താനാ ടൊരാജ (ഇന്തോനേഷ്യ) : കനത്ത മഴയെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലുണ്ടായ മണ്ണിടിച്ചിലില്‍ പതിനാല് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി.
ചുറ്റുപാടുമുള്ള കുന്നില്‍ നിന്ന് നാല് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. ദക്ഷിണ സുലാവെസി പ്രവിശ്യയിലെ താനാ ടൊരാജ ജില്ലയിലാണ് അപകടമുണ്ടായതെന്ന് പ്രദേശത്തെ പ്രാദേശിക പൊലീസ് മേധാവി ഗുണ്ടാരി മുണ്ട് പറഞ്ഞു. അപകടമുണ്ടായ ഒരു വീട്ടില്‍ ഈ സമയത്ത് ഒരു കുടുംബ ഒത്തുചേരല്‍ നടക്കുകയായിരുന്നു.
പൊലീസും സൈനികരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. എട്ടുവയസുള്ള ഒരു പെണ്‍കുട്ടിയടക്കം രണ്ടു പേരെ പരിക്കുകളോടെ രക്ഷിക്കാനായി. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മൂന്ന് വയസുള്ള ഒരു പെണ്‍കുഞ്ഞിനെയടക്കമാണ് കാണാതായിട്ടുള്ളതെന്ന് ദുരന്ത നിവാരണ അതോറിറ്റി വക്‌താവ് അബ്‌ദുള്‍ മുഹാരി പറഞ്ഞു.
മോശം കാലാവസ്ഥയും മണ്ണിന്‍റെ അസ്ഥിരതയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ധാരാളം സഞ്ചാരികള്‍ എത്തുന്ന മേഖലയാണിത്. പൗരാണിക വീടുകളും തടിയില്‍ തീര്‍ത്ത പ്രതിമകളും മറ്റുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണീയത. മൃതദേഹങ്ങള്‍ അടക്കിയ ശേഷം സ്ഥാപിക്കുന്ന പ്രതിമകളാണിവ. ടൗടൗ എന്നാണ് ഇവ അറിയപ്പെടുന്നത്.
Also Read: ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ 2 പേര്‍ക്ക് ദാരുണാന്ത്യം; 7 പേർക്ക് പരിക്ക്
മഴക്കാലമാകുമ്പോള്‍ ഇന്തോനേഷ്യയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും പതിവാണ്. 17000 ദ്വീപുകളാണ് ഇവിടെ ആകെയുള്ളത്. ലക്ഷക്കണക്കിന് ജനങ്ങള്‍ കുന്നിന്‍ മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സമതലങ്ങളിലുമായി ജീവിക്കുന്നു.