ദേർ-അൽ-ബലാഹ്: ഗാസയില്‍ 14 മാസമായി തുടരുന്ന യുദ്ധം എല്ലാ അർഥത്തിലും ദുരന്തം വിതച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്നിട്ടുളളത് സ്‌ത്രീകള്‍ക്കാണ്. ആര്‍ത്തവ ശുചിത്വം, സ്വകാര്യത, വിശ്യാസം തുടങ്ങി യുദ്ധഭൂമിയില്‍ സ്‌ത്രീകള്‍ക്ക് ബലി നല്‍കേണ്ടി വന്നിട്ടുളളത് അവരുടെ അസ്ഥിത്വം വരെയാണ്.
സാനിറ്ററി നാപ്‌കിന്‍സിന്‍റെ ലഭ്യത കുറവാണ് ക്യാമ്പുകളിലെ സ്‌ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. ഷീറ്റുകളോ പഴയ വസ്ത്രങ്ങളോ മുറിച്ചാണ് സ്‌ത്രീകള്‍ പാഡുകളായി ഉപയോഗിക്കുന്നത്. താല്‍ക്കാലികമായി ഒരുക്കിയിട്ടുള്ള ടോയ്‌ലറ്റുകളിൽ ഒന്ന് തന്നെ ഒരുപാട് ആളുകള്‍ ഉപയോഗിക്കേണ്ടിവരുന്നത് പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
ആര്‍ത്തവം ഉണ്ടാകാതിരിക്കാന്‍ മരുന്ന് കഴിക്കുക. മാസങ്ങളോളം ഒരേ വസ്‌ത്രം ധരിക്കേണ്ടി വരിക. ടെന്‍റിലെ ദുരന്ത ജീവിതത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുക തുടങ്ങി സ്‌ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിയില്ല.
വസ്ത്രം മാറാന്‍ ഇടമില്ല
വസ്‌ത്രം മാറാന്‍ ബുദ്ധിമുട്ടുന്ന സ്‌ത്രീകളെ ഓരോ ടെന്‍റിലും കാണാന്‍ സാധിക്കും. ബന്ധുക്കളെല്ലാം തിങ്ങിനിറഞ്ഞ് താമസിക്കുന്ന ടെന്‍റുകളില്‍ പലപ്പോഴും മറ്റ് പുരുഷന്മാരുടെ സാന്നിധ്യത്തിലാണ് സ്‌ത്രീകള്‍ക്ക് വസ്‌ത്രം മാറാന്‍ സാധിക്കുക. എന്തിനേറെ ഒരു കൈ അകലത്തിലുളള മറ്റ് ടെന്‍റുകളിലെ അപരിചിതരും സ്‌ത്രീകളുടെ സ്വകാര്യതയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവരാണ്.
പ്രാർഥന വസ്ത്രത്തില്‍ ഒതുങ്ങുന്ന ജീവിതം
'ഞങ്ങളുടെ ജീവിതം തന്നെ പ്രാർഥന വസ്‌ത്രമായി മാറിയിരിക്കുന്നു. മാർക്കറ്റിൽ പോകുമ്പോള്‍ വരെ ഞങ്ങൾ ഷാള്‍ ധരിക്കുന്നു. സാധാരണയായി പ്രര്‍ഥിക്കുമ്പോള്‍ മാത്രമാണ് ഷാള്‍ ധരിക്കാറുളളത്. പിന്നെ മറ്റ് പുരുഷന്മാര്‍ക്ക് മുന്നിലും ഷാള്‍ ധിരിക്കണം. ഇപ്പോള്‍ ക്യാമ്പിന് ചുറ്റും പല പുരുഷന്മാര്‍ ഉളളതിനാല്‍ എപ്പോഴും ഷാള്‍ ധരിക്കേണ്ട അവസ്ഥയിലാണ് സ്‌ത്രീകള്‍. രാത്രി ഉറങ്ങുമ്പോള്‍ വരെ ഷാള്‍ ധരിക്കേണ്ട അവസ്ഥയാണ്. രാത്രി ഇസ്രയേലി ആക്രമണം ഉണ്ടായാല്‍ അപ്പോള്‍ തന്നെ ഓടി രക്ഷപ്പടണമല്ലോ' എന്ന് മൂന്ന് കുട്ടികളുടെ അമ്മയായ അലാ ഹമാമി പറഞ്ഞു.
