തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ തിരുവനന്തപുരം സ്വദേശിയും. തിരുവനന്തപുരം, നെടുമങ്ങാട്, വലിയമല സ്വദേശി അരുൺ ബാബു (37)വിന്‍റെ മരണമാണ് സ്ഥിരീകരിച്ചത്.
മൂന്നും പതിമൂന്നും വയസുള്ള പെണ്‍മക്കളുള്ള അരുൺ ബാബു ഏഴ് മാസം മുൻപായിരുന്നു കുവൈറ്റിലേക്ക് പുറപ്പെട്ടത്. ദിവസേന വീട്ടിലേക്ക് വിളിച്ചിരുന്ന അരുൺ ബാബു ഇന്നലെ മുതൽ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നില്ല. തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിന്‍റെ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബന്ധുക്കൾ അരുൺ ബാബുവിന്‍റെ സുഹൃത്തുക്കളെയാണ് ആദ്യം ബന്ധപ്പെട്ടിരുന്നത്.
ഇന്നലെ മുതൽ അരുൺ ബാബുവിനെ കാണാനില്ലെന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം. തുടർന്ന് നോർക്കയുടെ കൺട്രോൾ റൂം ഇന്ന് അരുൺ ബാബുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിമാരായ ജി ആർ അനിൽ, വി ശിവൻകുട്ടി എന്നിവർ അരുൺ ബാബുവിന്‍റെ നാട്ടിലെത്തി സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സംസാരിച്ചു. എന്നാൽ മരണവിവരം അരുൺ ബാബുവിന്‍റെ അമ്മ ഉൾപ്പെടെയുള്ളവർ ഇതുവരെ അറിഞ്ഞിട്ടില്ല.
Also Read: കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ ഒരു ചങ്ങനാശ്ശേരി സ്വദേശി കൂടി