ആഗോള ജനസംഖ്യയുടെ പകുതിയോളം ഉള്‍കൊള്ളുന്ന രാജ്യങ്ങളും ജനവിധി തേടിയ ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. വരാനിരിക്കുന്ന 12 മാസക്കാലം നാം 2024ല്‍ കണ്ട തെരഞ്ഞെടുപ്പ് തരംഗത്തെ കാണാൻ സാധിച്ചുവെന്ന് വരില്ല. എങ്കില്‍പ്പോലും ചില രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാകാനുള്ള സാധ്യതകളേറെയാണ്. അങ്ങനെ 2025ല്‍ വരാനിരിക്കുന്ന ചില സുപ്രധാന തെരഞ്ഞെടുപ്പുകളെക്കുറിച്ചും ആ രാജ്യങ്ങളിലെ രാഷ്‌ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അറിയാം.
ബെലാറസ് (ജനുവരി 26): തുടര്‍ച്ചയായ ഏഴാം തവണയും ബെലാറസില്‍ അലക്‌സാണ്ടർ ലുകാഷെങ്കോ അധികാരമുറപ്പിച്ചേക്കുമെന്നാണ് ദക്ഷിണ ഫ്ലോറിഡ യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലെ സ്‌കൂൾ ഓഫ് ഇൻ്റർഡിസിപ്ലിനറി ഗ്ലോബൽ സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ തത്സിയാന കുലകേവിച്ച് അഭിപ്രായപ്പെടുന്നതെന്നാണ് ദി കോണ്‍വെര്‍സേഷൻ റിപ്പോര്‍ട്ട്. യൂറോപ്പിലെ സ്വേച്ഛാധിപത്യ ഭരണകര്‍ത്താക്കളില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തിയെന്നാണ് ലുകാഷെങ്കോയെ വിശേഷിപ്പിക്കുന്നത്. 1994ല്‍ ബെലാറസിന്‍റെ ഭരണ തലപ്പത്തേക്ക് എത്തിയ ലുകാഷെങ്കോയുടെ സ്ഥാനത്തിന് ഇതുവരെയും ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ഭരണനേതൃത്വത്തിനെതിരെ മത്സരിക്കാൻ ഒരു പ്രതിപക്ഷമില്ലാത്തതുകൊണ്ട് തന്നെ ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് സൂചന. 2020 ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ച ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് അലെ ഹൈദുകെവിച്ച് ഉൾപ്പെടെ നാല് പേര്‍ മത്സര രംഗത്തുണ്ടാകുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇവരെല്ലാം ലുകാഷെങ്കോയ്‌ക്കും അദ്ദേഹത്തിന്‍റെ പ്രധാന നയങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചതായാണ് വിവരം.
മുൻ പാർലമെൻ്റ് അംഗവും 2020 ലെ പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ഹന്ന കനപത്സ്കയ, റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ലേബർ ആൻഡ് ജസ്റ്റിസിൻ്റെ ചെയർമാൻ അലിയാക്‌സാണ്ടർ ഖിഷ്‌ന്യാക്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബെലാറസിൻ്റെ ആദ്യ സെക്രട്ടറി സിയാർഹെയ് സിരാങ്കുവ് എന്നിവരാണ് അലക്‌സാണ്ടർ ലുകാഷെങ്കോയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യങ്ങളല്ല നിലവില്‍ ബെലാറസിലുള്ളത്. വിദേശത്തുള്ള വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള അനുമതി നിലവില്‍ രാജ്യത്തില്ല. 2020ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയാണ് ഇത് ബെലാറഷ്യൻ അധികാരികൾ നിർത്തലാക്കിയത്.
ലുകാഷെങ്കോ അധികാരം നിലനിര്‍ത്തിയാല്‍ റഷ്യയുടെ പ്രധാന സഖ്യകക്ഷിയായി ബെലാറസ് തുടരും. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന നിലപാടുകളായിരിക്കും ലുകാഷെങ്കോ ഭരണകൂടം സ്വീകരിക്കുക.