ഗാസയിലെ സ്‌ത്രീകളുടെ വിശ്വാസ പ്രകാരം മറ്റ് പുരുഷന്മാരുടെ സാന്നിധ്യത്തില്‍ തലയില്‍ തുണിയിടണം. എന്നാല്‍ പലപ്പോഴും അവര്‍ക്ക് അതിന് സാധിക്കുന്നില്ല. 'എന്‍റെ പ്രാർഥന ഷാൾ കീറി പാചക പാത്രം പിടിക്കുന്നതിന് ഉപയോഗിക്കേണ്ടി വന്നു. മുമ്പ് ഞങ്ങൾക്ക് ഒരു മേൽക്കൂര ഉണ്ടായിരുന്നു. ഇവിടെ അതില്ല. ഇവിടെ ഞങ്ങളുടെ മുഴുവൻ ജീവിതവും പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. സ്ത്രീകൾക്ക് ഒരു സ്വകാര്യതയും ഇല്ല എന്ന് ഹമാമി പറഞ്ഞു.
ഭക്ഷണമോ പാഡോ?
ഗാസയിലെ 6,90,000 സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവ ശുചിത്വ ഉത്‌പന്നങ്ങളും ശുദ്ധജലവും ടോയ്‌ലറ്റുകളും ആവശ്യമാണെന്ന് യുഎൻ അറിയിച്ചു. ആര്‍ത്തവ കിറ്റുകള്‍ പെട്ടെന്ന് തീരുന്നു എന്നും യുഎന്‍ വെളിപ്പെടുത്തി. ഇവയ്‌ക്ക് വലിയ വില നല്‍കേണ്ടി വരുന്നതും ഉപയോഗം കുറയുന്നതിന് കാരണമായി. പാഡുവേണോ ഭക്ഷണവും വെളളവും വേണോ എന്ന് തിരഞ്ഞെടുക്കേണ്ടി വരുന്നു.
'ആര്‍ത്തവ സമയത്ത് ഉപയോഗിക്കാനായി തൻ്റെ പഴയ വസ്ത്രങ്ങൾ വലിച്ചുകീറി. തുണി എവിടെ കണ്ടാലും അത് കീറി ഉപയോഗിക്കും. ഒരു പാക്കറ്റ് പാഡിന്‍റെ വില 45 ഷെക്കൽ ($12) ആണ്. ടെന്‍റിലെ എല്ലാവരുടെയും കൈയിലെ പണം ചേര്‍ത്തുവച്ചാല്‍ അഞ്ച് ഷെക്കൽ പോലും ഉണ്ടാകില്ല' എന്ന് ക്യാമ്പിൽ താമസിക്കുന്ന മൂന്ന് കുട്ടികളുടെ അമ്മയായ ഡോവ ഹെല്ലിസ് പറഞ്ഞു.
'ക്യമ്പിലെ ജീവിതം ലളിതമായ ആവശ്യങ്ങൾ പോലും നിറവേറ്റുന്നത് ബുദ്ധിമുട്ടിലാക്കി. പിരീഡ് പാട് പോലും കിട്ടാത്ത അവസ്ഥയാണ് നിലവിലുളളത്. തുണിക്കഷണങ്ങളും ഡയപ്പറുകളുമാണ് പാടിന് പകരം ഉപയോഗിക്കുന്നത്. അവയ്‌ക്കും വില വര്‍ധിച്ചിരിക്കുകയാണെന്ന്' രണ്ട് കുട്ടികളുടെ അമ്മയായ വഫാ നസ്‌റല്ല പറഞ്ഞു.
ആർത്തവം തടയാൻ ഗർഭനിരോധന ഗുളികകൾ
ചില സ്ത്രീകൾ ആർത്തവ സമയത്തെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കാറുണ്ടെന്ന് ഗാസയിലെ സജീവ ജീവകാരുണ്യ സംഘടനയായ അനേര വെളിപ്പെടുത്തി. താമസ സ്ഥലം നിരന്തരം മാറികൊണ്ടിരിക്കുന്നതിന്‍റെയും സമ്മര്‍ദത്തിന്‍റെയും ഭാഗമായി പലരുടെയും ആര്‍ത്തവ ചക്രത്തിന്‍റെ ക്രമം തെറ്റുന്നു. ഈ അവസ്ഥ സ്‌ത്രീകളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്ന് ഗാസയിലെ വിമൻസ് അഫയേഴ്‌സ് സെൻ്റർ ഡയറക്‌ടർ അമൽ സെയം പറഞ്ഞു.
