ക്വെറ്റ : പാകിസ്ഥാനിൽ ബോബ് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാജ്യത്തെ തെക്കുപടിഞ്ഞാറൻ മേഖലയായ ബലൂചിസ്ഥാൻ പ്രവിശ്യയിൽ മോട്ടോർ സൈക്കിൾ ബോംബ് ആക്രമണമാണ് നടന്നത്. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ആഴ്‌ചയും പ്രദേശത്ത് തീവ്രവാദ ആക്രമണം നേരിട്ടിരുന്നു. നാവിക കേന്ദ്രത്തെയും സർക്കാർ കെട്ടിടത്തെയും ആക്രമിക്കാനായിരുന്നു തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ക്വെറ്റെയേയും കറാച്ചിയേയും ബന്ധിപ്പിക്കുന്ന ഖുസ്‌ദാറിലെ പ്രധാന ഹൈവേയിൽ ഞായറാഴ്‌ച ഉണ്ടായ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം സ്ഫോടനത്തിൽ ഒരു സ്ത്രീയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി ഡെപ്യൂട്ടി കമ്മിഷണർ മുഹമ്മദ് ആരിഫ് സർകോൺ പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനിൽ വർഷങ്ങളായി കലാപങ്ങൾ തുടരുകയാണ്. അതേസമയം കലാപം അടിച്ചമർത്താൻ കഴിഞ്ഞതായി സർക്കാർ പറയുന്നുണ്ടെങ്കിലും പ്രവിശ്യയിൽ അക്രമം അവസാനിച്ചിട്ടില്ല.
കഴിഞ്ഞ ശനിയാഴ്‌ചയും സ്‌ഫോടകവസ്‌തുക്കൾ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർ ഉൾപ്പെടെ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.