ജര്‍മ്മനി (ഫെബ്രുവരി 23): മധ്യ ഇടത് സര്‍ക്കാരിന്‍റെ പതനവും പാര്‍ലമെന്‍റ് പിരിച്ചുവിടലും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കലുഷിതമായ ജര്‍മ്മനിയില്‍ പ്രതീക്ഷിച്ചതിലും നേരത്തെയാണ് തെരഞ്ഞെടുപ്പ് എത്തുന്നത്. വ്യാപാരികളെ പിന്തുണയ്ക്കുന്ന ഫ്രീ ഡെമോക്രാറ്റുകളും പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുന്ന ഗ്രീൻപാർട്ടിയും ഒലാഫ് ഷോൾസിന്‍റെ സോഷ്യൽ ഡെമോക്രാറ്റുകളും ചേർന്നതായിരുന്നു ജര്‍മ്മനിയിലെ ഭരണസഖ്യം. ദുർബലമായിക്കൊണ്ടിരിക്കുന്ന സമ്പദ്‍വ്യവസ്ഥയെ ശക്തമാക്കുന്നതിനെക്കുറിച്ച് സഖ്യത്തിൽ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.
ഒരു മാസത്തോളം നീണ്ട രാഷ്ട്രീയാനിശ്ചിതത്വങ്ങള്‍ക്കൊടുവിലായിരുന്നു പ്രസിഡന്‍റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയ്ർ പാർലമെന്‍റായ 'ബുണ്ടസ്റ്റാഗ്' പിരിച്ചുവിട്ടത്. ഡിസംബർ 16ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ചാൻസലർ ഒലാഫ് ഷോൾസ് പരാജയപ്പെട്ടതോടെയാണ് ജര്‍മ്മനിയില്‍ തെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. അസാധാരണ സംഭവവികാസങ്ങള്‍ അരങ്ങേറിയിരുന്നില്ലെങ്കില്‍ 2025 സെപ്‌റ്റംബറിലായിരുന്നു ജര്‍മ്മനിയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
രണ്ടാം ലോക യുദ്ധത്തിനുശേഷം ബുണ്ടെസ്റ്റാഗിന് സ്വയം പിരിച്ചുവിടാനുള്ള അധികാരം ജര്‍മ്മൻ ഭരണഘടന അനുവദിക്കുന്നില്ല. പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പ്രസിഡന്‍റാണ്. ഇതിനായി സ്റ്റെയ്‌ൻമെയ്‌ര്‍ക്ക് 21 ദിവസത്തെ സമയവും അനുവദിച്ചിരുന്നു.
ഏറെ വെല്ലുവിളികള്‍ക്കിടയിലാണ് ജര്‍മ്മനി തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. തങ്ങളുടെ നയതന്ത്രപരവും സാമ്പത്തികവുമായ നിലയെ കൂടി പരീക്ഷിക്കുന്ന റഷ്യ-യുക്രെയ്‌ൻ യുദ്ധവും ചൈനയിൽ നിന്നുള്ള വ്യാവസായിക മത്സരത്തിൻ്റെ തീവ്രമായ ഇരട്ട സമ്മർദ്ദങ്ങളും ഡൊണാൾഡ് ട്രംപ് സൃഷ്‌ടിച്ച ഒരു വ്യാപാര യുദ്ധത്തിൻ്റെ സാധ്യതയും ജര്‍മ്മനി അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തികവും രാഷ്ട്രീയവുമായ ബുദ്ധിമുട്ടുകൾ വര്‍ധിപ്പിക്കുന്നതാണ് ഈ പ്രശ്‌നങ്ങള്‍.
കൊവിഡ് മഹാമാരി സൃഷ്‌ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറാൻ ജര്‍മ്മനിക്ക് ഇതുവരെയും സാധിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണ് നിലവില്‍ രാജ്യം. കുടിയേറ്റം, ആഭ്യന്തര നിക്ഷേപം വർധിപ്പിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. എന്നിരുന്നാലും, ജർമ്മനിയുടെ ഭരണഘടനാപരമായ "ഡെറ്റ് ബ്രേക്ക്" കാരണം ചെലവ് വർധിപ്പിക്കുന്നത് രാഷ്ട്രീയമായി വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇത് സന്തുലിത ബജറ്റ് നിർബന്ധമാക്കുകയും കടമെടുക്കുന്നതില്‍ സര്‍ക്കാറിന് പരിധി നിശ്ചയിക്കുകയും ചെയ്യാനാണ് സാധ്യത.
