ലണ്ടന്‍: യുകെ പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ലേബർ പാർട്ടിയുടെ ഏകപക്ഷീയമായ മുന്നേറ്റത്തിൽ മലയാളി സ്ഥാനാർഥി എറിക് സുകുമാരനും തോൽവി. ലണ്ടനിലെ സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിലായിരുന്നു എറിക് സുകുമാരന്‍ മത്സരിച്ചത്. ഇവിടെ ലേബർ പാർട്ടി സ്ഥാനാർഥി ബാംബോസ് കാരലമ്പോസ് 23,337 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയായ എറിക് 8,037 വോട്ടുകളാണ് നേടിയത്. മണ്ഡലത്തിൽ 7 സ്ഥാനാർഥികൾ ജനവിധി തേടിയപ്പോൾ എറിക് ബാക്കി 5 പേരെയും പിന്നിലാക്കി.
അതേസമയം യുകെയിലാകെ ലേബർ പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ മുൻ ക്യാബിനറ്റ് അംഗങ്ങൾ ഉൾപ്പെടെ നിരവധി കൺസർവേറ്റീവ് പാർട്ടി പ്രതിനിധികളാണ് തോൽവി നേരിട്ടത്. സർക്കാർ രൂപീകരിക്കാൻ വേണ്ട 326 സീറ്റുകൾ നേടിയ ലേബർ പാർട്ടി പ്രതിനിധി കെയർ സ്‌റ്റാർമാർ (Keir Starmer) പുതിയ പ്രധാനമന്ത്രിയാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
തിരുവനന്തപുരം വർക്കല സ്വദേശിയായ എറിക് സുകുമാരൻ ജനിച്ച് വളർന്നത് യുകെയിലാണ്. ആറ്റിങ്ങൽ അഞ്ചുതെങ്ങ് സ്വദേശിയായ ജോണി സുകുമാരൻ, വർക്കല സ്വദേശി അനിത സുകുമാരൻ എന്നിവരാണ് മാതാപിതാക്കൾ. ലോകപ്രസിദ്ധമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ കരസ്ഥമാക്കിയ എറിക് ബാങ്കിങ് മേഖലയിലാണ് ജോലി ചെയ്യുന്നത്.
ബ്രിട്ടിഷ് സിവിൽ സർവീസ് നേടിയ എറിക് കാലങ്ങളായി വിവിധ സർക്കാർ പദ്ധതികളിലും സജീവമാണ്. മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിൽ നേരിട്ട തിരിച്ചടിയിൽ എറിക് ഇതു വരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.