40 ദിവസമായി ഒരേ വസ്ത്രം
പലപ്പോഴും സ്‌ത്രീകള്‍ക്ക് ഒരേ വസ്‌ത്രം ആഴ്‌ചകളോളം ധരിക്കേണ്ടി വരുന്നു. ചില സ്ത്രീകൾ 40 ദിവസമായി വസ്ത്രം മാറിയിട്ടില്ല. പഴയ തുണികൊണ്ടുള്ള പാഡുകള്‍ ഉപയോഗിക്കുന്നത് ത്വക്ക് രോഗങ്ങൾക്കും പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും വരെ കാരണമാകാം എന്നും അമല്‍ സെയം പറഞ്ഞു. 'യുദ്ധ മുഖത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെടുന്ന സമയത്ത് വസ്‌ത്രങ്ങളും മറ്റ് അവശ്യ വസ്‌തുക്കളും എടുക്കാന്‍ സാധിച്ചിരുന്നില്ല.
നിലത്ത് ഒരു കുഴിയും അതിന് ചുറ്റും വിറകുകള്‍ കൊണ്ട് മൂടിയിരിക്കുന്നതാണ് കുളിമുറി'- രണ്ട് കുട്ടികളുടെ അമ്മയായ വഫാ നസ്‌റല്ല പറയുന്നു. ഗാസയിലെ ഒരു സ്ത്രീക്ക് ശുചിത്വം, ആർത്തവചക്രം നിയന്ത്രിക്കാനും സുചിത്വം പാലിക്കാനും കഴിയുന്നില്ലെങ്കില്‍ ഗാസയിലെ സ്‌ത്രീകളുടെ അവസ്ഥ എന്താണെന്ന് ഓര്‍ത്തു നോക്കുക.
'എല്ലാം നശിച്ചു'
ഒരു സ്ത്രീയെന്ന നിലയിൽ കൂടുതൽ സന്തോഷവും കുറച്ച് ഭാരവും തോന്നിയ ഒരു കാലത്തെ കുറിച്ച് ഹെല്ലിസ് ഓർത്തു. സ്ത്രീകൾക്ക് ഇപ്പോൾ എല്ലാം നഷ്‌ടപ്പെട്ടിരിക്കുന്നു. വസ്ത്രമോ കുളിമുറിയോ പോലുമില്ല. സ്‌ത്രീകളുടെ മാനസികാരോഗ്യം നശിച്ചിരിക്കുന്നു. ടെന്‍റുകളിലെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് 18 വയസിന് മുമ്പ് തന്നെ സ്‌ത്രീകളെ കല്ല്യാണം കഴിപ്പിച്ച് വിടുന്ന സംഭവങ്ങും ഉണ്ടാകുന്നു എന്നും ഹെല്ലിസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടെന്‍റില്‍ 13 ബന്ധുക്കള്‍ക്കൊപ്പമാണ് ഹെല്ലിസ് ജീവിക്കുന്നത്. യുദ്ധസമയത്ത് അവൾ ഒരു മകന് ജീവന്‍ നല്‍കുകയുമുണ്ടായി. അവന് ഇപ്പോൾ എട്ട് മാസം പ്രായമുണ്ട്. എട്ട് മാസം പ്രായമുളള അഹമ്മദിനെയും മറ്റ് രണ്ട് കുട്ടികളെയും പരിചരിക്കുന്നതിനും എല്ലാവരുടെയും തുണി കഴുകുന്നതിനും പാചകം ചെയ്യുന്നതിനും വെള്ളത്തിനായി വരി നില്‍ക്കുന്നതിനും ഇടയിൽ തന്നെ പരിപാലിക്കാൻ സമയമില്ലെന്ന് ഹെല്ലിസ് പറഞ്ഞു.
ഗാസയിലെ വീട്ടില്‍ നിന്ന് ക്യാമ്പിലേക്ക് കൊണ്ടുവന്ന ഒരു കോംപാക്റ്റും മറ്റ് സൗന്ദര്യ വര്‍ധക വസ്‌തുക്കളും യുദ്ധത്തിന് മുന്‍പുളള അവളുടെ ജീവിതം എന്തായിരുന്നു എന്ന് ഇടയ്‌ക്ക് ഹെല്ലിസിനെ ഓർമ്മിപ്പിക്കുന്നു.
