സിയോള്‍: ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കുമെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണിയുമായി ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഇരുരാജ്യങ്ങളും തങ്ങളെ പ്രകോപിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശം. മുന്‍പ് പല തവണകളിലായി ഇത്തരത്തിലുള്ള ഭീഷണികള്‍ മുഴക്കിയിട്ടുള്ള കിം ജോങ് ഉൻ ഇത്തവണ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍.
ശത്രുക്കള്‍ക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാൻ തങ്ങള്‍ക്ക് യാതൊരു മടിയുമില്ലെന്നാണ് കിം ജോങ് ഉൻ അഭിപ്രായപ്പെടുന്നത്. ദേശീയ പ്രതിരോധ സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിലൊരു മുന്നറിയിപ്പ് അമേരിക്കയ്‌ക്കും ദക്ഷിണ കൊറിയക്കും നല്‍കിയതെന്നാണ് കൊറിയൻ കേന്ദ്ര വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും തങ്ങള്‍ക്കെതിരെ സൈനികാക്രമണം നടത്തിയാല്‍ അതിനെ പൂര്‍ണശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും കിം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവില്‍ ആണവായുധങ്ങള്‍ ഒന്നും തന്നെ ദക്ഷിണ കൊറിയയുടെ പക്കലില്ല. എന്നാല്‍, കഴിഞ്ഞ ജൂലൈയില്‍ അമേരിക്കയുമായി അവര്‍ ഒരു പ്രതിരോധ കരാറില്‍ ഒപ്പുവച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ ഭീഷണികളെ നേരിടാനുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ആണവായുധങ്ങളുടെ പ്രധാന ഘടകമായ ആയുധ-ഗ്രേഡ് യുറേനിയം ഉത്പാദനത്തിന്‍റെ സൗകര്യങ്ങളെ കുറിച്ച് അടുത്തിടെയാണ് ഉത്തര കൊറിയ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിന് പിന്നാലെ മിസൈല്‍ പരീക്ഷണങ്ങളും അവര്‍ തുടര്‍ന്നിരുന്നു. ഇത് മേഖലയിലെ ആശങ്ക വര്‍ധിപ്പിച്ചതായാണ് പറയപ്പെടുന്നത്.
ഉത്തര കൊറിയ നിലവില്‍ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തലുകള്‍ അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അവരുടെ ശ്രദ്ധയാകര്‍ഷിക്കാൻ വേണ്ടിയാണെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അഭിപ്രായപ്പെടുന്നത്. ആണവായുധങ്ങളുടെ പരീക്ഷണ സ്ഫോടനം, ദീർഘദൂര മിസൈൽ വിക്ഷേപണം തുടങ്ങിയ പ്രകോപനങ്ങള്‍ ഉത്തര കൊറിയയുടെ ഭാഗത്ത് നിന്നുമുണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറിയാല്‍ ഉപരോധം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിന്നും ഇളവുകള്‍ നേടാൻ ദക്ഷിണ കൊറിയ ആണവായുധ ശേഖരം പ്രയോജനപ്പെടുത്താൻ സാധ്യതയുണ്ടെന്നും പല വിദഗ്‌ധരും അഭിപ്രായപ്പെടുന്നു.