ഫിലിപ്പീൻസ് (മെയ് 12): മുൻ പ്രസിഡന്‍റ് ഫെര്‍ഡിനാൻസ് മാര്‍ക്കോസിന്‍റെ സ്വേച്ഛാധിപത്യം അവസാനിച്ച 1986 മുതല്‍ ഫിലിപ്പീൻസില്‍ പ്രസിഡന്‍റുമാരുടെ ഒറ്റ ടേമിലെ ഭരണ കാലാവധി ആറ് വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പുകളിലൂടെ രാജ്യത്തെ പ്രാദേശിക ഉദ്യോഗസ്ഥരെയും താഴ്ന്ന സഭയിലേക്കുള്ള ജില്ലാ പ്രതിനിധികളെയും ദേശീയതലത്തിൽ 12 സെനറ്റര്‍മാരെയും തെരഞ്ഞെടുക്കാറുണ്ട്. 2025ൽ അത്തരത്തില്‍ ഒരു തെരഞ്ഞെടുപ്പാണ് ഫിലിപ്പീൻസില്‍ നടക്കാൻ പോകുന്നത്.
ഈ സെനറ്റോറിയൽ മത്സരങ്ങൾ സിറ്റിംഗ് പ്രസിഡൻ്റിനെക്കുറിച്ചുള്ള ജനഹിത പരിശോധനയ്ക്ക് തുല്യമാണ്. എന്നിരുന്നാലും, അവ രാഷ്ട്രീയ നെറ്റ്‌വർക്കുകള്‍ക്ക് മേലുള്ള അധികാരികളുടെ നിയന്ത്രണത്തിൻ്റെ പ്രദർശനങ്ങളായി കരുതുന്നതാകും കൂടുതല്‍ ശരി. മിക്ക സെനറ്റോറിയൽ സ്ഥാനാർഥികളും പ്രസിഡൻ്റിൻ്റെ പിന്തുണ കൂടി ഇവിടെ തെരഞ്ഞെടുപ്പില്‍ ആശ്രയിക്കുന്നു.
അമേരിക്കയില്‍ ഉള്ളതിനേക്കാള്‍ കൂടുതൽ കൃത്യതയുള്ളതാണ് ഫിലിപ്പീൻസിലെ തെരഞ്ഞെടുപ്പ് സര്‍വേകള്‍ എന്നാണ് സമീപകാലത്തെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 12 സെനറ്റോറിയൽ അംഗങ്ങളില്‍ പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിനെ പിന്തുണയ്‌ക്കുന്ന ഒമ്പതോ പത്തോ വരെ പേർ ജയിക്കുമെന്നാണ് നിലവിലുള്ള പ്രവചനങ്ങള്‍. മുൻ പ്രസിഡൻ്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിൻ്റെ മകളും വൈസ് പ്രസിഡൻ്റ് സാറ ഡ്യൂട്ടേർട്ടുമായുള്ള പിരിമുറുക്കങ്ങൾക്കിടയിൽ മാർക്കോസ് ജൂനിയറിന് അധികാരം ഉറപ്പിക്കുന്നതിന് 2025ലെ സെനറ്റ് തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണ്.
കാനഡ (ഒക്‌ടോബര്‍ 20ന് മുന്‍പ്): 2025 ഒക്‌ടോബർ 20-ന് ഭരണഘടനാപരമായി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് മുമ്പായി തന്നെ കാനഡയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ഏറെ വിവാദങ്ങളില്‍ ചെന്നുപെട്ട പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അദ്ദേഹത്തിൻ്റെ ദുർബലമായ സഖ്യ സർക്കാരും കനത്ത പതനത്തെയായിരിക്കും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടി വരികയെന്നാണ് വിലയിരുത്തലുകള്‍.
