ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് മെറ്റ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് പട്ടികയില്‍ സക്കര്‍ബര്‍ഗിന്‍റെ മുന്നേറ്റം. ഒറ്റദിവസം കൊണ്ട് ആസ്‌തിയിലുണ്ടായ 343 കോടി ഡോളറിന്‍റെ (ഏകദേശം 28,700 കോടി രൂപ) വര്‍ധനവാണ് സക്കര്‍ബര്‍ഗിനെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് ബ്ലൂംബെര്‍ഗിന്‍റെ റിയല്‍ ടൈം ശതകോടീശ്വര പട്ടിക വ്യക്തമാക്കുന്നത്.
നിലവില്‍ 20,600 കോടി ഡോളറാണ് (ഏകദേശം 17.26 ലക്ഷം കോടി രൂപ) സക്കര്‍ബര്‍ഗിന്‍റെ ആസ്‌തി. മൂന്നാം സ്ഥാനത്തുള്ള ബെസോസിന്‍റെ ആസ്‌തി 20,500 കോടി ഡോളർ (ഏകദേശം 17.17 ലക്ഷം കോടി രൂപ) ആണ്. 262 കോടി ഡോളറിന്‍റെ കുറവ് ഉണ്ടായതാണ് പട്ടികയില്‍ ബെസോസ് മൂന്നാം സ്ഥാനത്തേക്ക് വീഴാൻ കാരണം.
എലോണ്‍ മസ്‌ക് ആണ് പട്ടികയില്‍ സക്കര്‍ബര്‍ഗിന് മുന്നില്‍. 25,600 കോടി ഡോളർ (21.45 ലക്ഷം കോടി രൂപ) ആസ്‌തിയാണ് സ്പേസ് എക്‌സ്, എക്‌സ്, ടെസ്‌ല എന്നിവയുടെ മേധാവിയായ മസ്‌കിനുള്ളത്. ആസ്‌തിയില്‍ 597 കോടി ഡോളറിന്‍റെ ഇടിവ് ഉണ്ടായെങ്കിലും മസ്‌ക് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡ് എല്‍വിഎംഎച്ച് മേധാവി ബെർണാഡ് അർണോള്‍ട്ട് (19,300 കോടി ഡോളർ), ഒറാക്കിള്‍ സ്ഥാപകൻ ലാറി എലിസണ്‍ (17,900 കോടി ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സ് (16,100 കോടി ഡോളര്‍), ഗൂഗിൾ സഹ സ്ഥാപകൻ ലാറി പേജ് (15,000 കോടി ഡോളർ), മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബോള്‍മര്‍ (14,500 കോടി ഡോളര്‍), ബേര്‍ക്ക്‌ഷെയര്‍ ഹാത്താവേ സ്ഥാപകൻ വാറൻ ബഫറ്റ് (14,300 കോടി ഡോളര്‍, ഗൂഗിള്‍ സഹസ്ഥാപകൻ സെര്‍ജി ബ്രിൻ (14,100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലെ മറ്റുള്ളവര്‍.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. 10,700 കോടി ആസ്‌തിയുള്ള അദ്ദേഹം പട്ടികയില്‍ 14-ാം സ്ഥാനത്താണ്. 17-ാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്‌തി 10000 കോടി ഡോളറാണ്. പട്ടികയില്‍ ആദ്യ 500ല്‍ സ്ഥാനം പിടിച്ചിട്ടുള്ള ഏക മലയാളി എംഎ യൂസഫലിയാണ്. 483-ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്‍റെ ആസ്‌തി 646 കോടി ഡോളറാണ് (ഏകദേശം 54,130 കോടി രൂപ).
Also Read : എലോണ്‍ മസ്‌ക് ഒരു മണിക്കൂറില്‍ സമ്പാദിക്കുന്നത് 4 ലക്ഷം ഡോളറിലധികം!; റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ...