദ്രാക്ക മേഖലയ്ക്ക് തെക്കുകിഴക്കായി 25 നോട്ടിക്കൽ മൈൽ അകലെ തിങ്കളാഴ്‌ച (15 ജൂലൈ) വൈകിട്ടാണ് എംടി പ്രസ്റ്റീജ് ഫാൽക്കൺ എന്ന ടാങ്കർ മറിഞ്ഞതെന്ന് ഒമാന്‍ മാരിടൈം സെക്യൂരിറ്റി ഏജൻസി അറിയിച്ചു. മറിഞ്ഞതിന്‍റെ കാരണവും ടാങ്കറിന്‍റെയും ചരക്കിന്‍റേയും അവസ്ഥ അറിവായിട്ടില്ല.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലും രക്ഷാസംഘങ്ങള്‍ക്കൊപ്പമുണ്ട്. പ്രക്ഷുബ്‌ധമായ കടലും ശക്തമായ കാറ്റും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. കാണാതായ ജീവനക്കാരിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരുമാണുള്ളത്. 117 മീറ്റർ നീളമുള്ള പ്രസ്റ്റീജ് ഫാൽക്കൺ യു.എ.ഇയിലെ ഹംരിയ തുറമുഖത്ത് നിന്ന് യെമൻ തുറമുഖമായ ഏദനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
Also Read: ഒമാൻ തീരത്ത് എണ്ണക്കപ്പല്‍ മുങ്ങി; ഇന്ത്യക്കാരടക്കം 16 ജീവനക്കാരെ കാണാതായി