ആഭ്യന്തരമായും അന്തര്‍ദേശീയമായും ട്രൂഡോ സമ്മര്‍ദത്തിലാണ്. നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കാനഡയുടെ വ്യാപാര നയങ്ങളെ വിമർശിക്കുകയും ശക്തമായ അതിർത്തി സുരക്ഷയ്ക്കും പ്രതിരോധ ചെലവ് വര്‍ധിപ്പിക്കുന്നതിനും ആഹ്വാനം ചെയ്‌തിട്ടുണ്ട്. കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ, ട്രൂഡോയുടെ കാലാവസ്ഥാ അജണ്ടയെ നേരിട്ട് വെല്ലുവിളിച്ച് കാനഡയിലെ ഫോസിൽ ഇന്ധന വ്യവസായത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടിയും വാദിക്കുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാനഡയുടെ സ്വത്വത്തെ തന്നെ പുനർനിർമിച്ചേക്കാം. ട്രൂഡോയ്ക്ക് അധികാരം നിലനിർത്താനും തൻ്റെ പുരോഗമന അജണ്ട തുടരാനും കഴിയുമോ, അതോ പൊയിലേവർ രാജ്യത്തെ യാഥാസ്ഥിതിക ജനകീയതയിലേക്ക് മാറ്റുമോ എന്നുമാണ് ലോകം ഉറ്റുനോക്കുന്നത്. കൂടാതെ, കൂട്ടുകക്ഷി സർക്കാരിന്‍റെ സാധ്യതകളും പലരും തള്ളിക്കളയുന്നില്ല. നിലവിലെ രാഷട്രീയ സാഹചര്യങ്ങളില്‍ സ്ഥാനമൊഴിയാൻ ട്രൂഡോയുടെ മേല്‍ സമ്മര്‍ദം വര്‍ധിക്കുന്നതുകൊണ്ട് തന്നെ അധികം വൈകാതെ തന്നെ തെരഞ്ഞെടുപ്പിന്‍റെ സാധ്യതകളും തള്ളിക്കളയാനാകില്ല.
ചിലി (നവംബര്‍ 16): 2025 നവംബര്‍ 16നാണ് ചിലിയില്‍ ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് നടക്കുക. ബാലറ്റേജ് സമ്പ്രദായത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഡിസംബര്‍ 14നാണ് നടക്കാൻ സാധ്യത. ഇതിനായി സ്ഥാനാർഥികൾ ആദ്യ റൗണ്ടിൽ വിജയിക്കാൻ 50% വോട്ടിൽ കൂടുതൽ നേടേണ്ടതുണ്ട്. 1993 മുതൽ, ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല.
ഇടതു വിശാല മുന്നണി സഖ്യത്തിൻ്റെ അജണ്ട നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് 2021-ൽ 35-ാം വയസിൽ തെരഞ്ഞെടുക്കപ്പെട്ട നിലവിലെ പ്രസിഡൻ്റും ചിലിയുടെ എക്കാലത്തെയും പ്രായം കുറഞ്ഞ പ്രസിഡൻ്റുമായ ഗബ്രിയേൽ ബോറിക്കിന് തുടർച്ചയായി രണ്ടാം തവണയും മത്സരിക്കാനാകില്ല. പാർലമെൻ്ററി പിന്തുണയുടെ അഭാവമാണ് അദ്ദേഹം ഈ വെല്ലുവിളി നേരിടാൻ കാരണം. ബോറിക്കിൻ്റെ കീഴിൽ, രണ്ട് വ്യത്യസ്‌ത ഭരണഘടനാ ഡ്രാഫ്റ്റുകൾ നിരസിച്ച ഏക രാജ്യം കൂടിയാണ് ചിലി.
2019ല്‍ രാജ്യത്തുണ്ടായ പ്രക്ഷോഭവും കൊവിഡ് മഹാമാരിയും സൃഷ്‌ടിച്ച ആഘാതങ്ങളില്‍ നിന്നും രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത വീണ്ടെടുക്കാൻ ചിലിക്കായിട്ടുണ്ട്. വിദേശ നിക്ഷേപം ഉയരുമ്പോഴും കുറ്റകൃത്യങ്ങള്‍ വർധിച്ചു വരുന്നത് വോട്ടർമാരുടെ പ്രധാന ആശങ്കയാണ്.
പുറത്തുവന്നുകൊണ്ടിരിക്കുന്ന മിക്ക പ്രവചനങ്ങളും രാജ്യത്ത് എവ്‌ലിൻ മത്തേയ് നയിക്കുന്ന വലതുപക്ഷ സഖ്യമായ ചിലി വാമോസിന് അനുകൂലമാണ്. 2013ൽ മിഷേൽ ബാച്ചലെറ്റിനെതിരെ പരാജയപ്പെട്ട അദ്ദേഹം ഇക്കുറി വിജയം നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്തേയ്‌ക്കെതിരെ മത്സരിപ്പിക്കാൻ ശക്തനായ എതിരാളിയെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് ഭരണപക്ഷം.