സിയോൾ: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും മിസൈൽ വിക്ഷേപണവുമായി കിം ജോങ് ഉന്നിന്‍റെ ഉത്തര കൊറിയ. കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ഇന്ന് (ഒക്‌ടോബർ 31) പുലർച്ചെ ബാലിസ്‌റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയൻ ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്‌റ്റാഫ് അറിയിച്ചു. ഉത്തര കൊറിയ പരീക്ഷിച്ചത് ബാലിസ്‌റ്റിക് മിസൈൽ ആകാനിടയുണ്ടെന്ന് ജപ്പാന്‍റെ തീരസംരക്ഷണ സേനയും അറിയിച്ചു.
യുഎസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഒരു നീക്കമായാണ് ഈ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപമെന്നും സൂചനയുണ്ട്. നേരത്തെ യുഎസ് തെരഞ്ഞെടുപ്പിന് മുമ്പായി ബാലിസ്‌റ്റിക് പരീക്ഷണം നടത്തിയേക്കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
യുഎസ് വരെ എത്തുന്ന ദീര്‍ഘദൂര മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ തയാറെടുക്കുകയാണെന്ന് ദക്ഷിണ കൊറിയന്‍ സൈനിക ഇന്‍റലിജന്‍സ് ഏജന്‍സി നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏഴാമത്തെ ആണവ പരീക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഡിസംബറിലാണ് ഉത്തരകൊറിയ ഇതിന് മുമ്പ് മിസൈൽ പരീക്ഷണം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രാജ്യത്തിന്‍റെ ആണവ പ്രതിരോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബാലിസ്‌റ്റിക് മിസൈലിൻ്റെ വളരെ നിർണായകമായ പരീക്ഷണത്തിൽ കിം ജോങ് ഉൻ പങ്കെടുത്തതായാണ് റിപ്പോർട്ട്. എതിരാളികളെ അറിയിക്കുക എന്ന ഉദ്ദേശം പൂർണ്ണമായും നിറവേറ്റുന്ന ഉചിതമായ സൈനിക നടപടിയാണ് പരീക്ഷണ വെടിവയ്‌പ്പ്. ഞങ്ങളുടെ സേന അത് ചെയ്യും, എന്ന് കിം വിക്ഷേപണ വേളയിൽ പറഞ്ഞതായി ഔദ്യോഗിക കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്‌തു.
അതേസമയം മിസൈൽ വിക്ഷേപണത്തെ യുഎസ് അപലപിച്ചു. യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ചാണ് വിക്ഷേപമെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് സീൻ സാവെറ്റ് വിശേഷിപ്പിച്ചു. പ്രദേശത്ത് അനാവശ്യ പിരിമുറുക്കങ്ങൾക്ക് ഉത്തരകൊറിയ വഴിവെച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുടേയും ദക്ഷിണ കൊറിയൻ ജാപ്പനീസ് സഖ്യകക്ഷികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും യുഎസ് സ്വീകരിക്കുമെന്ന് സാവെറ്റ് പറഞ്ഞു.
അയൽരാജ്യങ്ങളെ ഭയപ്പെടുത്താനാണ് ഉത്തരകൊറിയ മിസൈൽ വിക്ഷേപിച്ചതെന്ന് ജപ്പാന്‍ വക്താവ് ലീ സുങ് ജൂൺ പറഞ്ഞു. മിസൈലിൻ്റെ ദൈർഘ്യം 86 മിനിറ്റായതിനാൽ, അതിൻ്റെ പരമാവധി ഉയരം 7,000 കിലോമീറ്ററിലധികമാണ് (4,350 മൈൽ). അത് മുമ്പത്തെ ഉത്തരകൊറിയൻ മിസൈൽ പരീക്ഷണങ്ങളിൽ നിന്നുള്ള ഡാറ്റയേക്കാൾ കൂടുതലാണെന്ന് ജാപ്പനീസ് പ്രതിരോധ മന്ത്രി ജനറൽ നകതാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.