ന്യൂയോര്‍ക്ക് : നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. എതിരാളിയായ ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്നും പിന്മാറി. ഇതോടെയാണ് ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചത്.
സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തിലെ പരാജയത്തിന് പിന്നാലെയാണ് മത്സരത്തിന് മുതിരാതെയുള്ള നിക്കിയുടെ പിന്മാറ്റം. ഇതോടെ ഇനി യുഎസില്‍ നടക്കാനിരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡനും തമ്മിലുള്ള പോരാട്ടമാകും. പിന്മാറ്റ പ്രഖ്യാപനത്തിന് പിന്നാലെ സൂപ്പര്‍ ട്യൂസ്‌ഡേയില്‍ വിജയം നേടിയ ട്രംപിനെ നിക്കി ഹേലി അഭിനന്ദിച്ചു (US President Election).
തന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ളവരില്‍ നിന്നും മറ്റ് സ്വതന്ത്രരില്‍ നിന്നും വോട്ടുകള്‍ നേടേണ്ടത് ഇനി ട്രംപിന്‍റെ ഉത്തരവാദിത്വമാണെന്നും നിക്കി പറഞ്ഞു. ട്രംപിന് അതിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നിക്കി കൂട്ടിച്ചേര്‍ത്തു. വാഷിങ്‌ടണ്‍ ഡിസിയിലെ മത്സരത്തില്‍ നിക്കി ഹേലി ട്രംപിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നാലെ നടന്ന സൂപ്പര്‍ ട്യൂസ്‌ഡേയില്‍ വന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
സൂപ്പര്‍ ട്യൂസ്‌ഡേ പോരാട്ടത്തിന് പിന്നാലെ ട്രംപിനൊപ്പമുള്ള പ്രതിനിധികളുടെ എണ്ണം 995 ആയി. എന്നാല്‍ ഇതുവരെയുണ്ടായ പ്രൈമറികളില്‍ വെര്‍മോണ്ടിലേത് ഉള്‍പ്പെടെ രണ്ടെണ്ണത്തില്‍ മാത്രമെ നിക്കി വിജയിച്ചിട്ടുള്ളൂ. ഇതിലൂടെയെല്ലാം വെറും 89 പ്രതിനിധികളെ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറികള്‍ നടന്ന 15 ഇടങ്ങളിലും ജോ ബൈഡന്‍ മുന്നിലെത്തി (Nikki Haley Drops Election).
ഇനിയും പോരാട്ടത്തിറങ്ങുമെന്ന് നിക്കി: വിദ്യാര്‍ഥി വോട്ടര്‍മാര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് നിക്കി ഹേലിക്കുണ്ടായിരുന്നത്. ഐക്യമാണ് നമ്മുടെ പാര്‍ട്ടിയുടെ പ്രധാനഘടകം എന്നാല്‍ മറ്റുള്ളവര്‍ ഞങ്ങള്‍ ഐക്യത്തിലാണെന്ന് അവകാശപ്പെടുമ്പോഴും അവര്‍ക്ക് ഐക്യം കൈവരിക്കാന്‍ സാധിച്ചിട്ടില്ലെന്നും നിക്ക് ഹേലി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നിന്നും താന്‍ പിന്മാറിയെന്ന് അറിയിച്ചതിന് പിന്നാലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു നിക്കി (US President Election 2024).
ട്രംപിന്‍റെ വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കാനോ നോ ലേബൽസ് ഗ്രൂപ്പിന്‍റെ മൂന്നാം കക്ഷി ടിക്കറ്റിൽ മത്സരിക്കാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹേലി വ്യക്തമാക്കി. രാഷ്‌ട്രീയത്തിലെ തന്‍റെ ഭാവി ഭദ്രമാണ്. ഭാവിയില്‍ പ്രസിഡന്‍റ് സ്ഥാനത്തായി ഇനിയും പോരാട്ടത്തിന് ഇറങ്ങും. അതിന് വേണ്ടതെല്ലാം ഒരുക്കി വച്ചിട്ടാണ് ഇപ്പോഴത്തെ ഈ പിന്മാറ്റമെന്നും നിക്കി കൂട്ടിച്ചേര്‍ത്തു.