ക്യാമ്പില്‍ നിന്ന് ക്യാമ്പിലേക്കുളള യാത്രക്കിടിയലും പൊട്ടിയെ കണ്ണാടി മുറകെ പിടിച്ച് 46 കാരി
കഴിഞ്ഞ ഒരു വർഷത്തിനിടയില്‍ നാല് വ്യത്യസ്‌ത ക്യാമ്പുകളില്‍ താമസിക്കേണ്ടി വന്നിട്ടുളള അമല്‍ അല്‍- ജലി ഒരു പൊട്ടിയ കണ്ണാടി സൂക്ഷിച്ചുവച്ചിട്ടുണ്ട്. രണ്ട് കഷ്‌ണങ്ങളായി പൊട്ടിയ ആ കണ്ണാടി ഒരുമിച്ച് പിടിച്ച് ഇടയ്‌ക്ക് ഒക്കെ അവര്‍ മുഖം നോക്കാറുണ്ട്. എനിക്ക് ഇഷ്‌ടമുളളതെല്ലാം വയ്‌ക്കാന്‍ കഴിയുന്ന ഒരു വാർഡ്രോബ് തന്നെ പണ്ട് ഉണ്ടായിരുന്നു എന്ന് ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട 14 കുട്ടികളുടെ അമ്മയായ 46കാരി പറഞ്ഞു.
ഞങ്ങൾ എല്ലാ ദിവസവും നടക്കാൻ പോകുമായിരുന്നു. വിവാഹ പാർട്ടികൾക്കും പാർക്കുകളിലും മാളുകളിലും പോകാറുണ്ടായിരുന്നു. അവിടെ നിന്ന് ആവശ്യമുള്ളതെല്ലാം വാങ്ങും. എന്നാല്‍ യുദ്ധത്തിൽ സ്ത്രീകൾക്ക് അവരുടെ അസ്‌തിത്വം നഷ്‌ടപ്പെട്ടു. യുദ്ധത്തിന് മുമ്പ് സ്ത്രീകൾ സ്വയം പരിപാലിച്ചിരുന്നു. ഇപ്പോള്‍ അതെല്ലാം നശിച്ചു എന്നും അമല്‍ അല്‍- ജലി പറഞ്ഞു.
ദുരിതമേറ്റി ശീതകാലം
ഗാസയിലെ ഒരു വര്‍ഷത്തിന് മുകളിലായി തുടരുന്ന യുദ്ധം 2.3 ദശലക്ഷം പലസ്‌തീനികളില്‍ 90 ശതമാനം ആളുകളെയും അഭയാര്‍ഥികളാക്കി. അവരിൽ ലക്ഷക്കണക്കിന് ആളുകൾ നിലവില്‍ ക്യാമ്പുകളിലാണ് താമസിക്കുന്നത്. ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ടെന്‍റുകളില്‍ നിന്ന് മലിനജലം തെരുവിലേക്ക് ഒഴുകുന്നു. ഭക്ഷണത്തിനും വെള്ളത്തിനുമായി ലക്ഷകണക്കിന് ആളുകള്‍ കഷ്‌ടപ്പെടുന്നു. ശീതകാലം ആരംഭിക്കുന്നതോടെ ടെന്‍റിലെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും.
ഇസ്രയേല്‍-ഗാസ യുദ്ധം
2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തിയിരുന്നു. ഹമാസിന്‍റെ ആക്രമണത്തില്‍ 1,200 ഇസ്രയേലികള്‍ കൊല്ലപ്പെട്ടിരുന്നു. 250 ഓളം പേരെ തടവുകാരാക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം ആരംഭിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ 45,000 പലസ്‌തീനികള്‍ക്ക് ജീവന്‍ നഷ്‌ടമായി. അതിൽ പകുതിയില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. ഗാസയിലെ വിശാലമായ നഗരങ്ങളും പട്ടണങ്ങളും യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞതോടെ സ്‌ത്രീകളുടെ ജീവിതം ടെന്‍റിനുളളിലേക്ക് ചുരുങ്ങി.