ജറുസലേം : ഗാസ-ഈജിപ്‌ത് അതിർത്തി പ്രദേശയമായ ജറുസലേമിൽ നിന്നും സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ മുനമ്പിനും ഈജിപ്‌തിനും ഇടയിലുള്ള പ്രധാന അതിർത്തി പ്രദേശമായ ജറുസലേമിലെ ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് ഇസ്രയേൽ അംഗീകരിച്ചതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ ഇക്കാര്യം സ്ഥിരീകരിച്ചതായായിരുന്നു വാർത്തകൾ.
എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നിറക്കിയ പ്രസ്‌താവനയിൽ നെതന്യാഹു ഈ വാർത്തകൾ നിഷേധിച്ചതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഗാസ ഇസ്രയേലിന് സുരക്ഷ ഭീഷണി ഉയർത്തില്ലെന്ന് ഉറപ്പാക്കുന്നതുൾപ്പെടെ സുരക്ഷ കാബിനറ്റ് മുന്നോട്ട് വച്ചിരിക്കുന്ന യുദ്ധലക്ഷ്യങ്ങളെല്ലാം നേടിയെടുക്കുന്നത് വരെ ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും നെതന്യാഹു പ്രസ്‌താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം നിലനിർത്താതെ തന്നെ തങ്ങളുടെ സുരക്ഷ ആവശ്യങ്ങൾ നിറവേറ്റാൻ ഇസ്രയേലിന് കഴിയുമെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കിയതായി ഇസ്രയേലി യെനെറ്റ് ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്‌തു.
ഫിലാഡൽഫിയിലെ നിയന്ത്രണത്തിനുള്ള നെതന്യാഹുവിന്‍റെ നിർബന്ധം കരാറിനെ അപകടത്തിലാക്കുമെന്ന് ഇവർ വാദിക്കുന്നതായാണ് റിപ്പോർട്ടുകൾ. അതേസമയം നെതന്യാഹുവും യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച ഫോണിൽ ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Also Read: 'ബന്ദികളെ മോചിപ്പിക്കണം, നെതന്യാഹു രാജിവയ്‌ക്കണം': ടെൽ അവീവിലും ജറുസലേമിലും പ്രതിഷേധ റാലി