ഇസ്ലാമാബാദ്: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് പുറത്തുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ (സെപ്‌തംബര്‍ 06) രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു.
പോർട്ട് ഖാസിം ഇലക്‌ട്രിക് പവർ കമ്പനി (പ്രൈവറ്റ്) ലിമിറ്റഡിന്‍റെ ചൈനീസ് ജീവനക്കാർ സഞ്ചരിച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചതെന്ന് ചൈന അറിയിച്ചു. കൊല്ലപ്പെട്ട രണ്ടു പേരും ചൈനക്കാർ ആണെന്ന് ചൈനീസ് എംബസി സ്ഥിരീകരിച്ചു. ഒരു ചൈനക്കാരന് പരിക്കേറ്റതായും ചൈനീസ് എംബസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
വിദേശികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രി സിയ ഉൾ ഹസ്സൻ പറഞ്ഞിരുന്നു. ചൈനക്കാരെ ലക്ഷ്യമിട്ടുളള ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനും നേരത്തെ വ്യക്തമാക്കിയിരുന്നു. മധ്യേഷ്യയെ ചൈനീസ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് തൊഴിലാളികൾ പാകിസ്ഥാനിലുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്‌ഫോടനത്തെ 'ഭീകരാക്രമണം' എന്നാണ് ചൈന വിശേഷിപ്പിച്ചത്. സ്‌ഫോടനത്തിന്‍റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ചൈന പാകിസ്ഥാനുമായി സഹകരിക്കുമെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ ശിക്ഷിക്കാനുളള നടപടി സ്വീകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ പാകിസ്ഥാനിലെ ചൈനീസ് പൗരന്മാരെ ഓർമ്മിപ്പിക്കുകയും ചെയ്‌തു.
സ്ഫോടനത്തിന്‍റെ സ്വഭാവവും അതിന് പിന്നിലെ കാരണവും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഓയിൽ ടാങ്കർ ആയിരിക്കാം പൊട്ടിത്തെറിച്ചതെന്ന് എന്ന സംശയം ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ ഈസ്റ്റ് അസ്‌ഫർ മഹേസർ മുന്നോട്ടുവച്ചു. സംഭവസ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതിന്‍റെയും കാറുകള്‍ കത്തുന്നതിന്‍റെയും വീഡിയോ പുറത്തുവന്നു.