നെയ്‌റോബി (കെനിയ) : കെനിയയിലുണ്ടായ അതിഭീകരമായ വെള്ളപ്പൊക്കത്തിൽ 38 പേരോളം മരിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു. വെള്ളപ്പൊക്കം അടിയന്തരാവസ്ഥയിൽ നിന്ന് ദുരന്ത നിലയിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടി. ആഫ്രിക്കയിൽ പെയ്യുന്ന കനത്ത മഴ സാധാരണ വ്യാപാരത്തെയും താറുമാറാക്കി. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ മാത്തരെ ചേരിയിൽ ബുധനാഴ്‌ച രാത്രിയിൽ പെയ്‌ത മഴയിൽ ഒരാൾ മരിക്കുകയും ആറ് പേരെ കാണാതാവുകയും ചെയ്‌തു.
നിരവധി ആളുകള്‍ കടുത്ത വെള്ളപ്പൊക്കം കാരണം വീടുകളിൽ ഒറ്റപ്പെട്ടതായി സിൻഹുവ റിപ്പോർട്ട് ചെയ്‌തു. കൂടാതെ, നെയ്‌റോബിയുടെ മറ്റ് ഭാഗങ്ങളിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. കിറ്റെംഗേലയിലെ പ്രധാന പാലം ആതി നദിയിലെ വെള്ളം ഉയർന്നതിനാൽ വെള്ളത്തിനടിയിലായി.
ആയിരക്കണക്കിന് വ്യവസായികളും ഓഫിസ് ജീവനക്കാരും ഒറ്റപ്പെട്ടു. കിറ്റെംഗേലയിലേക്ക് വാഹനങ്ങൾക്ക് പോകാനോ അവിടെനിന്ന് പുറത്തേക്ക് വരാനോ കഴിയാത്ത സാഹചര്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അവശ്യ സാധനങ്ങള്‍ വാങ്ങാൻ സാധിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടനുഭവിച്ചുവെന്ന് ബിസിനസുകാരിയായ എമിലി കമാവു പറഞ്ഞു.'രണ്ട് ദിവസം മുമ്പ് എന്‍റെ ബിസിനസ് സ്ഥാപനത്തിന്‍റെ പരിസരം വെള്ളത്തിനടിയിലായി, എന്‍റെ സ്‌റ്റോക്കിന്‍റെ ഒരു ഭാഗം എനിക്ക് നഷ്‌ടപ്പെട്ടു' -എന്ന് അവർ പറഞ്ഞു.